സിബിഎസ്ഇ റാങ്കുകാരിയെ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗത്തിനിരയായി

ഹരിയാനയിലാണ് 12 പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവം നടന്നത്.

Updated: Sep 14, 2018, 06:58 PM IST
സിബിഎസ്ഇ റാങ്കുകാരിയെ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗത്തിനിരയായി

ഗുരുഗ്രാം: സിബിഎസ്ഇ റാങ്കുകാരിയും ബിരുദ വിദ്യാര്‍ഥിനിയുമായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗത്തിനിരയാക്കി. 

ഹരിയാനയിലാണ് 12 പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവം നടന്നത്.വ്യാഴാഴ്ച കോച്ചിംഗ് സെന്‍ററിലേക്ക് പോകുന്ന വഴിയാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയത്. 

മൂന്ന് പേര്‍ ചേര്‍ന്ന് ബലം പ്രയോഗിച്ച് പെണ്‍കുട്ടിയെ സമീപത്തെ വയലിലേക്ക് കൊണ്ടുപോകുകയും അവിടെ വെച്ച് ബലാത്സംഗത്തിന് ഇരയാക്കുകയുമായിരുന്നു.

ഇവരെ കൂടാതെ അവിടെയുണ്ടായിരുന്ന മറ്റ് ചിലരും തന്നെ പീഡിപ്പിച്ചുവെന്നും ഇവരെല്ലാം തന്‍റെ ഗ്രാമത്തിലുള്ളവര്‍ തന്നെയാണെന്നും പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. 

കണ്ടെത്തുമ്പോള്‍ ബോധരഹിതയായി ബസ് സ്റ്റാന്‍ഡില്‍ കിടക്കുകയായിരുന്ന പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിബിഎസ്ഇ ബോര്‍ഡ് പരീക്ഷയില്‍ റാങ്ക്നേടുകയും രാഷ്ട്രപതിയുടെ അനുമോദനം ലഭിക്കുകയും ചെയ്ത പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്.

അതേസമയം, പരാതി സ്വീകരിക്കാന്‍ സ്ഥലത്തെ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് മറ്റൊരു പൊലീസ് സ്റ്റേഷനിലാണ് പരത്തി നല്‍കിയതെന്ന് വിദ്യാര്‍ഥിനിയുടെ മാതാപിതാക്കള്‍ ആരോപിച്ചു.

കുറ്റകൃത്യം നടന്ന സ്ഥലപരിധിയിലുള്ള സ്റ്റേഷനിലല്ലാത്തത് കൊണ്ട് സീറോ എഫ്‌ഐആര്‍ ആണ് ഫയല്‍ ചെയ്തതെന്ന് പരാതി സ്വീകരിച്ച സ്‌റ്റേഷനിലെ പോലീസുദ്യോഗസ്ഥന്‍ പറഞ്ഞു. കേസ് കൃത്യം നടന്ന സ്ഥലത്തെ പോലീസ് സ്‌റ്റേഷനിലേക്ക് ഉടനെ മാറ്റുമെന്നാണ് സൂചന.