ഒളിച്ചോടാന്‍ വരട്ടെ, കൈയില്‍ കാശുണ്ടോ?

ഭാര്യയുടെ പേരില്‍ അമ്പതിനായിരം രൂപ മുതല്‍ മൂന്നു ലക്ഷം വരെയുള്ള തുക സ്ഥിര നിക്ഷേപമാക്കിയിട്ടെത്തിയാല്‍ സംരക്ഷണം നല്‍കാമെന്നാണ് കോടതി പറയുന്നത്. 

Updated: Aug 10, 2018, 04:32 PM IST
ഒളിച്ചോടാന്‍ വരട്ടെ, കൈയില്‍ കാശുണ്ടോ?
Representational image

ചണ്ഡീഗഡ്: പ്രേമം മൂത്ത് വീട്ടുകാര്‍ വിവാഹം നടത്തിത്തരില്ല എന്ന ഘട്ടമാകുമ്പോള്‍ ഒരാവേശത്തില്‍ പെണ്ണിനേയും വിളിച്ചോണ്ട് ഒരോട്ടമുണ്ട് എങ്ങോട്ടെന്നില്ലാതെ.  അപ്പോള്‍ ഒന്നും ആലോചിക്കില്ല പ്രേമിച്ച പെണ്ണിനെ വീട്ടില്‍നിന്നും കൂട്ടികൊണ്ടുവരിക ഒരു ആണത്തമായേ അപ്പോള്‍ തോന്നു.  

എന്നാല്‍ ഇനി അങ്ങനെയൊരു ചിന്ത ഉണ്ടെങ്കില്‍ വേണ്ട കേട്ടോ. ഇനി മുതല്‍ വെറുതെ അങ്ങ് ഓടിയാല്‍ പോര കൈയില്‍ കാശ് വേണം, മാത്രമല്ല പെണ്ണിനെ പോറ്റാന്‍ കഴിയുമെന്നും തെളിയിക്കണം. അങ്ങനൊരു ഉത്തരവുമായി പഞ്ചാബ് ഹരിയാന ഹൈക്കോടതി.

അതെ, വീട്ടുകാരറിയാതെ കൂട്ടിക്കൊണ്ടു വന്ന് കെട്ടുന്ന പെണ്ണിനെ പോറ്റാന്‍ ചെക്കന് കഴിവുണ്ടെന്ന് തെളിയിക്കാന്‍ ഭാര്യയുടെ പേരില്‍ ഏതെങ്കിലുമൊരു ബാങ്കില്‍ ഫിക്‌സഡ് ഡിപ്പോസിറ്റ് തുടങ്ങിയതിന്‍റെ രേഖ ഹാജരാക്കണമെന്ന് പഞ്ചാബ് ഹരിയാന ഹൈക്കോടതി ഉത്തരവിറക്കി. വീട്ടുകാരില്‍ നിന്ന് പോലീസ് സംരക്ഷണമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച പ്രണയവിവാഹിതരായ ദമ്പതിമാരുടെ അപേക്ഷ പരിഗണിക്കവെയാണ് കോടതി ഇങ്ങനൊരു ഉത്തരവിറക്കിയത്. 

ഭാര്യയുടെ പേരില്‍ അമ്പതിനായിരം രൂപ മുതല്‍ മൂന്നു ലക്ഷം വരെയുള്ള തുക സ്ഥിര നിക്ഷേപമാക്കിയിട്ടെത്തിയാല്‍ സംരക്ഷണം നല്‍കാമെന്നാണ് കോടതി പറയുന്നത്. ഒളിച്ചോടി വിവാഹിതരാകുന്ന ദമ്പതിമാര്‍ പലപ്പോഴും ജാതി, മത, സാമ്പത്തിക അസമത്വം ഉള്ളവരായിരിക്കും. അതു കൊണ്ടു തന്നെ വീട്ടുകാരുടെ പ്രതിഷേധം സ്വാഭാവികമായും ഉണ്ടാവും. ഇങ്ങനെയുള്ള ദമ്പതിമാര്‍ക്ക് സംരക്ഷണം നല്‍കണമെന്ന് പോലീസിന് കോടതി നിര്‍ദേശം നല്‍കിയിരുന്നു.

തിങ്കളാഴ്ച ഇത്തരത്തിലൊരു കേസ് പരിഗണിക്കവെ ഭര്‍ത്താവിനോട് ഒരു മാസത്തിനുള്ളില്‍ രണ്ടു ലക്ഷം രൂപ ഭാര്യയുടെ പേരില്‍ മൂന്നു കൊല്ലത്തേക്കുള്ള സ്ഥിരനിക്ഷേപമാക്കാന്‍ കോടതി നിര്‍ദേശം നല്‍കിയിരുന്നു. ബുധനാഴ്ച സമാനമായ കേസില്‍ ഒരു മാസത്തിനുള്ളില്‍ സ്ഥിരനിക്ഷേപത്തിന്‍റെ രേഖയുടെ കോപ്പി ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു.

സംരക്ഷണം ഉറപ്പു വരുത്തുന്നതിനൊപ്പം ഇത്തരത്തിലുള്ള ഒളിച്ചോട്ട വിവാഹങ്ങളുടെ നിയമസാധുത അന്വേഷിക്കണമെന്ന് കോടതി പോലീസിന് നിര്‍ദേശം നല്‍കി. നിയമവിരുദ്ധ വിവാഹങ്ങള്‍ നടക്കുന്നുണ്ടോ എന്നന്വേഷിക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. 

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close