ഗൗരി ലങ്കേഷിനു നേരെ വെടിയുതിര്‍ത്തയാള്‍ പിടിയില്‍

മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. 

Last Updated : Jun 12, 2018, 05:33 PM IST
ഗൗരി ലങ്കേഷിനു നേരെ വെടിയുതിര്‍ത്തയാള്‍ പിടിയില്‍

ബംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. 

ഗൗരി ലങ്കേഷിനു നേരെ വെടിയുതിര്‍ത്തതെന്ന് സംശയിക്കുന്ന ഇയാളെ മഹാരാഷ്ട്രയില്‍നിന്നാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. 

പ്രതി മറാത്തി സംസാരിക്കുമെന്നതല്ലാതെ ഇയാളെ സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ അന്വേഷണ സംഘം വെളിപ്പെടുത്തിയിട്ടില്ല. ഗൗരി ലങ്കേഷിന്‍റെ വധവുമായി ബന്ധപ്പെട്ട് ലഭ്യമായ സിസിടിവി ദൃശ്യങ്ങളിലെ പ്രതികളുമായി പൊരുത്തപ്പെടുന്ന ഇയാളെ വിശദമായി ചോദ്യംചെയ്ത ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ സാധിക്കൂവെന്ന് അന്വേഷണ സംഘം അറിയിച്ചു. 

സംഭവ സ്ഥലത്ത് നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തില്‍ പ്രതികളുടെ രൂപരേഖ പോലീസ് തയ്യാറാക്കിയിരുന്നു. സനാതന്‍ സന്‍സ്ഥ, ഹിന്ദു ജനജാഗ്രതി സമിതി എന്നീ തീവ്രസ്വഭാവമുള്ള സംഘടനകളില്‍പ്പെട്ടവരാണ് ഗൗരി ലങ്കേഷ് കേസിലെ പ്രതികള്‍. ഇതില്‍, കെ.ടി നവീന്‍കുമാര്‍ എന്ന ഹിന്ദു യുവസേന പ്രവര്‍ത്തകന്‍ അടക്കം അഞ്ചു പേര്‍ക്കെതിരെയാണ് ഗൗരി ലങ്കേഷ് വധവുമായി ബന്ധപ്പെട്ട് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

ഗൗരി ലങ്കേഷിനെ വധിച്ച 7.65 എംഎം നാടന്‍ തോക്കുപയോഗിച്ചാണ് എഴുത്തുകാരനും പണ്ഡിതനുമായ എംഎം കല്‍ബുര്‍ഗിയെയും കൊലപ്പെടുത്തിയതെന്ന് ഫോറന്‍സിക് പരിശോധനാ ഫലത്തില്‍ നിന്ന് വ്യക്തമായിരുന്നു. 

പ്രത്യേക അന്വേഷണ സംഘം കുറ്റപത്രത്തോടൊപ്പം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇക്കാര്യവും വ്യക്തമാക്കിയിട്ടുണ്ട്.

 

Trending News