കന്നഡനാട്ആര് ഭരിക്കും? ഭൂരിപക്ഷം ആര് തെളിയിക്കുമെന്ന് ഇന്നറിയാം

  

Last Updated : May 19, 2018, 08:39 AM IST
കന്നഡനാട്ആര് ഭരിക്കും? ഭൂരിപക്ഷം ആര്  തെളിയിക്കുമെന്ന് ഇന്നറിയാം

ബംഗളൂരു: കർണാടകത്തിൽ ബിഎസ് യെദ്യൂരപ്പ ഇന്ന് വിശ്വാസവോട്ട് തേടും. അംഗങ്ങളുടെ സത്യപ്രതിജ്ഞക്ക് ശേഷം വൈകീട്ട് നാല് മണിക്കാണ് വോട്ടെടുപ്പ്. വ്യാഴാഴ്ച അധികാരമേറ്റ യെഡിയൂരപ്പയ്ക്കു ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ വാജുഭായി വാല അനുവദിച്ച 15 ദിവസം വെട്ടിച്ചുരുക്കിയാണു സുപ്രീം കോടതിയുടെ നിര്‍ണായക വിധി. തിങ്കളാഴ്ച വരെ സാവകാശം വേണമെന്ന ബിജെപിയുടെ ആവശ്യം ജഡ്ജിമാരായ എ.കെ.സിക്രി, എസ്.എ.ബോബ്‌ഡെ, അശോക് ഭൂഷണ്‍ എന്നിവരുള്‍പ്പെട്ട പ്രത്യേക ബെഞ്ച് തള്ളി. ഇന്നുതന്നെ വോട്ടെടുപ്പ് വേണമെന്ന കോണ്‍ഗ്രസ്-ജനതാദള്‍ (എസ്) ആവശ്യം അംഗീകരിച്ചാണു കോടതിനടപടി. ഇന്ന് പതിനൊന്ന് മണിമുതല്‍ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ. അതിന് ശേഷം നാല് മണിക്കാണ് വിസ്വാസ വോട്ടെടുപ്പ്.

രാവിലെ പതിനൊന്ന് മണിക്കാണ് സഭ ചേരുക. പ്രോടേം സ്പീക്കർക്ക് മുമ്പാകെ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്യും. വൈകീട്ട് നാല് മണിക്ക് ഇത് പൂർത്തിയാക്കണം. നാല് മണിക്ക് നിർണായകമായ വിശ്വാസവോട്ടെടുപ്പ്. കണക്കുകളിലാണ് കളി. ആരൊക്കെ മറുകണ്ടം ചാടും ആരെയൊക്കെ ചാക്കിട്ടുപിടിക്കും എന്നതിൽ ആശ്രയിച്ചിരിക്കുന്ന കണക്കുകൾ.  

കേവലഭൂരിപക്ഷത്തിനായി മറുചേരിയിൽ നിന്ന് എംഎൽഎമാരെ കൂടെക്കൂട്ടാനുളള ശ്രമത്തിലാണ് അവസാന മണിക്കൂറിലും ബിജെപി. രണ്ട് ജെഡിഎസ് എംഎൽഎമാരെ ബിജെപി തട്ടിയെടുത്തെന്ന് കുമാരസ്വാമി ആരോപിക്കുക കൂടി ചെയ്തതോടെ ആകാംക്ഷ ഏറുകയാണ്. വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ വിധാന്‍ സൗധയുടെ രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. 

രാവിലെ ആറുമുതല്‍ രാത്രി 12 വരെയാണ് നിരോധനാജ്ഞ. ഇതിനിടെ സഭാനടപടികള്‍ക്കു നേതൃത്വംനല്‍കാന്‍ ബിജെപി അംഗം കെ.ജി.ബൊപ്പയ്യയെ പ്രോടെം സ്പീക്കറായി തിരഞ്ഞെടുത്തുള്ള ഗവര്‍ണറുടെ നടപടിക്കെതിരെ രാത്രിതന്നെ കോണ്‍ഗ്രസും ജെഡിഎസും സുപ്രീം കോടതിയില്‍ പുതിയ ഹര്‍ജി നല്‍കി. ഇത് ഇന്നു രാവിലെ 10.30നു പരിഗണിക്കും. കോണ്‍ഗ്രസിന് വേണ്ടി അഡ്വക്കറ്റ് ദേവദത്ത് കാമത്ത് ആണ് സുപ്രീംകോടതിയില്‍ ഹാജരായത്. പ്രോടെം സ്പീക്കറായി മുതിര്‍ന്ന എം.എല്‍.എയെ ആണ് നിയമിക്കേണ്ടതെന്നും മുതിര്‍ന്ന എം.എല്‍.എ കോണ്‍ഗ്രസ് പാര്‍ട്ടിയിലാണുള്ളതെന്നും ഹര്‍ജിയില്‍ പറയുന്നു. യെദ്യൂരപ്പയുടെ വലം കൈയും ആര്‍.എസ്.എസ് പ്രവര്‍ത്തകനുമായ ബൊപ്പയ്യയെ പ്രോടെം സ്പീക്കറായി നിയമിച്ചത് വിശ്വാസ വോട്ടെടുപ്പിനെ സ്വാധീനിക്കുമെന്നും കോണ്‍ഗ്രസും ജെഡിഎസും ഹര്‍ജിയില്‍ ആരോപിക്കുന്നു. 

നിലവിൽ സഭയിലെ കക്ഷിനില ഇങ്ങനെയാണ് ആകെ സീറ്റ് 222. എച്ച് ഡി കുമാരസ്വാമി രണ്ട് മണ്ഡലങ്ങളിൽ വിജയിച്ചതിനാൽ അദ്ദേഹത്തിന് ഒരു വോട്ട്. അപ്പോൾ ആകെ വോട്ട് 221 ഇതിൽ കോൺഗ്രസ് ജെഡിഎസ് സഖ്യത്തിന് 117 വോട്ട്. 78 കോൺഗ്രസ്, 37 ജെഡിഎസ്, രണ്ട് സ്വതന്ത്രർ. തങ്ങളുടെ ക്യാമ്പ് വിട്ടു എന്ന് കുമാരസ്വാമി പറഞ്ഞ രണ്ട് ജെഡിഎസ് എംഎൽഎമാരം ആനന്ദ് സിങ്ങും ഉൾപ്പെടെയാണിത്. ബിജെപിയുടെ കക്ഷിനില 104 ആണ്.

Trending News