പോലീസുകാരുടെ വധം: പാകിസ്ഥാനുമായുള്ള നയതന്ത്ര ചര്‍ച്ചയില്‍ നിന്ന് ഇന്ത്യ പിന്മാറി

പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കയച്ച കത്തില്‍ ഇന്ത്യാ പാക് ചര്‍ച്ചകള്‍ വീണ്ടും ആരംഭിക്കണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. 

Last Updated : Sep 21, 2018, 05:53 PM IST
പോലീസുകാരുടെ വധം: പാകിസ്ഥാനുമായുള്ള നയതന്ത്ര ചര്‍ച്ചയില്‍ നിന്ന് ഇന്ത്യ പിന്മാറി

ന്യൂഡല്‍ഹി: കശ്മീരില്‍ മൂന്ന് പോലീസുകാരെ ഭീകരര്‍ വധിച്ചതിന് പിന്നാലെ പാകിസ്ഥാനുമായുള്ള വിദേശകാര്യ മന്ത്രിതല ചര്‍ച്ചയില്‍ നിന്ന് ഇന്ത്യ പിന്‍മാറി‍. മാത്രമല്ല അതിര്‍ത്തിയില്‍ ബിഎസ്എഫ് ജവാനെ ക്രൂരമായി വധിച്ചതും ഇന്ത്യയെ പ്രകോപിപ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെയാണ് പോലീസുകാരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി വധിച്ചത്. 

ഇന്ത്യ-പാക് ചര്‍ച്ച പുനരാരംഭിക്കണമെന്ന പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ അഭ്യര്‍ഥന കണക്കിലെടുത്ത് ന്യൂയോര്‍ക്കില്‍ നടക്കുന്ന യുഎന്‍ പൊതുസഭാ സമ്മേളനത്തിനൊപ്പം ഇന്ത്യയുടെയും പാകിസ്ഥാന്‍റെയും വിദേശകാര്യമന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തുമെന്നായിരുന്നു വിദേശകാര്യ മന്ത്രാലയം വ്യാഴാഴ്ച മാധ്യമങ്ങളെ അറിയിച്ചത്. 

പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കയച്ച കത്തില്‍ ഇന്ത്യാ പാക് ചര്‍ച്ചകള്‍ വീണ്ടും ആരംഭിക്കണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. ഇത് അംഗീകരിച്ചാണ് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജും പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷിയും കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചത്. 

യുഎന്‍ പൊതുസഭാ സമ്മേളനത്തിനൊപ്പം കൂടിക്കാഴ്ചയും നടത്തട്ടെയെന്ന നിര്‍ദേശം ഇമ്രാന്‍ ഖാനാണ് മുന്നോട്ടുവെച്ചിരുന്നത്. മാത്രമല്ല പാക് വിദേശകാര്യമന്ത്രാലയം ചര്‍ച്ചകള്‍ നടത്തണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ച് സുഷമാ സ്വരാജിനും കത്തയച്ചിരുന്നു. 

എന്നാല്‍ കൂടിക്കാഴ്ചയും ചര്‍ച്ചയും നടത്തേണ്ട സാഹചര്യമല്ല ഇപ്പോള്‍ നിലനില്‍ക്കുന്നതെന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍ എന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Trending News