ലക്ഷ്യം തിരഞ്ഞെടുപ്പ്; ചൂടന്‍ ചര്‍ച്ചകളുമായി കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി

കോൺഗ്രസ് അദ്ധ്യക്ഷനായി രാഹുൽ ഗാന്ധി തെരഞ്ഞെടുക്കപ്പെട്ടതിനുശേഷമുള്ള ആദ്യ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി (സി.ഡബ്ല്യു.സി) യോഗം ന്യൂഡല്‍ഹിയില്‍ ആരംഭിച്ചു.

Last Updated : Jul 22, 2018, 12:53 PM IST
ലക്ഷ്യം തിരഞ്ഞെടുപ്പ്; ചൂടന്‍ ചര്‍ച്ചകളുമായി കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി

ന്യൂഡല്‍ഹി: കോൺഗ്രസ് അദ്ധ്യക്ഷനായി രാഹുൽ ഗാന്ധി തെരഞ്ഞെടുക്കപ്പെട്ടതിനുശേഷമുള്ള ആദ്യ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി (സി.ഡബ്ല്യു.സി) യോഗം ന്യൂഡല്‍ഹിയില്‍ ആരംഭിച്ചു.

മദ്ധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്‌ എന്നീ സംസ്ഥാനങ്ങളിലും ലോക്സഭയിലേക്കും നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ കൂടുതല്‍ പ്രാധാന്യം നല്‍കുക.

ലോക്സഭയില്‍ നരേന്ദ്ര മോദി സർക്കാരിനെതിരെ നടത്തിയ അവിശ്വാസ പ്രമേയ നടപടികള്‍ക്ക് ശേഷം നടക്കുന്ന ഉഭയകക്ഷി യോഗമെന്ന പ്രത്യേകതയും ഇന്ന് ചേരുന്ന യോഗത്തിനുണ്ട്. 

അവിശ്വാസ പ്രമേയ ചര്‍ച്ചകള്‍ക്കിടയില്‍ പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാഹുല്‍ ഗാന്ധി ആലിംഗനം ചെയ്ത സംഭവവും ബിജെപിയ്ക്കെതിരെ രാഹുല്‍ നടത്തിയ കടന്നാക്രമണവും 2019ലെ പാർലമെന്റ് തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്കനുകൂലമാക്കി മാറ്റാനുമുള്ള കാര്യങ്ങള്‍ സി.ഡബ്ല്യു.സിയില്‍ ചര്‍ച്ച ചെയ്യും.

രാജ്യത്തെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങളും ദളിതുകള്‍, ആദിവാസികള്‍, ന്യൂനപക്ഷങ്ങള്‍, ദരിദ്രര്‍ എന്നിവരുടെ മേലുള്ള ബിജെപിയുടെ അക്രമങ്ങളും വര്‍ക്കിംഗ് കമ്മിറ്റിയില്‍ വിലയിരുത്തും.

കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ വരുത്തേണ്ട മാറ്റങ്ങളെ സംബന്ധിച്ച നിര്‍ണായക ചര്‍ച്ചയും അജണ്ടയുടെ ഭാഗമാണ്. ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച് കെപിസിസി തയാറാക്കിയ റിപ്പോര്‍ട്ടും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ചര്‍ച്ചയ്‌ക്കെടുക്കും. 

 

 

ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള കേരള നേതാക്കളെ ദേശീയ സമിതിയില്‍ ഉള്‍പ്പെടുത്തിയതിനുശേഷം ചേരുന്ന ആദ്യയോഗമെന്ന പ്രത്യേകതയുമുണ്ട്. യോഗത്തില്‍ കെപിസിസി അദ്ധ്യക്ഷന്‍ എം. എം ഹസന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരും പങ്കെടുക്കുന്നുണ്ട്.

കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ചേരുന്ന യോഗത്തില്‍ സമിതിയംഗങ്ങളായ എ. കെ ആന്റണി, കെ. സി വേണുഗോപാല്‍, സ്ഥിരം ക്ഷണിതാവ് പി. സി ചാക്കോ എന്നിവരും പങ്കെടുക്കും. ഈ സാഹചര്യത്തില്‍ സംസ്ഥാന അദ്ധ്യക്ഷന്‍റെ നിയമനം സംബന്ധിച്ച തീരുമാനം ഉണ്ടായേക്കുമെന്നാണ് സൂചന.

Trending News