ജമ്മു കശ്മീര്‍: പിന്തുണ പിന്‍വലിച്ച് ബിജെപി, വൈകുന്നേരത്തോടെ മുഖ്യമന്ത്രി രാജി സമര്‍പ്പിക്കാന്‍ സാധ്യത

ജമ്മു കശ്മീരില്‍ പിഡിപി-ബിജെപി ബന്ധം അവസാനിച്ചു. സഖ്യം വേര്‍പിരിഞ്ഞതോടെ ബിജെപി മന്ത്രിമാര്‍ രാജിവെച്ചിരിക്കുകയാണ്.

Last Updated : Jun 19, 2018, 03:12 PM IST
ജമ്മു കശ്മീര്‍: പിന്തുണ പിന്‍വലിച്ച് ബിജെപി, വൈകുന്നേരത്തോടെ മുഖ്യമന്ത്രി രാജി സമര്‍പ്പിക്കാന്‍ സാധ്യത

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പിഡിപി-ബിജെപി ബന്ധം അവസാനിച്ചു. സഖ്യം വേര്‍പിരിഞ്ഞതോടെ ബിജെപി മന്ത്രിമാര്‍ രാജിവെച്ചിരിക്കുകയാണ്.

ഇന്ന് ന്യൂഡല്‍ഹിയില്‍ നടന്ന പത്ര സമ്മേളനത്തില്‍ സംസ്ഥാനത്തിന്‍റെ ചുമതലയുള്ള ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവാണ് സഖ്യം അവസാനിച്ച വിവരം മാധ്യമങ്ങളെ അറിയിച്ചത്. സഖ്യം തുടരാനാകില്ലെന്നും അതിനാലാണ് പിരിയുന്നതെന്നും രാം മാധവ് വ്യക്തമാക്കി. സഖ്യവുമായി മുന്നോട്ട് പോകുന്നത് ബിജെപിയ്ക്ക് യാതൊരു വിധത്തിലും ഗുണം ചെയ്യില്ലെന്നും രാം മാധവ് അഭിപ്രായപ്പെട്ടു.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ചൊവ്വാഴ്ച സംസ്ഥാനത്തെ ബിജെപി നേതാക്കളുമായി ദില്ലിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സഖ്യം വേര്‍പിരിയാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.

2014 അവസാനത്തോടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമാണ് പിഡിപി-ബിജെപി സഖ്യം രൂപീകരിച്ചത്. 

സഖ്യത്തിലായിരുന്നെങ്കിലും ഇരുപാര്‍ട്ടികളും തമ്മില്‍ വിവിധ വിഷയങ്ങളില്‍ കടുത്ത എതിര്‍പ്പ് നിലനിന്നിരുന്നു. കത്വ സംഭവത്തോടെ തുടര്‍ന്ന് ബിജെപി മന്ത്രിമാരെ പിന്‍വലിച്ചിരുന്നു. റമദാന് ശേഷം കശ്മീര്‍ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഇത് പിഡിപിയെ ചൊടിപ്പിച്ചിരുന്നു. ഇതാണ് പൊടുന്നനെ സഖ്യത്തിന്‍റെ വേര്‍പിരിയലിലേക്ക് നയിച്ചിരിക്കുന്നത്.

വളരെ അപ്രതീക്ഷിതമായി സഖ്യം അവസാനിപ്പിക്കാനുള്ള ബിജെപിയുടെ തീരുമാനം ദേശീയ രാഷ്ട്രീയത്തെ ആകമാനം അമ്പരപ്പിച്ചിരിക്കുകയാണ്.

അതേസമയം, ബിജെപി സഖ്യം വിട്ടതോടെ മെഹബൂബ മുഫ്തി സര്‍ക്കാരിന്‍റെ നിലനില്‍പ് അനിശ്ചിതത്വത്തിലായി. വൈകുന്നേരത്തോടെ മുഖ്യമന്ത്രി രാജി സമര്‍പ്പിക്ക്മെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകള്‍. കൂടാതെ സംസ്ഥാനത്ത് ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്താനാണ് സാധ്യത. ഒരു സഖ്യത്തിനും ജമ്മു കശ്മീരില്‍ ഭൂരിപക്ഷം നേടാന്‍ സാധിക്കാത്ത അവസ്ഥയാണ്‌ കഴിഞ്ഞ തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്.

 

 

Trending News