മുഖ്യമന്ത്രിയുടെ വാദം തെറ്റെന്ന് ഐഎഎസ് അസോസിയേഷന്‍; എഎപി മാര്‍ച്ചില്‍ മെട്രോ സ്‌റ്റേഷനുകള്‍ അടച്ചു

നിയന്ത്രണങ്ങള്‍ക്കിടയിലും, പ്രതിഷേധ മാര്‍ച്ച് നടത്താനുള്ള ഉറച്ച തീരുമാനത്തിലാണ് ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍.

Last Updated : Jun 17, 2018, 05:11 PM IST
    • മുഖ്യമന്ത്രിയുടെ വാദം തെറ്റ്
    • സര്‍ക്കാരിനോടുള്ള വിവേചനം അവസാനിപ്പിക്കണമെന്ന് ആം ആദ്മി പാര്‍ട്ടി
മുഖ്യമന്ത്രിയുടെ വാദം തെറ്റെന്ന് ഐഎഎസ് അസോസിയേഷന്‍; എഎപി മാര്‍ച്ചില്‍ മെട്രോ സ്‌റ്റേഷനുകള്‍ അടച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഐഎഎസ് ഉദ്യോഗസ്ഥര്‍ സമരത്തിലാണെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണെന്ന് ഐഎഎസ് അസോസിയേഷന്‍.

 

 

മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ ആരോപണം തീര്‍ത്തും അടിസ്ഥാന രഹിതമാണ്. ഞങ്ങള്‍ യോഗങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. എല്ലാ വകുപ്പുകളും അവരവരുടേതായ ജോലികള്‍ നിര്‍വഹിക്കുന്നുണ്ട്. അസോസിയേഷന്‍ പ്രതിനിധി മനീഷ സക്സേന മാധ്യമങ്ങളോട് വിശദമാക്കി.

ആം ആദ്മി പാര്‍ട്ടിയുടെ മാര്‍ച്ച്: അഞ്ച് മെട്രോ സ്‌റ്റേഷനുകള്‍ അടച്ചിട്ടു

സര്‍ക്കാരിനോടുള്ള വിവേചനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്താനിരിക്കേ ഡല്‍ഹിയിലെ അഞ്ചു പ്രധാന മെട്രോ സ്‌റ്റേഷനുകള്‍ അടച്ചിടുമെന്ന് ഡല്‍ഹി മെട്രോ അധികൃതര്‍ വ്യക്തമാക്കി. 

പൊലീസ് നിര്‍ദ്ദേശപ്രകാരം ഡിഎംആര്‍സി 12 മണി മുതല്‍ കല്യാണ്‍ മാര്‍ഗ് സ്റ്റേഷന്‍റെ പ്രവേശന കവാടങ്ങള്‍ അടച്ചിട്ടിരുന്നു. രണ്ടു മണിക്ക് ശേഷം സെന്‍ട്രല്‍ സെക്രട്ടറിയേറ്റ്, ഉദ്യോഗ് ഭവന്‍, പട്ടേല്‍ ചൗക്ക്, ജന്‍പഥ് സ്റ്റേഷനുകളും അടച്ചിട്ട നിലയിലാണ്.

പാര്‍ട്ടി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്താനുള്ള അനുമതി തേടിയിട്ടില്ലെന്നും, ജനവാസകേന്ദ്രങ്ങളില്‍ വലിയ കൂട്ടമായി സംഘടിക്കുന്നതിന് നിയമപരമായ വിലക്കുണ്ടെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു.

നിയന്ത്രണങ്ങള്‍ക്കിടയിലും, പ്രതിഷേധ മാര്‍ച്ച് നടത്താനുള്ള ഉറച്ച തീരുമാനത്തിലാണ് ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍. നാലു മണിയോടു കൂടി മണ്ഡി ഹൗസില്‍ നിന്നും തുടങ്ങുന്ന മാര്‍ച്ച് ലോക് കല്യാണ്‍ മാര്‍ഗിലുള്ള മോദിയുടെ വസതിയില്‍ ഏഴു മണിയോടെ എത്തിച്ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Trending News