പുക മലിനീകരണം: ഡല്‍ഹിയില്‍ ഞായറാഴ്ചവരെ സ്കൂളുകള്‍ക്ക് അവധി

ദേശീയ തലസ്ഥാന നഗരിയില്‍ വായുമലിനീകരണത്തിന്‍റെ തോത് ക്രമാതീതമായി ഉയര്‍ന്നിരിക്കുന്നു. ഡല്‍ഹിയിലെ വായുവിന്‍റെ നിലവാരം കൂടുതല്‍ വിഷാംശമുള്ളതായി മാറിക്കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.

Updated: Nov 8, 2017, 04:51 PM IST
പുക മലിനീകരണം: ഡല്‍ഹിയില്‍ ഞായറാഴ്ചവരെ സ്കൂളുകള്‍ക്ക് അവധി

ന്യൂഡല്‍ഹി: ദേശീയ തലസ്ഥാന നഗരിയില്‍ വായുമലിനീകരണത്തിന്‍റെ തോത് ക്രമാതീതമായി ഉയര്‍ന്നിരിക്കുന്നു. ഡല്‍ഹിയിലെ വായുവിന്‍റെ നിലവാരം കൂടുതല്‍ വിഷാംശമുള്ളതായി മാറിക്കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.

തലസ്ഥാനത്തെ മലിനീകരണം ഏറ്റവും അപകടകരമായ സ്ഥിതിയിലെത്തിയ സാഹചര്യത്തില്‍ ഞായറാഴ്ചവരെ സ്കൂളുകള്‍ക്ക് അവധി നല്‍കിയതായി 
ഡല്‍ഹി ഉപമുഖ്യമന്ത്രി മനിഷ് സിസോദിയ അറിയിച്ചു. അഞ്ചാം ക്ലാസിന് മുകളിലുള്ള വിദ്യാര്‍ഥികള്‍കള്‍ക്ക് അസംബ്ലിയടക്കം ക്ലാസ് റൂമുകള്‍ക്ക് പുറത്തുള്ള പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്നും ഔദ്യോഗിക വൃത്തങ്ങള്‍ നിര്‍ദ്ദേശിച്ചു.

രാവിലെ കാണപ്പെട്ട കടുത്ത പുക മലിനീകരണം വാഹനഗതാഗതത്തെയും സാരമായി തടസ്സപ്പെടുത്തിയിരുന്നു.

ബുധനാഴ്ച പുലര്‍ച്ചെയോടെ വായുവിന്റെ ഗുണനിലവാര സൂചിക (എക്യുഐ) വളരെ മോശം നിലയിലേയ്ക്ക് (480) എത്തി. പൂജ്യം മുതല്‍ 50 വരെയാണ് മികച്ച നിലവാരമായി കണക്കാക്കുന്നത്. ലോകാരോഗ്യസംഘടനയുടെ സുരക്ഷിത നിലയില്‍നിന്നും 30 മടങ്ങ്‌ മുകളിലാണ് ഇപ്പോഴത്തെ മലിനീകരണ തോത്.

കൂടാതെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഡല്‍ഹിയില്‍ ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. കഴിവതും വെളിയിലത്തെ പരിപാടികള്‍ ഒഴിവാക്കാനും രാവിലത്തെ നടത്തം ഒഴിവാക്കാനും നിര്‍ദ്ദേശമുണ്ട്. 

മലിനീകരണത്തിന്‍റെ മുഖ്യ കാരണമായി പറയുന്നത് പഞ്ചാബ്‌ ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ള പുക നിറഞ്ഞ കാറ്റാണ്. കൊയ്ത്തുകാലത്തിനു ശേഷം അടുത്ത കൃഷിയിറക്കുന്നതിനുമുന്‍പ് കൃഷിയിടത്തെ അവശേഷിച്ച വൈക്കോല്‍ കത്തിക്കുന്ന പതിവ് ഇവിടങ്ങളില്‍ സാധാരണമാണ്. തലസ്ഥാനത്തെ ഈ കാലയളവിലെ മലിനീകരണത്തിന്‍റെ മുഖ്യ കാരണം ഇതാണ്. നാസയില്‍നിന്നുള്ള ഉപഗ്രഹ ചിത്രങ്ങള്‍ ഇതിന് വ്യക്തമായ തെളിവാണ്. കൂടാതെ ദീപാവലി ആഘോഷം കൂടി ഒരു മുഖ്യ പങ്കു വഹിച്ചു.

തലസ്ഥാനത്തെ പുക മലിനീകരണത്തിന്‍റെ മുഖ്യ കാരണക്കാര്‍ നാല് അയല്‍ സംസ്ഥാനങ്ങളാണെന്ന് നേരത്തെതന്നെ ട്രിബ്യൂണല്‍ ചൂണ്ടികാട്ടിയിരുന്നു. യുപി, ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളാണ് അവ. 

ഡല്‍ഹിയിലെ വായുവിന്‍റെ ഗുണമേന്മ (എയര്‍ ക്വാളിറ്റി ഇന്‍ഡെക്‌സ്) വളരെ താഴെയാണ്. എ.ക്യു.ഐ. പി.എം 2.5 എത്തിയാല്‍ അത് ആരോഗ്യമുള്ളവരെ പോലും പ്രതികൂലമായി ബാധിച്ചേക്കാമെന്ന് വിദഗ്ധര്‍ പറയുന്നു.

വായുവിന്‍റെ നിലവാരം ക്വാളിറ്റി ഇന്‍ഡെക്‌സ് (എ.ക്യു.ഐ.) 0-50 'നല്ലത്', 51-100 'തൃപ്തികരം'  101-200 'മിതത്വം' 201-300 'മോശം' 301-400 'വളരെ മോശം'  401 ന് മുകളില്‍ 'കഠിനം' എന്നിങ്ങനെയാണ് വേര്‍തിരിച്ചിട്ടുള്ളത്.