ഗോരഖ്പൂര്‍ സംഭവം: കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന്‍ മുഖ്യമന്ത്രി

ഗോരഖ്പൂരിലെ ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ രണ്ട് ദിവസത്തിനിടെ അറുപതോളം കുട്ടികള്‍ മരിച്ച സംഭവം അപ്രതീക്ഷിതമായിരുന്നുവെന്നും,കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി. ഈ സംഭവത്തില്‍ വിശദമായ അന്വേഷണത്തിനു മുഖ്യമന്ത്രി ഉത്തരവിട്ടു. ലക്നൗവിൽ വിളിച്ചുചേർത്ത പ്രത്യേക വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

Updated: Aug 13, 2017, 09:46 AM IST
ഗോരഖ്പൂര്‍ സംഭവം: കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന്‍ മുഖ്യമന്ത്രി

ലക്നൗ: ഗോരഖ്പൂരിലെ ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ രണ്ട് ദിവസത്തിനിടെ അറുപതോളം കുട്ടികള്‍ മരിച്ച സംഭവം അപ്രതീക്ഷിതമായിരുന്നുവെന്നും,കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി. ഈ സംഭവത്തില്‍ വിശദമായ അന്വേഷണത്തിനു മുഖ്യമന്ത്രി ഉത്തരവിട്ടു. ലക്നൗവിൽ വിളിച്ചുചേർത്ത പ്രത്യേക വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

വിഷയത്തില്‍ പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും ഇടപെട്ടതിന് പിന്നാലെയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണം പ്രഖ്യാപിച്ചത്. മജിസ്ട്രേട്ടുതല അന്വേഷണത്തിനാണ് ഉത്തരവിട്ടിരിക്കുന്നത്. സംഭവത്തില്‍ ഓക്സിജൻ വിതരണക്കാരുടെ പങ്ക് പരിശോധിക്കുവാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികള്‍ മരിക്കാനിടയായ സംഭവത്തിന് ഉത്തരവാദികളാരായാലും അവരെ വെറുതെ വിടില്ലെന്നും ശക്തമായ നടപടികള്‍ ഉണ്ടാകുമെന്നും ആദിത്യനാഥ് അറിയിച്ചു. 

അതേസമയം, ഇത്രയും കുട്ടികൾ മരിച്ചത് ഓക്സിജൻ ലഭിക്കാത്തതുകൊണ്ടല്ലെന്ന സംസ്ഥാന സർക്കാരിന്‍റെ വാദം മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിലും ആവർത്തിച്ചു.  മാത്രമല്ല,ഓക്സിജൻ ലഭിക്കാത്തതിന്‍റെ പേരിൽ ഒരു കുട്ടി പോലും മരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിക്കൊപ്പം വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത ആരോഗ്യമന്ത്രി സിദ്ധാർഥ് നാഥ് സിങ് വ്യക്തമാക്കി.

ജൂലൈ 9-ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ചിരുന്നു. ഓക്‌സിജന്‍ പ്ലാന്റ് കൈകാര്യം ചെയ്യുന്ന ജീവനക്കാര്‍ വ്യാഴാഴ്ച രാവിലെ ഓക്‌സിജന്‍ കുറവാണെന്ന് ചീഫ് മെഡിക്കല്‍ ഓഫീസറെ അറിയിച്ചതായി പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഓക്‌സിജന്‍റെ കുറവുണ്ടെന്നും ഇന്ന് വൈകിട്ട് വരെ ഉപയോഗിക്കാനുള്ളത് മാത്രമേ ബാക്കിയുള്ളൂവെന്നും അറിയിച്ചതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഓക്‌സിജന്‍ ലഭിക്കാത്തതല്ല മരണകാരണമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് രാജീവ് റോട്ടെലയും പറഞ്ഞു. അണുബാധ മൂലമാണ് കുട്ടികള്‍ മരിച്ചതെന്നും ആവശ്യത്തിന് ഓക്‌സിജന്‍ സിലിണ്ടറുകള്‍ മറ്റ് സ്ഥലങ്ങളില്‍നിന്ന് എത്തിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി.