കര്‍ണാടക: മുഖ്യമന്ത്രി പദത്തില്‍ പങ്കു വയ്ക്കല്‍ ഇല്ല; ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് പരമേശ്വര

മുഖ്യമന്ത്രി കാലാവധിയുടെ പകുതി കാലം ജെഡിഎസും ബാക്കി പകുതി കോണ്‍ഗ്രസും പങ്കുവയ്ക്കുമെന്ന് ഒത്തുതീര്‍പ്പ് ഫോര്‍മുല ജെഡിഎസ് തള്ളി. 

Last Updated : May 21, 2018, 09:29 PM IST
കര്‍ണാടക: മുഖ്യമന്ത്രി പദത്തില്‍ പങ്കു വയ്ക്കല്‍ ഇല്ല; ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് പരമേശ്വര

ബെംഗളൂരു: മുഖ്യമന്ത്രി പദം കോണ്‍ഗ്രസുമായി പങ്കു വയ്ക്കില്ലെന്ന് സബചന നല്‍കി ജെഡിഎസ്. മുഖ്യമന്ത്രി കാലാവധിയുടെ പകുതി കാലം ജെഡിഎസും ബാക്കി പകുതി കോണ്‍ഗ്രസും പങ്കുവയ്ക്കുമെന്ന് ഒത്തുതീര്‍പ്പ് ഫോര്‍മുല ജെഡിഎസ് തള്ളി. 

അതേസമയം ഉപമുഖ്യമന്ത്രി സ്ഥാനം കോണ്‍ഗ്രസ് നല്‍കുമെന്ന നിലപാടില്‍ മാറ്റമില്ലെന്നും ജെഡിഎസ് വൃത്തങ്ങള്‍ വ്യക്തമാക്കി. കര്‍ണാടക പിസിസി അധ്യക്ഷന്‍ ജെ പരമേശ്വരയെയാണ് ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. 

വോട്ടെണ്ണലിന് മുന്‍പ് വരെ കോണ്‍ഗ്രസിന്‍റെ മുഖമായിരുന്ന സിദ്ധരാമയ്യ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളില്‍ അപ്രസക്തമാകുന്നതാണ് മറ്റൊരു പ്രധാന  സംഭവ വികാസം. ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന കുമാരസ്വാമിയ്ക്കൊപ്പം കുറച്ച് മന്ത്രിമാര്‍ മാത്രമേ സത്യപ്രതിജ്ഞ ചെയ്യുകയുള്ളൂ. 

സത്യപ്രതിജ്ഞക്ക് ശേഷം 24 മണിക്കൂറിനുള്ളില്‍ വിശ്വാസവോട്ട് തേടും. അതുവരെ എംഎല്‍എമാരെ റിസോര്‍ട്ടില്‍ തന്നെ പാര്‍പ്പിക്കാനാണ് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന്‍റെ തീരുമാനം. എംഎല്‍എമാരുടെ കൊഴിഞ്ഞുപോക്ക് ഒഴിവാക്കാനാണ് ഈ നടപടി. 

സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, മായാവതി. ചന്ദ്രശേഖര്‍ രാവു, ചന്ദ്രബാബു നായിഡു, അഖിലേഷ് യാദവ്, തേജസ്വി യാദവ്, അരവിന്ദ് കേജരിവാള്‍ തുടങ്ങിയവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും. 

വോട്ടെണ്ണലിന് ശേഷം നാടകീയ സംഭവങ്ങള്‍ക്കൊടുവിലാണ് കുമാരസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. കേവല ഭൂരിപക്ഷം ഇല്ലെങ്കിലും ഏറ്റവും വലിയ ഒറ്റ കക്ഷിയെന്ന ബലത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ച ബിജെപി വിശ്വാസവോട്ട് പോലും തേടാതെ രാജി വച്ചൊഴിഞ്ഞു. ഭരണം പിടിക്കാന്‍ ബിജെപി നടത്തിയ ശ്രമങ്ങളെ അതേ നാണയത്തില്‍ തിരിച്ചടിച്ചാണ് കോണ്‍ഗ്രസ്-ജെഡിഎസ് തകര്‍ത്തത്. 

വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്നതിന് മുന്‍പേ സഖ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസ്-ജെഡിഎസ് ബിജെപിയെ ഞെട്ടിച്ചു. ഗവര്‍ണറുടെ സഹായത്തോടെ യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തെങ്കിലും കോടതി വിധിയുടെ പിന്‍ബലത്തില്‍ കോണ്‍ഗ്രസ് സമ്മര്‍ദ്ദം ശക്തമാക്കി. ഒടുവില്‍ യെദ്യൂരപ്പയ്ക്ക് രാജി വയ്ക്കേണ്ടി വന്നു. 

ബിജെപിയ്ക്കെതിരെ സഖ്യം ഉണ്ടാക്കിയ കോണ്‍ഗ്രസ്-ജെഡിഎസ് അധികകാലം ഒരുമിച്ച് പോകില്ലെന്നും സര്‍ക്കാര്‍ താഴെ വീഴും എന്നുമാണ് ബിജെപിയുടെ കണക്കു കൂട്ടല്‍. ഇതിനിടയിലാണ് കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രൂപീകരണം. 

Trending News