മത്സരിക്കാന്‍ സെലിബ്രിറ്റികളും! അണിയറയില്‍ തയ്യാറെടുത്ത് ബിജെപി

ഇവരെക്കൂടാതെ തിരഞ്ഞെടുപ്പിനോടടുത്ത് മറ്റ് പല പ്രമുഖരും പാര്‍ട്ടിയ്ക്ക് വേണ്ടി മത്സരിക്കുമെന്നും ബിജെപി വൃത്തങ്ങള്‍ അറിയിച്ചു.

Last Updated : Jul 15, 2018, 12:36 PM IST
മത്സരിക്കാന്‍ സെലിബ്രിറ്റികളും! അണിയറയില്‍ തയ്യാറെടുത്ത് ബിജെപി

ന്യൂഡല്‍ഹി: അടുത്തവര്‍ഷം നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ വന്‍ മാര്‍ജിനില്‍ വിജയിച്ച് ഭരണം നിലനിര്‍ത്തുകയല്ലാതെ മറ്റൊന്നും ബിജെപി ലക്ഷ്യം വെയ്ക്കുന്നില്ല. 

അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധ തലങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച സെലിബ്രിറ്റികളെയാണ് ബിജെപി സ്ഥാനാര്‍ത്ഥികളായി നിര്‍ത്തുന്നത്.

ബോളിവുഡ് താരങ്ങള്‍, ക്രിക്കറ്റ് നായകര്‍, നവസംരംഭകര്‍, പദ്മ അവാര്‍ഡ് ജേതാക്കള്‍ എന്നിവരെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനാണ് ബിജെപി നേതൃത്വത്തിന്‍റെ തീരുമാനം.

ബോളിവുഡില്‍ നിന്ന്‍ അക്ഷയ്കുമാര്‍, അനുപം ഖേര്‍, നാനാ പടേക്കര്‍, പരേഷ് റാവല്‍ എന്നിവരെയാകും മത്സരിപ്പിക്കാന്‍ സാദ്ധ്യത. 

ഗായകരായ മനോജ്‌ തിവാരി, ബാബുള്‍ സുപ്രിയോ, എഴുത്തുകാരന്‍ പ്രതാപ് സിന്‍ഹ, ആഭ്യന്തര വകുപ്പ് മുന്‍ സെക്രട്ടറി ആര്‍. കെ സിംഗ് എന്നിവരെയാണ് ബിജെപി നേതൃത്വം സ്ഥാനാര്‍ത്ഥികളായി പരിഗണിക്കുന്ന മറ്റ് പ്രമുഖര്‍. 

ഇവരെക്കൂടാതെ തിരഞ്ഞെടുപ്പിനോടടുത്ത് മറ്റ് പല പ്രമുഖരും പാര്‍ട്ടിയ്ക്ക് വേണ്ടി മത്സരിക്കുമെന്നും ബിജെപി വൃത്തങ്ങള്‍ അറിയിച്ചു.

ഇതുവരെ സീറ്റ് നേടാന്‍ കഴിയാത്ത മണ്ഡലങ്ങളില്‍ താരപരിവേഷമുള്ള സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ച് സീറ്റ് നേടിയെടുക്കാനാണ് ബിജെപി ശ്രമിക്കുന്നത്. 

ഇതിലൂടെ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നേടിയ 232 എന്ന മാന്ത്രിക സംഖ്യയേക്കാള്‍ ഭൂരിപക്ഷം നേടാനാകുമെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്‍.

Trending News