ഡോക്ടര്‍ താക്കീത് നല്‍കി; എച്ച്ഐവി പോസിറ്റീവ് രക്തം നിറച്ച സിറിഞ്ചുമായി ജീവനക്കാരന്‍റെ പ്രതികാരം

Last Updated : Aug 20, 2017, 07:19 PM IST
ഡോക്ടര്‍ താക്കീത് നല്‍കി; എച്ച്ഐവി പോസിറ്റീവ് രക്തം നിറച്ച സിറിഞ്ചുമായി ജീവനക്കാരന്‍റെ പ്രതികാരം

അസാധാരണമായ ഒരു സംഭവം ആന്ധ്രാപ്രദേശിലെ കടപ ജില്ലയിലെ പ്രൊദ്ദൂറ്റൂര്‍ ജില്ല സര്‍ക്കാര്‍ ആശുപത്രിയില്‍ അരങ്ങേറി. 

ഭുമിയില്‍ ദൈവത്തിന്‍റെ കൈകളുമായി എപ്പോഴും മറ്റുള്ളവരുടെ രക്ഷയ്ക്കായി സധൈര്യം നിലകൊള്ളുന്ന വ്യക്തിയാണ് നമ്മുടെയെല്ലാം സങ്കല്പത്തിലെ ആതുരസേവകന്‍. എന്നാല്‍ ആന്ധ്രാപ്രദേശില്‍നിന്നുള്ള ഈ വാര്‍ത്ത ആ സങ്കല്‍പത്തിനു മങ്ങലേല്പ്പിച്ചുവോ എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. 

കൃത്യവിലോപം കാട്ടിയതിന് മേലുദ്യോഗസ്ഥന്‍റെ വക താക്കീത് ഇത്രമാത്രം ആ ആതുരസേവകനെ വേദനിപ്പിച്ചു, അദ്ദേഹം അതൊരു അധിക്ഷേപമായി കരുതി. മനസ്സിലെ പ്രതികാരാഗ്നിയില്‍ ആതുരസേവകന്‍ സ്വന്തം പദവിയും മറന്നു. സംഭവം ഇങ്ങനെ.....

അസ്ഥിരോഗവിദഗ്‌ദ്ധനായ ഡേവിഡ്‌ രാജുവിനെ ജോലിയില്‍ കൃത്യവിലോപം കാട്ടിയതിന് ആശുപത്രി സൂപ്രണ്ടായ ഡോക്ടര്‍ ലക്ഷ്മി പ്രസാദ്‌ താക്കീതു ചെയ്തു. താക്കീത് ഒരു അപമാനമായി കരുതിയ ഡേവിഡ്‌ രാജു പകരം വീട്ടാന്‍ വേണ്ടി എച്ച്ഐവി പോസിറ്റീവ് രക്തം നിറച്ച സിറിഞ്ചുമായി സൂപ്രണ്ടിന്‍റെ മുറിയിലേയ്ക്ക് നീങ്ങുന്നത്‌ ആശുപത്രിയിലെ മറ്റൊരു ജീവനക്കാരന്‍ കാണുവാനിടയായി അദ്ദേഹം സൂപ്രണ്ടിനെ ജഗരൂകനാക്കി. പിന്നീടു രണ്ടു ഡോക്ടര്‍മാരും തമ്മില്‍ നടന്ന കലഹത്തില്‍ രക്തം നിറച്ച സിറിഞ്ച്‌ താഴെ വീണ് പൊട്ടി. ഡോക്ടര്‍ ലക്ഷ്മി പ്രസാദ്‌ വലിയൊരു ദുരന്തത്തില്‍നിന്നും രക്ഷപെട്ടു. 

തുടര്‍ന്ന് ആശുപത്രി ജീവക്കാര്‍ ഡേവിഡ്‌ രാജുവിനെ തടഞ്ഞു വയ്ക്കുകയും പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. 

പോലീസിന്‍റെ പ്രാഥമിക അന്വേഷണത്തില്‍ രാജുവിന്‍റെ പ്രതികാരേച്ഛയാണ് ഇത്തരമൊരു പ്രവൃത്തിയിലേയ്ക്ക് നയിച്ചത് എന്ന് വ്യക്തമായി. രാജുവിനെതിരെ കൊലപാതക ശ്രമത്തിന് പോലീസ് കേസെടുത്തു. അയാള്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്.  കൂടാതെ ജില്ലാ കളക്ടര്‍ സംഭവത്തെപ്പറ്റി വിശദമായ അന്വേഷണം നടത്താന്‍ ഡിഎംഎച്ച്ഒയ്ക്ക് നിര്‍ദ്ദേശവും നല്‍കി.

 

Trending News