അലോക് വര്‍മ്മയുടെ ഉത്തരവുകള്‍ റദ്ദാക്കി ഇടക്കാല ഡയറക്ടര്‍ എം.നാഗേശ്വര റാവു

സി.ബി.ഐയില്‍ വീണ്ടും അധികാര വടംവലി. അലോക് വര്‍മ്മ പുറത്തിറക്കിയ ഉത്തരവുകള്‍ ഇടക്കാല ഡയറക്ടറായി തിരിച്ചെത്തിയതിനു പിന്നാലെ നാഗേശ്വര റാവു റദ്ദാക്കി.

Updated: Jan 11, 2019, 04:39 PM IST
അലോക് വര്‍മ്മയുടെ ഉത്തരവുകള്‍ റദ്ദാക്കി ഇടക്കാല ഡയറക്ടര്‍ എം.നാഗേശ്വര റാവു

ന്യൂഡല്‍ഹി: സി.ബി.ഐയില്‍ വീണ്ടും അധികാര വടംവലി. അലോക് വര്‍മ്മ പുറത്തിറക്കിയ ഉത്തരവുകള്‍ ഇടക്കാല ഡയറക്ടറായി തിരിച്ചെത്തിയതിനു പിന്നാലെ നാഗേശ്വര റാവു റദ്ദാക്കി.

നാഗേശ്വര റാവു റദ്ദാക്കിയത് അലോക് വര്‍മ്മ നടത്തിയ സ്ഥലം മാറ്റങ്ങളാണ്. നേരത്തെ അലോക് വര്‍മ്മ അധികാരമേറ്റശേഷം നാഗശ്വര റാവു നടപ്പാക്കിയ സ്ഥലമാറ്റ ഉത്തരവുകള്‍ റദ്ദാക്കിയിരുന്നു.

സുപ്രീം കോടതി വിധിയെത്തുടര്‍ന്ന് ഡയറക്ടറായി അലോക് വര്‍മ്മ തിരിച്ചെത്തിയതിന് പിന്നാലെയാണ് സിബിഐയില്‍ അഴിച്ചുപണി നടന്നത്. രാകേഷ് അസ്താനയ്ക്കെതിരായ കേസിന്‍റെ അന്വേഷണ ചുമതലയിലടക്കം അലോക് വര്‍മ്മ മാറ്റം വരുത്തിയിരുന്നു. അഞ്ച് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. മുരുകേശന്‍, തരുണ്‍ ഗൗബ എന്നീ ഉദ്യോഗസ്ഥര്‍ക്ക് പുതിയ ചുമതലയും നല്‍കിയിരുന്നു. ഈ ഉത്തരവുകളാണ് എം.നാഗേശ്വര റാവു റദ്ദാക്കിയത്. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിലുള്ള സമിതിയാണ് അലോക് വര്‍മ്മയെ സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തുനിന്നും പുറത്താക്കി കഴിഞ്ഞദിവസം ഉത്തരവിട്ടത്. മോദിക്കു പുറമേ സുപ്രീം കോടതി ജസ്റ്റിസ് എ.കെ സിക്രി, കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരായിരുന്നു ഉന്നതാധികാര സമിതിയിലെ അംഗങ്ങള്‍.  സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ അലോക് വര്‍മ്മയുടെ ഭാഗം കേട്ട ശേഷമേ തീരുമാനം പാടുള്ളു എന്ന് മല്ലികാര്‍ജ്ജുന ഖര്‍ഗെ വാദിച്ചു. അലോക് വര്‍മ്മയെ ഉടന്‍ മാറ്റണമെന്ന പ്രധാനമന്ത്രിയുടെ നിലപാടിനോട് ജസ്റ്റിസ് എ കെ സിക്രിയും യോജിച്ചു. ഇതോടെ ഖര്‍ഗെയുടെ വിജയോജനക്കുറിപ്പ് എഴുതി വാങ്ങി തീരുമാനം കൈക്കൊള്ളുകയായിരുന്നു. 

അതേസമയം, കേന്ദ്രസര്‍ക്കാറിനെ പ്രതിസ്ഥാനത്തു നിര്‍ത്തുന്ന പരാമര്‍ശങ്ങളാണ് അലോക് വര്‍മ്മ ഉന്നയിച്ചിരുന്നത്. രാജ്യത്തെ ഏറ്റവും വിശ്വാസ്യതയുള്ള ഏജന്‍സിയാണ് സി.ബി.ഐ. ഈ ഏജന്‍സിയില്‍ പുറമേ നിന്നുള്ള ഇടപെടല്‍ ഉണ്ടാകരുതെന്ന് താന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ അത്തരം ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. വീണ്ടും ചുമതലയേറ്റ് 36 മണിക്കൂറിനുള്ളിലാണ് അലോക് വര്‍മ്മയ്ക്ക് സിബിഐ ഡയറക്ടര്‍ സ്ഥാനം നഷ്ടപ്പെട്ടത്.

സി.ബി.ഐ സ്‌പെഷ്യല്‍ ഡയറക്ടറും നരേന്ദ്ര മോദിയുടെ അടുപ്പക്കാരുനുമായ രാകേഷ് ആസ്താനയ്‌ക്കെതിരെ അലോക് വര്‍മ്മ അഴിമതിക്കേസില്‍ നടപടി എടുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കങ്ങള്‍ക്കൊടുവിലാണ് ഇരുവരെയും താല്‍കാലികമായി സിബിഐയില്‍ നിന്നും മാറ്റി നിര്‍ത്തിയത്. മോയിന്‍ ഖുറേഷി എന്ന വ്യവസായിയില്‍ നിന്നും 5 കോടി രൂപ വാങ്ങി എന്നായിരുന്നു രാകേഷ് ആസ്താനയ്‌ക്കെതിരെയുള്ള പരാതി.

രണ്ടു ദിവസം മുന്‍പ് സുപ്രീം കോടതിയില്‍ നിന്ന് കനത്ത പ്രഹരമേറ്റ സര്‍ക്കാര്‍ ഒരു സുപ്രീംകോടതി ജഡ്ജിയുടെ പിന്തുണ ഉറപ്പാക്കി തിരിച്ചടിച്ചിരിക്കുകയാണ്. അതേസമയം സിബിഐ തലപ്പത്തെ മാറ്റത്തോട് കോണ്‍ഗ്രസ് രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. സിബിഐ ഡയറക്ടറെ മാറ്റി സ്വന്തം ഇഷ്ടക്കാരനെ അവിടെ നിയമിക്കാന്‍ പ്രധാനമന്ത്രിയെ പ്രേരിപ്പിക്കുന്ന ഭയം എന്താണെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ ആനന്ദ് ശര്‍മ്മ ചോദിച്ചു. പ്രധാനമന്ത്രിയെ നയിക്കുന്നത് ഭയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, രാകേഷ് അ​സ്താ​നയ്ക്കെതിരെയുള്ള അഴിമതിക്കേസില്‍ അന്വേഷണം തുടരാനാണ് ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദ്ദേശം.