ലഖ്നൗ: ഉത്തരേന്ത്യയില് ഇന്നലെ പൊടുന്നനെയുണ്ടായ കാലാവസ്ഥാ വ്യതിയാനം ജീവഹാനിയും വളരെയേറെ നാശനഷ്ടങ്ങളും വരുത്തിയതായി റിപ്പോര്ട്ട്.
ഉത്തർപ്രദേശിലുണ്ടായ ശക്തമായ പൊടിക്കാറ്റിലും മഴയിലും 41 പേർ മരിച്ചു. ഉത്തർപ്രദേശിലെ ആഗ്രയില്നിന്നുമാണ് കൂടുതല് മരണം റിപ്പോര്ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ആഗ്രയിൽ 36 പേരാണ് മരിച്ചത്.ബിജ്നൂറിൽ മൂന്ന് പേരും സഹറൻപുരിൽ രണ്ട് പേരും മരിച്ചു. ബറേലി, മോറാദാബാദ് എന്നിവിടങ്ങളിലും മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മരിച്ചവരുടെ കുടുംബത്തിന് ഉത്തര്പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. കൂടാതെ അപകടത്തിൽ പരിക്കേറ്റവർക്ക് 50,000 രൂപയും സർക്കാർ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, രാജസ്ഥാന്റെ വിവിധ ഭാഗങ്ങളില് വീശിയടിച്ച പൊടിക്കാറ്റില് 27 പേര് മരിച്ചു. 100ലേറെ പേര്ക്ക് പരിക്കേറ്റു. 1000 ലേറെ ഇലക്ട്രിക് പോസ്റ്റുകള് ഒടിഞ്ഞ് വൈദ്യുതി ബന്ധം തകരാറിലായിരിക്കുകയാണ്.
ഭരത്പൂര്, അല്വര്, ധോര്പൂര് ജില്ലകളില് നൂറുകണക്കിന് മരങ്ങള് കടപുഴകകുകയും, അല്വര് നഗരം പൂര്ണമായും ഇരുട്ടിലാകുകയും ചെയ്തു. ഇവിടെ സ്കൂളുകള്ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
ഭരത്പൂര് ജില്ലയിലാണ് ഏറ്റവും കൂടുതല് മരണം റിപ്പോര്ട്ട് ചെയ്തിരിക്കുന്നത്. 11 പേരാണ് ഇവിടെ മരിച്ചത്.
സംഭവത്തില് മുഖ്യമന്ത്രി വസുന്ധരരാജെ സിന്ധ്യ അനുശോചിച്ചു.