ഭോപ്പാല്‍ കൂട്ടബലാത്സംഗം: റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു

19 കാരി കൂട്ട ബലാത്സംഗത്തിനിരയായ കേസില്‍ രണ്ടാഴ്ചയ്ക്കം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജബല്‍പൂര്‍ ഹൈക്കോടതി ഉത്തരവിട്ടു. മധ്യപ്രദേശ് സര്‍ക്കാരിനോട് ഈ കേസില്‍ ഇതുവരെ കൈക്കൊണ്ട നടപടികള്‍ വിശദീകരിക്കാനാണ് ഉത്തരവിലൂടെ ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. 

Updated: Nov 13, 2017, 04:57 PM IST
ഭോപ്പാല്‍ കൂട്ടബലാത്സംഗം: റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു

ഭോപ്പാല്‍: 19 കാരി കൂട്ട ബലാത്സംഗത്തിനിരയായ കേസില്‍ രണ്ടാഴ്ചയ്ക്കം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജബല്‍പൂര്‍ ഹൈക്കോടതി ഉത്തരവിട്ടു. മധ്യപ്രദേശ് സര്‍ക്കാരിനോട് ഈ കേസില്‍ ഇതുവരെ കൈക്കൊണ്ട നടപടികള്‍ വിശദീകരിക്കാനാണ് ഉത്തരവിലൂടെ ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. 

റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രണ്ടാഴ്ച്ചത്തെ സമയവും ഹൈക്കോടതി അനുവദിച്ചിട്ടുണ്ട്. കൂടാതെ ഈ കേസില്‍ ഡോക്ടര്‍മാരുടെയും പോലീസിന്‍റെയും പങ്ക് വിശദീകരിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. 

മധ്യപ്രദേശിലെ സുൽത്താനിയ വനിതാ ആസ്പത്രിയിലെ രണ്ട് ഡോക്ടർമാര്‍, ബലാത്സംഗത്തിന് ഇരയായ 19 വയസുകാരിയായ പെണ്‍കുട്ടി സമ്മതത്തോടെയാണ് കുറ്റവാളികളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടത് എന്ന് പറഞ്ഞിരുന്നു. അതേത്തുടര്‍ന്ന് നവംബർ 11 ന് ഈ രണ്ടു ഡോക്ടർമാരെ സസ്പെൻഡ് ചെയ്തിരുന്നു.
 
കൂടാതെ, പൊതു ആരോഗ്യ കുടുംബക്ഷേമ കമ്മീഷണർ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ഗുരുതരമായ പിഴവ് വന്നിട്ടുണ്ട് എന്ന് ആരോപിച്ചിരുന്നു. 

ഈ മാസം ആദ്യ വാരമാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഐഎഎസ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പ് നടത്തുകയായിരുന്നു പെണ്‍കുട്ടി, കോച്ചിംഗ് ക്ലാസ്സില്‍നിന്നും മടങ്ങി വരുമ്പോളാണ് തട്ടിക്കൊണ്ടുപോയതും പീഡനത്തിനിരയാക്കിയതും. ഹബീബ്ഗംജ് റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം നടന്നത്. ഈ കേസില്‍ പ്രതികളായ നാലു പേരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിടിക്കപ്പെട്ട പ്രതികള്‍ ഗോളു ബിഹാരി, അമര്‍ ചന്തു, രാജേഷ്‌, രമേശ്‌ എന്നിവരാണ്‌. 
 
ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയുടെ അമ്മ പോലീസ് കോണ്‍സ്റ്റബിള്‍ ആണ്. പിതാവ് റെയില്‍വേ സുരക്ഷ സേനയിലും ജോലി ചെയ്യുന്നു. 

ഈ കേസിന്‍റെ പ്രാധാന്യം പരിഗണിച്ച് അതിവേഗ കോടതിയില്‍ വിചാരണ നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.