ഇനി ‘മുഖം കാണിച്ചാൽ’ വിമാനത്തിൽ കയറാം

മുഖം സ്കാൻ ചെയ്ത് യാത്രക്കാരെ തിരിച്ചറിയുന്നതിനുള്ള സംവിധാനമാണ് ഇതിനായി ഉടന്‍ വരുന്നത്. 

Last Updated : Sep 21, 2018, 02:51 PM IST
ഇനി ‘മുഖം കാണിച്ചാൽ’ വിമാനത്തിൽ കയറാം

 ചെന്നൈ: ഇനി മുതല്‍ ടിക്കറ്റും ബോർഡിംഗ് പാസുമായി വിമാനത്താവളത്തിലെ ചെക്ക് ഇൻ കൗണ്ടറുകളിൽ കാത്തുനിൽക്കേണ്ടി വരില്ല. മുഖം സ്കാൻ ചെയ്ത് യാത്രക്കാരെ തിരിച്ചറിയുന്നതിനുള്ള സംവിധാനമാണ് ഇതിനായി ഉടന്‍ വരുന്നത്. 

രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിൽ 2020-ഓടെ ഇത് നിലവിൽവരും. അടുത്ത വര്‍ഷം ഈ സംവിധാനം ഏര്‍പ്പെടുത്തുന്നതോടെ ബ൦ഗളൂരു ഈ സംവിധാനമുള്ള ആദ്യ വിമാനത്താവളമായി മാറും. 

വ്യോമയാന മന്ത്രാലത്തിന്‍റെ ‘ഡിജി യാത്ര’ പദ്ധതി പ്രകാരമുള്ള ഈ സൗകര്യം ഉപയോഗപ്പെടുത്താൻ യാത്രക്കാർ പ്രത്യേകം രജിസ്റ്റർചെയ്യണം.

ഒരിക്കൽ മുഖം സ്കാൻചെയ്ത് വിവരങ്ങൾ നൽകിയാൽ ഇതിന്‍റെ അടിസ്ഥാനത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയും. പിന്നീട് യാത്ര ചെയ്യുമ്പോൾ ടിക്കറ്റിന്‍റെ പ്രിന്‍റ് കാണിക്കുകയോ ബോർഡിംഗ് പാസെടുക്കുകയോ ചെയ്യാതെ പ്രത്യേകം ക്രമീകരിച്ചിരിക്കുന്ന ക്യാമറയ്ക്കു മുന്നിൽ മുഖം കാണിച്ചാൽ മതിയാകും.

തുടർന്ന് സുരക്ഷാപരിശോധന അടക്കമുള്ള നടപടികൾക്ക് വിധേയമാകാം.ബ൦ഗളൂരു വിമാനത്താവളത്തിൽ ഇതിനുള്ള ക്രമീകരണങ്ങൾ ആരംഭിച്ചു കഴിഞ്ഞു.

സാധാരണ ചെക്ക് ഇൻ കൗണ്ടറുകൾക്കൊപ്പം പ്രത്യേക ഇ-ഗേറ്റുകളായിരിക്കും ഇതിനായി ക്രമീകരിക്കുക. എല്ലാ വിമാനക്കമ്പനികളും ഇതിനുള്ള ക്രമീകരണം ചെയ്തിട്ടില്ലാത്തതിനാൽ ജെറ്റ് എയർവേസ്, എയർ ഏഷ്യ, സ്പൈസ് ജെറ്റ് എന്നീ വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർക്കായിരിക്കും തുടക്കത്തിൽ സൗകര്യം ഉപയോഗപ്പെടുത്താനാവുക.

 ഹൈദരാബാദിലും അധികം വൈകാതെ ഇത് നിലവിൽ വരും. പിന്നീട് കൊൽക്കത്ത, വാരാണസി, വിജയവാഡ, പുണെ എന്നിവിടങ്ങളിലും അതിന് ശേഷം ചെന്നൈയിലും പദ്ധതിവരും. തുടർന്ന് കൂടുതൽ വിമാനത്താവളങ്ങളിലേക്ക് വ്യാപിപ്പിക്കും.

Trending News