ലോകത്തെ മാറ്റിയ സമവാക്യങ്ങള്‍; ബിജെപിയെ ട്രോളി ദിവ്യ സ്പന്ദന

'ലോകത്തെ മാറ്റിയ ചില സമവാക്യങ്ങള്‍' എന്ന കുറിപ്പോടെയാണ് ദിവ്യ സ്പന്ദന ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത്.

Sneha Aniyan | Updated: Sep 12, 2018, 04:29 PM IST
ലോകത്തെ മാറ്റിയ സമവാക്യങ്ങള്‍; ബിജെപിയെ ട്രോളി ദിവ്യ സ്പന്ദന

ന്യൂഡല്‍ഹി: ബിജെപിയുടെ ട്വിറ്റര്‍ പ്രചാരണങ്ങളെ ട്രോളി മുന്‍ എംപിയും കോണ്‍ഗ്രസ് സമൂഹമാധ്യമ വിഭാഗം മേധാവിയുമായ ദിവ്യ സ്പന്ദന. ഡീസല്‍, പെട്രോള്‍ വില  വര്‍ധനയിലെ മാറ്റങ്ങള്‍ കാണിച്ചുകൊണ്ട് ബിജെപി പ്രചരിപ്പിച്ച ഗ്രാഫുകളെ ഉള്‍പ്പെടുത്തിയാണ് ദിവ്യയുടെ ട്രോള്‍. 

പൈഥഗോറസ്, ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍, ഐസക് ന്യൂട്ടന്‍ എന്നിവരുടെ സമവാക്യങ്ങള്‍ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദ്ദേഹത്തിന്‍റെ സമവാക്യത്തെയും ചേര്‍ത്തുള്ള ട്രോള്‍ ദിവ്യ തന്‍റെ ട്വിറ്റര്‍ പേജിലൂടെയാണ് പങ്കുവച്ചത്.

പ്രഗത്ഭരായ മൂന്ന്‍ പേരുടെ സിദ്ധാന്തങ്ങള്‍ക്കൊപ്പം ഇന്ധനവില 56.71ല്‍ നിന്ന് 72.83 ആയപ്പോള്‍ ശതമാനക്കണക്കില്‍ വന്ന കുറവ് കാണിച്ചുള്ള ബിജെപിയുടെ ബാര്‍ ചാര്‍ട്ടും ചേര്‍ത്താണ് ദിവ്യ ട്രോളിയിരിക്കുന്നത്.

'ലോകത്തെ മാറ്റിയ ചില സമവാക്യങ്ങള്‍' എന്ന കുറിപ്പോടെയാണ് ദിവ്യ സ്പന്ദന ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത്. വിവിധ വര്‍ഷങ്ങളില്‍ ന്യൂഡല്‍ഹിയില്‍ ഡീസല്‍ വിലയിലുണ്ടായ മാറ്റമായിരുന്നു ബിജെപി ട്വിറ്ററില്‍ പ്രചരിപ്പിച്ചത്.

നേരത്തെ 42 ഉം 83.7 ശതമാനവും ഉള്ള വര്‍ധന 2018ല്‍ 28% മാത്രമായി കുറഞ്ഞെന്നായിരുന്നു ബിജെപിയുടെ കണ്ടെത്തല്‍. 2014 മുതല്‍ 18 വരെ പെട്രോള്‍ വിലയില്‍ 13 ശതമാനത്തിന്‍റെ വര്‍ധന മാത്രമാണ് ഉണ്ടായതെന്നും ബിജെപി അവകാശപ്പെട്ടു.

എന്നാല്‍ തൊട്ടുപിന്നാലെ കോണ്‍ഗ്രസ് ട്വിറ്ററിലൂടെ ഇതിന് മറുപടി നല്‍കിയിരുന്നു. രാജ്യാന്തര തലത്തിലെ ക്രൂഡ് ഓയില്‍ വിലയും രാജ്യത്തെ ഇന്ധനവിലയും താരതമ്യപ്പെടുത്തിയായിരുന്നു കോണ്‍ഗ്രസിന്‍റെ മറുപടി. 2014-18ല്‍ ക്രൂഡ് ഓയില്‍ വില 34 ശതമാനത്തിന്‍റെ കുറവുണ്ടായിട്ടും രാജ്യത്ത് ഇന്ധനവില 13% കൂടിയെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

 

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close