ആധുനികവത്ക്കരണത്തിന് സര്‍ക്കാര്‍ അനുവദിച്ച പണം അപര്യാപ്തം: സഹസൈനിക മേധാവി

 

Updated: Mar 14, 2018, 12:42 PM IST
ആധുനികവത്ക്കരണത്തിന് സര്‍ക്കാര്‍ അനുവദിച്ച പണം അപര്യാപ്തം: സഹസൈനിക മേധാവി

 

ന്യൂഡല്‍ഹി: സൈന്യത്തില്‍ പൂര്‍ണതോതില്‍ ആധുനികവത്ക്കരണം നടപ്പാക്കി അതിര്‍ത്തി രാജ്യങ്ങളായ പാകിസ്ഥാനും ചൈനയും മുന്നേറുമ്പോള്‍ ഗുരുതര പ്രശ്നം നേരിട്ട് ഇന്ത്യന്‍ സൈന്യം. സര്‍ക്കാര്‍ അനുവദിച്ച പണം ആധുനികവത്ക്കരണത്തിന് അപര്യാപ്തമാണെന്ന് സഹസൈനിക മേധാവി ലെഫ്. ജനറല്‍ ശരത് ചന്ദ് അഭിപ്രായപ്പെട്ടു. 

ഇന്ത്യന്‍ സൈന്യം ആവശ്യത്തിന് പണമില്ലാതെ ഗുരുതര പ്രശ്നത്തിലാണെന്നും ലോക്സഭയ്ക്കു മുന്നില്‍ സമര്‍പ്പിച്ച സ്റ്റാന്‍ഡിങ് കമ്മിറ്റി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് സ്റ്റാന്‍ഡിങ് കമ്മിറ്റി റിപ്പോര്‍ട്ട് തയാറാക്കിയത്.

2018-19 ലെ ബജറ്റ് തങ്ങളുടെ പ്രതീക്ഷകളെ തകർത്തുവെന്നും, ആവശ്യത്തിന് പണമില്ലാത്തതിനാല്‍ മേക് ഇന്‍ ഇന്ത്യയുടെ മിക്ക പദ്ധതികളും അവസാനിപ്പിക്കേണ്ടി വന്നേക്കാം എന്നും സഹസൈനിക മേധാവി ലെഫ്റ്റ്. ജനറല്‍ ശരത് ചന്ദ് സ്റ്റാന്‍ഡിങ് കമ്മിറ്റി മുന്‍പാകെ അറിയിച്ചു. സൈന്യത്തിന്‍റെ  ആധുനികീകരണത്തിന് 21,338 കോടി ബജറ്റില്‍ നീക്കിവച്ചിരിക്കുന്നത് പര്യാപ്തമല്ല. സൈന്യം നിലവില്‍ നടപ്പാക്കുന്ന 125 പദ്ധതികള്‍ക്കും അടിയന്തരാവശ്യത്തിനുള്ള ആയുധം ശേഖരിക്കാനും തന്നെ വേണ്ടത് 29,033 കോടി രൂപയാണ്. 2017ല്‍ നിലനില്‍ക്കുന്ന ബാധ്യതകള്‍ പരിഹരിക്കാനുള്ള സഹായവും ഇത്തവണ ബജറ്റിലുണ്ടായിരുന്നില്ല.

പെട്ടെന്നൊരു യുദ്ധമുണ്ടായാല്‍ അടിയന്തരമായി ആയുധശേഖരണത്തിനുള്ള പണം പോലും വകുപ്പിന് അനുവദിച്ചിട്ടില്ല എന്നും രാജ്യത്തിന്‍റെ വടക്കന്‍ അതിര്‍ത്തിയില്‍ ചൈനയില്‍ നിന്നും പടിഞ്ഞാറന്‍ മേഖലയില്‍ പാകിസ്ഥാനില്‍ നിന്നും ഭീഷണി ശക്തമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇരുരാജ്യങ്ങളും ചേര്‍ന്നൊരു യുദ്ധമുന്നേറ്റം ഇന്ത്യയ്ക്കു നേരെയുണ്ടാകാനുള്ള സാധ്യതയും സൈന്യം തള്ളിക്കളയുന്നില്ല. സൈന്യത്തിന്‍റെ 68% ആയുധങ്ങളും 'പഴഞ്ചനാ'യിക്കഴിഞ്ഞു. ആവശ്യത്തിനു പണം അനുവദിച്ചില്ലെങ്കില്‍ ഈ 68% ആയുധങ്ങളുടെ അറ്റകുറ്റപ്പണിയും കൃത്യസമയത്ത് നടത്താനാകില്ലെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. രാജ്യത്തിന്‍റെ അതിര്‍ത്തികള്‍ അശാന്തമാവുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ സേനയുടെ പരാതി ഗൗരവമേറിയതാണ്. 

അതേസമയം, രാജ്യത്തിന്‍റെ സാമ്പത്തിക നിലയ്ക്കനുസരിച്ച്‌ പ്രതിരോധത്തിലും പണം വിനിയോഗിക്കണമെന്ന് അടുത്തിടെ സൈനിക തലവന്‍ ബിപിന്‍ റാവത്ത് ആവശ്യപ്പെട്ടിരുന്നു. യുഎസിനോളം വളരാന്‍ ചൈന ശ്രമിക്കുമ്പോള്‍ സൈന്യത്തിലെ ആധുനികീകരണത്തിനു പോലും പണമില്ലാതെ ഇന്ത്യ ബുദ്ധിമുട്ടുകയാണെന്ന് സഹസൈനിക മേധാവി ലഫ്. ജനറല്‍ ശരത് ചന്ദും സമിതിക്കു മുന്‍പാകെ വ്യക്തമാക്കി.