ലിംഗായത്ത് എംഎല്‍എമാരിലൂടെ ഭൂരിപക്ഷം ഉറപ്പിക്കാനുള്ള നീക്കത്തില്‍ ബിജെപി

ഇരുപാര്‍ട്ടികളിലേയും ലിംഗായത്ത് സമുദായക്കാരായ എംഎല്‍എമാരെ തങ്ങളുടെ ക്യംപിലെത്തിക്കാനുള്ള നീക്കങ്ങളാണ് ബിജെപി നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്  

Updated: May 17, 2018, 09:49 AM IST
 ലിംഗായത്ത് എംഎല്‍എമാരിലൂടെ ഭൂരിപക്ഷം ഉറപ്പിക്കാനുള്ള നീക്കത്തില്‍ ബിജെപി

ബംഗളൂരു: യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ ചടങ്ങിന് സുപ്രീംകോടതി തടസ്സം നിന്നില്ലെങ്കിലും എത്രയും പെട്ടെന്ന് നിയമസഭയില്‍ ഭൂരിപക്ഷം ഉറപ്പിക്കാനുള്ള നീക്കങ്ങളിലാണ് ബിജെപി. 

തങ്ങളുടെ എംഎല്‍എമാരെ ബിജെപി റാഞ്ചുന്നത് തടയാന്‍ കോണ്‍ഗ്രസും-ജെഡിഎസും പ്രതിരോധം തീര്‍ത്തിട്ടുണ്ടെങ്കിലും ഇരുപാര്‍ട്ടികളിലേയും ലിംഗായത്ത് സമുദായക്കാരായ എംഎല്‍എമാരെ തങ്ങളുടെ ക്യംപിലെത്തിക്കാനുള്ള നീക്കങ്ങളാണ് ബിജെപി നടത്തുന്നതെന്ന് ദേശീയമാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 

കോണ്‍ഗ്രസിലും ജെഡിഎസിലുമായി ഒരു ഡസനിലേറെ ലിംഗായത്ത് എംഎല്‍എമാരാണുള്ളത്. ഇവരില്‍ ഭൂരിപക്ഷവും സമുദായത്തിലെ ഏറ്റവും ഉന്നത നേതാവായ യെദ്യൂരപ്പയെ മുഖ്യമന്ത്രിയായി അംഗീകരിക്കുമെന്നാണ് ബിജെപി നേതാക്കളുടെ പ്രതീക്ഷ. ലിംഗായത്ത് സമുദായത്തിന് സിദ്ധരാമയ്യ സര്‍ക്കാര്‍ മതപദവി നല്‍കിയിരുന്നുവെങ്കിലും പതിവ് പോലെ ഇക്കുറിയും അവരുടെ വോട്ടുകള്‍ ബിജെപിയിലേക്കാണ് എത്തിയത്. 

വൊക്കലിംഗ സമുദായത്തില്‍ഉള്‍പ്പെട്ട കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കുന്നതിനെ കോണ്‍ഗ്രസില്‍ എംഎല്‍എമാര്‍ അംഗീകരിക്കില്ലെന്ന് ബിജെപി കണക്കുകൂട്ടുന്നു. ഇവരെ കൂടാതെ സഭയില്‍ വിശ്വാസവോട്ടെടുപ്പ് നടക്കുന്ന പക്ഷം മൂന്നോ നാലോ എംഎല്‍എമാരെ കൂടി ഒപ്പം നിര്‍ത്താന്‍ ബിജെപി ലക്ഷ്യമിടുന്നുണ്ട്. ഇതിനുള്ള നീക്കങ്ങളും അണിയറയില്‍ സജീവമാണെന്നാണ് സൂചന.