"കുടുംബവും കുട്ടികളും ഇല്ലാത്തവര്‍ക്ക് തന്‍റെ മകനെ പറയാന്‍ അവകാശമില്ല": ചന്ദ്ര ബാബു നായിഡു

കഴിഞ്ഞ ദിവസം ആന്ധ്രയില്‍ നടന്ന റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വ്യക്തിപരമായ ആക്ഷേപങ്ങള്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും ടിഡിപി അദ്ധ്യക്ഷനുമായ ചന്ദ്രബാബു നായിഡു. 

Last Updated : Feb 11, 2019, 03:33 PM IST
"കുടുംബവും കുട്ടികളും ഇല്ലാത്തവര്‍ക്ക് തന്‍റെ മകനെ പറയാന്‍ അവകാശമില്ല": ചന്ദ്ര ബാബു നായിഡു

ഗുണ്ടൂര്‍: കഴിഞ്ഞ ദിവസം ആന്ധ്രയില്‍ നടന്ന റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വ്യക്തിപരമായ ആക്ഷേപങ്ങള്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും ടിഡിപി അദ്ധ്യക്ഷനുമായ ചന്ദ്രബാബു നായിഡു. 

തന്നെ "ലോകേഷിന്‍റെ അച്ഛന്‍" എന്ന് വിളിച്ച് അഭിസംബോധ ചെയ്തതാണ് നായിഡുവിനെ ചൊടിപ്പിച്ചത്. വിജയവാഡയില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേ ആണ് അദ്ദേഹം മോദിയ്ക്കെതിരെ വിമര്‍ശനമുതിര്‍ത്തത്. 

മോദി ഭാര്യയെ ഉപേക്ഷിച്ചതാണെന്നും കുടുംബത്തെ ബഹുമാനിക്കുന്ന ആളല്ലെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു. "നിങ്ങള്‍ ഭാര്യയെ ഉപേക്ഷിച്ച ആളാണ്. കുടുംബ ബന്ധത്തില്‍ നിങ്ങള്‍ക്ക് എന്തെങ്കിലും ബഹുമാനം ഉണ്ടോ. മോദിക്ക് കുടുംബവുമില്ല, മകനുമില്ല. നിങ്ങള്‍ എന്‍റെ മകനെ കുറിച്ച് പറഞ്ഞത് കൊണ്ടാണ് നിങ്ങളുടെ ഭാര്യയെ കുറിച്ച് പറയുന്നത്. മോദിക്ക് ഒരു ഭാര്യ ഉണ്ടെന്ന് ജനങ്ങള്‍ക്ക് അറിയാമോ? അവരുടെ പേര് യശോദാബെന്‍ എന്നാണ്" ചന്ദ്രബാബു നായിഡു പറഞ്ഞു. അതേസമയം താന്‍ കുടുംബത്തെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ആളാണെന്ന് ചന്ദ്രബാബു കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രീയത്തില്‍ തന്നെക്കാള്‍ മുതിര്‍ന്ന ആളാണെന്നാണ് ചന്ദ്രബാബു നായിഡുവിന്‍റെ അവകാശവാദം. അതുശരിയാണ്, മറുകണ്ടം ചാടുന്നതിലും പുതിയ സഖ്യം രൂപീകരിക്കുന്നതിലും അദ്ദേഹത്തിന് തന്നെക്കാള്‍ പ്രവര്‍ത്തന പരിചയമുണ്ട്. സ്വന്തം ഭാര്യപിതാവിനെ പോലും പിന്നില്‍ നിന്ന കുത്തിയ ആളാണ് ചന്ദ്രബാബു നായിഡുവെന്നും നരേന്ദ്ര മോദി പറഞ്ഞു.

2014ലെ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ യുടെ ഭാഗമായിരുന്നു ടിഡിപി. തിരഞ്ഞെടുപ്പില്‍ കനത്ത വിജയം നേടാനും സഖ്യത്തിന് കഴിഞ്ഞിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് വേളയില്‍ നല്‍കിയ വാഗ്ദാനമായ "ആന്ധ്രയ്ക്ക് പ്രത്യേക പദവി" നല്‍കാത്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ വര്‍ഷമാണ് ചന്ദ്രബാബു നായിഡുവിന്‍റെ ടിഡിപി എന്‍ഡിഎ മുന്നണി വിട്ടത്. 

അതേസമയം, ടിഡിപി, എന്‍ഡിഎ വിട്ടതിന് ശേഷം ആദ്യമായി ആന്ധ്രയിലെത്തിയ മോദി ബിജെപി വിരുദ്ധ പ്രതിപക്ഷ ഐക്യത്തിന്‍റെ ശക്തനായ വക്താവായി മാറിയ ചന്ദ്രബാബു നായിഡുവിനെതിരെ നേരിട്ട് കടന്നാക്രമണം നടത്തുകയായിരുന്നു.

 

Trending News