ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം.ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കുന്നത് സംബന്ധിച്ച വിഷയം ചര്‍ച്ച ചെയ്യാന്‍ കൊളീജിയം ഇന്ന് വീണ്ടും ചേരും. വൈകുന്നേരം 4.15ന് സുപ്രീം കോടതി പരിസരത്ത് തന്നെയാണ് യോഗം ചേരുക.
ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലാണ് യോഗം. മുതിര്‍ന്ന ജഡ്ജിമാരായ ജെ. ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗൊയ്, മദന്‍ ബി.ലോക്കൂര്‍, കുര്യന്‍ ജോസഫ് എന്നിവരടങ്ങുന്നതാണ് സുപ്രീംകോടതി കൊളീജിയം.
കെ.എം ജോസഫിനെ സുപ്രിംകോടതി ജഡ്ജിയായി കൊളീജിയം വീണ്ടും ശുപാര്‍ശ ചെയ്യാനാണ് സാധ്യത. കാരണം, കെ.എം ജോസഫിനെ സുപ്രിംകോടതി ജഡ്ജിയായി ഉയര്‍ത്താനുള്ള ശുപാര്‍ശയില്‍ കൊളീജിയം ഉറച്ചുനില്‍ക്കുമെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ് മുന്‍പ് പറഞ്ഞിരുന്നു. കൊളീജിയത്തിന്‍റെ ശുപാര്‍ശ മടക്കിക്കൊണ്ട് സര്‍ക്കാര്‍ നല്‍കിയ കത്തിന് വസ്തുതകളും കീഴ്‌വഴക്കങ്ങളും ചൂണ്ടിക്കാട്ടി മറുപടി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ആഴ്ച കൊളീജിയം നല്‍കിയ നിയമന ശുപാര്‍ശയില്‍ കെ.എം.ജോസഫിന്‍റെത് കേന്ദ്രസര്‍ക്കാര്‍ തിരിച്ചയച്ചിരുന്നു. അതേസമയം, കെ.എം.ജോസഫിനൊപ്പം ശുപാര്‍ശ ചെയ്ത ഇന്ദു മല്‍ഹോത്ര സുപ്രീംകോടതി ജഡ്ജിയായി ഏപ്രില്‍ 27ന് സത്യപ്രതിജ്ഞ ചെയ്തിരുന്നു.
ജസ്റ്റിസ് കെ.എം. ജോസഫിനേക്കാള്‍ സീനിയറും യോഗ്യരുമായ ചീഫ് ജസ്റ്റിസുമാര്‍ വേറെ ഉണ്ടെന്നും കേരളാ ഹൈക്കോടതിക്ക് മതിയായ പ്രാതിനിധ്യമുണ്ടെന്നുമുള്ള ന്യായീകരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കൊളീജിയം ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ മടക്കിയത്.
ദേശീയതലത്തിലുള്ള ജഡ്ജിമാരുടെ സീനിയോറിറ്റി പട്ടികയില്‍ കെ.എം ജോസഫിന്‍റെ സ്ഥാനം 42 ആണെന്നും അദ്ദേഹത്തേക്കാള്‍ സീനിയറായ 12 ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുണ്ടെന്നും നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് സുപ്രിംകോടതി ചീഫ് ജസ്റ്റീസ് ദീപക് മിശ്രക്ക് നല്‍കിയ വിശദീകരണത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ജസ്റ്റിസ് കെ.എം. ജോസഫിന്‍റെ നിയമനം നിരാകരിച്ചത് കേന്ദ്രസര്‍ക്കാരിന്‍റെ പ്രതികാര നടപടിയുടെ ഭാഗമായാണെന്ന ആരോപണ.വും ഉയര്‍ന്നിരുന്നു. ജോസഫിനെ സുപ്രീംകോടതി ജഡ്ജിയാക്കണമെന്ന് ഏകകണ്ഠമായാണ് കഴിഞ്ഞ ജനുവരി പത്തിന് കൊളീജിയം തീരുമാനമെടുത്തത്. ജോസഫിന്‍റെ നിയമനക്കാര്യത്തില്‍ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടാണ് കൊളീജിയത്തിനുളളത്.
ഇതാദ്യമായല്ല ജോസഫിനെതിരെ കേന്ദ്രം നിലപാടെടുത്തത് എന്നതും ശ്രദ്ധേയമാണ്. മുന്‍പ്, ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി കെ.എം.ജോസഫിനെ ആന്ധ്ര, തെലങ്കാന ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റാനുളള ശുപാര്‍ശ കേന്ദ്രം അംഗീകരിച്ചിരുന്നില്ല.
The #SupremeCourt collegium meeting is likely to take place today which may again recommend the name of the #UttarakhandHighCourt Chief Justice #KMJoseph for elevation as a judge of the apex court.
Read @ANI Story | https://t.co/sUAzqEvWsK pic.twitter.com/faHsZThWmG
— ANI Digital (@ani_digital) May 2, 2018