നിയമസഭാ തിരഞ്ഞെടുപ്പ്: ഛത്തീസ്ഗഡില്‍ രാഹുലും മോദിയും ഇന്ന് നേര്‍ക്ക് നേര്‍

ആദ്യഘട്ട വോട്ടെടുപ്പിന് മുന്നോടിയായി ഛത്തീസ്ഗഡില്‍ ഇന്ന് ഇരുവരും പ്രചാരണം നടത്തും.  

Updated: Nov 9, 2018, 08:39 AM IST
 നിയമസഭാ തിരഞ്ഞെടുപ്പ്: ഛത്തീസ്ഗഡില്‍ രാഹുലും മോദിയും ഇന്ന് നേര്‍ക്ക് നേര്‍

ഛത്തീസ്​ഗഡ്: ലോകസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പില്‍ ശക്തി പ്രകടനത്തിനുള്ള തിരക്കിലാണ് ദേശീയ നേതൃത്വം. പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഹുല്‍ ഗാന്ധിയും ഇന്ന് ഛത്തീസ്ഗഡില്‍ പ്രചാരണത്തിനിറങ്ങും. ഇരുവരെ സംമ്പന്ധിച്ചും ലോകസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമി ഫൈനൽ പോരാട്ടം തന്നെയാണ് ഇത്.  

മോദിയും രാഹുലും നേര്‍ക്ക് നേര്‍ പോര് ഇന്ന് തുടങ്ങും. ആദ്യഘട്ട വോട്ടെടുപ്പിന് മുന്നോടിയായി ഛത്തീസ്ഗഡില്‍ ഇന്ന് ഇരുവരും പ്രചാരണം നടത്തും. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിലൂടെ പ്രഭാവം ഒട്ടും കുറഞ്ഞിട്ടില്ലെന്ന് തെളിയിക്കാൻ മോദി എല്ലാ അടവും പുറത്തെടുക്കും. പ്രധാനമന്ത്രിയുടെ 30 ലധികം റാലികള്‍ അഞ്ച് സംസ്ഥാനങ്ങളിലുമായി നടത്താനാണ് പാര്‍ട്ടി പദ്ധതിയിടുന്നത്. 

അതേസമയം കോണ്‍ഗ്രസിന്‍റെ യുവത്വത്തിന് മോദിയെ പോരിന് വിളിക്കാൻ ശേഷിയുണ്ടെന്ന് ബോധ്യപ്പെടുത്താനാകും രാഹുൽ ഗാന്ധിയുടെ ശ്രമം. രണ്ട് ദിവസം ഛത്തീസ് ഘട്ടില്‍ തങ്ങുന്ന രാഹുല്‍, മോദിക്ക് മറുപടി പറയാന്‍ നാളെ ജഗദാല്‍പൂരിലെത്തും. ഇന്ന് രാഹുലിന്‍റെ പര്യടനം മുഖ്യമന്ത്രി രമണ്‍ സിങ്ങിന്റെ മണ്ഡലമായ രാജ് നന്ദഗാവിലാണെന്നത് ശ്രദ്ധേയമാണ്. ഇന്ന് മണ്ഡലത്തില്‍ തങ്ങുന്ന രാഹുല്‍ അവിടെ റോഡ് ഷോയും നടത്തും.

നക്സൽ സ്വാധീന മേഖലയായ ബസ്തറിലെ ജഗദാൽ പൂരിലിൽ നിന്നാണ് അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മോദി തുടക്കമിടുന്നത്. കോണ്‍ഗ്രസ് പ്രചാരണം ഏശില്ലെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി ക്യാമ്പ്. സംസ്ഥാനങ്ങളിലെ ഭരണ വിരുദ്ധ വികാരം മോദി പ്രഭാവത്താൽ മറികടക്കാമെന്ന് കണക്ക് കൂട്ടുന്നു. 

തെലങ്കാന, മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഡ്, മിസോറാം, എന്നീ അഞ്ച് സംസ്ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ചത്തീസ്ഗഡില്‍ രണ്ട് ഘട്ടമായും മറ്റെല്ലാ സംസ്ഥാനങ്ങളിലും ഒറ്റ ഘട്ടമായും തിരഞ്ഞെടുപ്പ് നടക്കും. 

എല്ലാ സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍ ഡിസംബര്‍ 11നാണ്. ചത്തീസ്ഗഡില്‍ വോട്ടെടുപ്പ് രണ്ട് ഘട്ടമായാണ് നടക്കുക, ആദ്യ ഘട്ടം നവംബര്‍ 12 നും, രണ്ടാം ഘട്ടം നവംബര്‍ 20 നും നടക്കും. സുരക്ഷ കണക്കിലെടുത്താണ് ചത്തീസ്ഗഡില്‍ രണ്ട് ഘട്ടമായി വോട്ടെടുപ്പ് നടത്താന്‍ തീരുമാനിച്ചത്. മാവോയിസ്റ്റ് ശക്തികേന്ദ്രങ്ങളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുക.

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close