ചന്ദന്‍ മിത്ര തൃണമൂല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു

പാര്‍ട്ടി നേതൃത്വത്തിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് രാജിവയ്ക്കുകയാണെന്ന് കാണിച്ച് ചന്ദന്‍ മിത്ര കഴിഞ്ഞയാഴ്ച്ച പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായ്ക്ക് കത്ത് നല്‍കിയിരുന്നു.  

Last Updated : Jul 21, 2018, 05:09 PM IST
ചന്ദന്‍ മിത്ര തൃണമൂല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു

കൊല്‍ക്കത്ത: ബിജെപി നേതാവും മുന്‍ രാജ്യസഭാംഗവുമായ ചന്ദന്‍ മിത്ര തൃണമൂല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. ബിജെപി നേതൃത്വത്തില്‍ നിന്നും പ്രധാനമന്ത്രിയില്‍ നിന്നും നേരിടുന്ന അവഗണനയില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിടുകയാണെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു

മുതിര്‍ന്ന നേതാവ് എല്‍.കെ.അദ്വാനിയുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന വ്യക്തിയാണ്‌ ചന്ദന്‍ മിത്ര. പാര്‍ട്ടി നേതൃത്വത്തിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് രാജിവയ്ക്കുകയാണെന്ന് കാണിച്ച് ചന്ദന്‍ മിത്ര കഴിഞ്ഞയാഴ്ച്ച പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായ്ക്ക് കത്ത് നല്‍കിയിരുന്നു. അമിത് ഷാ രാജി സ്വീകരിച്ചതായി സ്ഥിരീകരണമുണ്ടായിരുന്നില്ല. അതിനിടെയാണ് ചന്ദന്‍ മിത്ര തൃണമൂലില്‍ ചേര്‍ന്നത്‌.

മധ്യപ്രദേശില്‍ നിന്ന് 2003ലും 2010ലും രാജ്യസഭാ എംപിയായ ചന്ദന്‍ മിത്ര 2016ല്‍ ഹൂഗ്ലിയില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ മത്സരിച്ചെങ്കിലും കെട്ടിവച്ച കാശ് പോയി. ദി പയനിയര്‍ പത്രത്തിന്‍റെ എഡിറ്ററും മാനേജിംഗ് എഡിറ്ററുമാണ് ചന്ദന്‍ മിത്ര.

ചന്ദന്‍ മിത്രയ്‌ക്കൊപ്പം പശ്ചിമബംഗാളില്‍ നിന്നുള്ള സമര്‍ മുഖര്‍ജി, അബു താഹിര്‍, സബിനാ യാസ്മിന്‍, അഖ്‌റുസ്മാന്‍ എന്നീ കോണ്‍ഗ്രസ് എം.എല്‍.എമാരും തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടുണ്ട്.

തൃണമൂല്‍ കോണ്‍ഗ്രസ് രക്തസാക്ഷിദിനമായ ഇന്ന് നടന്ന വിപുലമായ പരിപാടിയിലാണ് അഞ്ചുപേരും പാര്‍ട്ടിയംഗത്വം സ്വീകരിച്ചത്. 1993 ലെ കൊല്‍ക്കത്ത വെടിവെയ്പിന്‍റെ സ്മരാണര്‍ഥം സഘടിപ്പിച്ച രക്തസാക്ഷിത്വ ദിനത്തിലാണ് ഇവര്‍ തൃണമൂലില്‍ ചേര്‍ന്നത്‌‌.

Trending News