സഹോദരന്‍റെ മരണത്തിന് പകരം വീട്ടാന്‍ സഹോദരി സ്‌കൂളിലെ ഉച്ചഭക്ഷണത്തില്‍ വിഷം കലര്‍ത്തി

പരിപ്പ് കറിയിലാണ് വിഷം കലര്‍ത്താന്‍ കുട്ടി ശ്രമിച്ചത്. സഹോദരന്‍റെ കൊലപാതകത്തിന് പ്രതികാരം ചെയ്യാനാണ് ഇങ്ങനെ ചെയ്തതെന്ന് കുട്ടി പോലീസിനോട് പറഞ്ഞു.   

Last Updated : Jul 19, 2018, 05:46 PM IST
സഹോദരന്‍റെ മരണത്തിന് പകരം വീട്ടാന്‍ സഹോദരി സ്‌കൂളിലെ ഉച്ചഭക്ഷണത്തില്‍ വിഷം കലര്‍ത്തി

ഗോരഖ്പുര്‍: സഹോദരന്‍റെ മരണത്തില്‍ മനം നൊന്ത ഏഴാം ക്ലാസുകാരി സ്‌കൂളിലെ ഉച്ചഭക്ഷണത്തില്‍ വിഷം കലര്‍ത്തി മറ്റു കുട്ടികളെ കൊല്ലാന്‍ ശ്രമിച്ചു. വിഷം കലര്‍ത്തിയത് തിരിച്ചറിയാന്‍ കഴിഞ്ഞതു കാരണം വലിയ ദുരന്തം ഒഴിവായി. ഉത്തര്‍പ്രദേശിലെ ഗോരഖ്പുരിലായിരുന്നു സംഭവം നടന്നത്.  

ബൗലിയയിലെ സ്‌കൂളില്‍ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. പരിപ്പ് കറിയിലാണ് വിഷം കലര്‍ത്താന്‍ കുട്ടി ശ്രമിച്ചത്. സഹോദരന്‍റെ കൊലപാതകത്തിന് പ്രതികാരം ചെയ്യാനാണ് ഇങ്ങനെ ചെയ്തതെന്ന് കുട്ടി പോലീസിനോട് പറഞ്ഞു.   

ഏപ്രില്‍ രണ്ടിനാണ് കുട്ടിയുടെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയായ സഹോദരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകത്തിന് പിടിയിലായ ഇതേ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി ഇപ്പോള്‍ ജുവനൈല്‍ ഹോമിലാണ്.  അനുജന്‍റെ മരണത്തിന് പകരം വീട്ടാന്‍ സ്‌കൂളിലെ എല്ലാ വിദ്യാര്‍ഥികളേയും കൊല്ലാന്‍ കുട്ടി തീരുമാനിക്കുകയും അതിനായി പരിപ്പില്‍ വിഷം കലര്‍ത്തുകയും ചെയ്തു. 

പോലീസിന് കിട്ടിയ പരാതിയുടെ അടിസ്ഥാനത്തില്‍ സ്കൂളിലെ പാചകക്കാരി ഈ പെണ്‍കുട്ടി സ്കൂളിന്‍റെ അടുക്കളയില്‍ കയറിപ്പോകുന്നത് കണ്ട് സംശയം തോന്നി പെണ്‍കുട്ടിയുടെ കൈ പരിശോധിച്ചപ്പോള്‍ കൈയില്‍ എന്തോ വെള്ള പൊടിയും അതില്‍ എന്തോ വിഷത്തിന്‍റെ മണം ഉണ്ടായിരുന്നുവെന്നാണ്.  മറ്റൊരു പാചകക്കാരിയുടെ സഹായത്തോടെ അവര്‍ ഈ പെണ്‍ക്കുട്ടിയെ പെട്ടെന്ന് മുറിയിലിട്ട് അടയ്ക്കുകയും സ്‌കൂള്‍ പ്രിന്‍സിപ്പാളിനെ വിവരം അറിയിക്കുകയും ചെയ്തു. 

വിഷം കലര്‍ത്താനുള്ള ശ്രമം അറിഞ്ഞെത്തിയ നാട്ടുകാര്‍ പെണ്‍കുട്ടിയുടെ അമ്മയെ മര്‍ദിച്ചു. സ്‌കൂള്‍  പ്രിന്‍സിപ്പാളിന്‍റെ പരാതിയെ തുടര്‍ന്ന് കുട്ടിയ്ക്കെതിരെ പോലീസ് കേസെടുത്തു. പരിശോധനയ്ക്ക് അയച്ച പരിപ്പ് കറിയുടെ റിസള്‍ട്ട്‌ മൂന്ന് നാല് ദിവസത്തിനുള്ളില്‍ കിട്ടുമെന്നും പോലീസ് പറഞ്ഞു.  

Trending News