എയര്‍ ഇന്ത്യയെ വിറ്റോളൂ, എന്നാല്‍ ഉടമ ഇന്ത്യാക്കാരന്‍ ആകണം: മോഹന്‍ ഭാഗവത്ത്

  

Updated: Apr 17, 2018, 01:07 PM IST
എയര്‍ ഇന്ത്യയെ വിറ്റോളൂ, എന്നാല്‍ ഉടമ ഇന്ത്യാക്കാരന്‍ ആകണം: മോഹന്‍ ഭാഗവത്ത്

മുംബൈ: എയര്‍ ഇന്ത്യ സ്വകാര്യവത്കരിക്കാനുള്ള നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ ഒരു ഇന്ത്യക്കാരനോ ഇന്ത്യന്‍ കമ്പനിക്കോ മാത്രമേ എയര്‍ ഇന്ത്യയെ കൈമാറാവൂ എന്ന അഭിപ്രായവുമായി ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത്ത്. 

ആകാശത്തിന്‍റെ അധികാരവും നിയന്ത്രണവും നഷ്ടപ്പെടുന്നതിനെതിരെ അദ്ദേഹം സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി. മാത്രമല്ല നല്ല രീതിയില്‍ നടത്താന്‍ കഴിയുന്നവര്‍ക്ക് വേണം എയര്‍ ഇന്ത്യ കൈമാറാനെന്നും‍, പുതിയ നടത്തിപ്പുകാരന്‍ ഒരു ഇന്ത്യന്‍ കമ്പനി തന്നെയായിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

ലോകത്ത് ഒരിടത്തും അവരുടെ ദേശീയ വിമാന കമ്പനിയില്‍ 49 ശതമാനത്തില്‍ കൂടുതല്‍ ഓഹരിപങ്കാളിത്തം വിദേശ നിക്ഷേപകര്‍ക്ക് നല്‍കിയിട്ടില്ല. ജര്‍മ്മനിയില്‍ വിദേശ പങ്കാളിത്തം 29 ശതമാനം മാത്രമായി നിജപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

കടബാധ്യത വസ്തുതയാണെങ്കിലും 30 ആഗോള വിമാനത്താവളങ്ങളില്‍ ഇറങ്ങാനുള്ള ലൈസന്‍സും പരിശീലനം സിദ്ധിച്ച ജീവനക്കാരും എയര്‍ ഇന്ത്യക്കുണ്ട് എന്നത് മറക്കരുതെന്നും എയര്‍ ഇന്ത്യയുടെ നടത്തിപ്പ് ശരിയായ രീതിയിലായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എയര്‍ ഇന്ത്യയുടെ 76 ശതമാനം ഓഹരികള്‍ സ്വകാര്യമേഖലയ്ക്ക് നല്‍കാനുള്ള വിജ്ഞാപനമാണ് സര്‍ക്കാര്‍ പുറത്തിറക്കിയത്.

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close