മധ്യപ്രദേശ്: 'അഗ്‌നിപരീക്ഷ' നേരിടാന്‍ അമിത് ഷായെത്തുന്നു....

മധ്യപ്രദേശില്‍ ബിജെപി നേരിടുന്ന രാഷ്ട്രീയ 'അഗ്നിപരീക്ഷ' ദേശീയ നേത്രുത്വത്തിലേയ്ക്കും വ്യാപിക്കുന്നു. ഇത്തവണ മധ്യപ്രദേശില്‍ ബിജെപിയ്ക്ക് നേരിടേണ്ടിവരുന്നത് കടുത്ത ഭരണവിരുദ്ധ വികാരമാണ്. 

Last Updated : Nov 12, 2018, 06:40 PM IST
മധ്യപ്രദേശ്: 'അഗ്‌നിപരീക്ഷ' നേരിടാന്‍ അമിത് ഷായെത്തുന്നു....

ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ ബിജെപി നേരിടുന്ന രാഷ്ട്രീയ 'അഗ്നിപരീക്ഷ' ദേശീയ നേത്രുത്വത്തിലേയ്ക്കും വ്യാപിക്കുന്നു. ഇത്തവണ മധ്യപ്രദേശില്‍ ബിജെപിയ്ക്ക് നേരിടേണ്ടിവരുന്നത് കടുത്ത ഭരണവിരുദ്ധ വികാരമാണ്. 

മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് മറികടക്കേണ്ടത് നിരവധി പ്രതിസന്ധികളാണ്. കര്‍ഷിക മേഖലയുടെ തകര്‍ച്ച, തൊഴിലില്ലായ്മ, സവര്‍ണവോട്ട്, അതിനെല്ലാമുപരി കോണ്‍ഗ്രസ്‌ നേതാവ് ജ്യോതിരാജ സിന്ധ്യയുടെ വ്യക്തി പ്രഭാവം.  

എന്നാല്‍ ഇപ്പോള്‍ 15 വര്‍ഷം അധികാരത്തിലിരുന്ന ബിജെപിയ്ക്ക് ഭരണ തുടര്‍ച്ച നല്‍കാന്‍ പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ തന്നെ എത്തുകയാണ് മധ്യപ്രദേശില്‍.  

കോണ്‍ഗ്രസ്‌ ഉയര്‍ത്തുന്ന വെല്ലുവിളികളെ തന്‍റെ സ്വതസിദ്ധമായ ശൈലിയില്‍ നേരിടാന്‍ പുതിയ രണനീതിയുമായാണ് അമിത് ഷാ എത്തുന്നത്‌.   

ഈ മാസം 15ന് മധ്യപ്രദേശിലെത്തുന്ന അമിത് ഷാ സംസ്ഥാനത്തുടനീളം നിരവധി റാലികളില്‍ പങ്കെടുക്കും. 15 മുതല്‍ 26 വരെയാണ് അമിത് ഷായുടെ റാലികള്‍. 

അതേസമയം, കോണ്‍ഗ്രസ്‌ തങ്ങളുടെ പ്രകടനപത്രികയില്‍ കര്‍ഷകര്‍ക്ക് നല്‍കിയിരിക്കുന്ന മുന്‍ഗണന ബിജെപിയ്ക്ക് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. കര്‍ഷകരുടെ വായ്പകള്‍ എഴുതിത്തള്ളുക, ഗോശാലകള്‍ സ്ഥാപിക്കുക, തുടങ്ങിയ വാഗ്ദാനങ്ങള്‍ കര്‍ഷകര്‍ക്കായി നല്‍കിയിട്ടുണ്ട്. കൂടാതെ, കര്‍ഷകരുടെ വൈദ്യുതി ബില്‍ 50% വെട്ടിക്കുറയ്ക്കുമെന്നുള്ളതും പ്രധാന വാഗ്ദാനമാണ്. ഓരോ കുടുംബത്തിലെയും തൊഴില്‍രഹിതനായ അംഗത്തിന് 10,000 രൂപ നല്‍കും. മകളുടെ കല്യാണത്തിന് 51,000 രൂപയും നല്‍കും. 

15 വര്‍ഷമായി സംസ്ഥാനം ഭരിക്കുന്ന ബിജെപിയുടെ ആധിപധ്യം തകര്‍ക്കാനുള്ള കഠിന ശ്രമത്തിലാണ് കോണ്‍ഗ്രസ്‌.  ഇതിനോടകം പുറത്തുവന്ന നിരവധി സര്‍വേകള്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് പ്രവചിച്ചിരിക്കുന്നത്. 

ഈ മാസം 28ന് ജനം പോളിംഗ് സ്റ്റേഷനുകളിലേക്ക് നടക്കുമ്പോള്‍ ഭരണകക്ഷിയായ ബിജെപിയും പ്രതിപക്ഷമായ കോണ്‍ഗ്രസും ജനവിധിയെ നേരിടുക ഏറെ നെഞ്ചിടിപ്പോടുകൂടി തന്നെയാണ്. നിലവിലെ സാഹചര്യം അനുസരിച്ച് ബിജെപി വിരുദ്ധ വികാരം പ്രകടമാക്കുന്ന ഒരു വലിയ വിഭാഗം ജനത സംസ്ഥാനത്തുണ്ട്. 2003-ല്‍ ബിജെപി അധികാരത്തില്‍ വന്നതു തന്നെ അത്തരത്തിലൊരു വികാരം ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു. കൂടാതെ, ഉപതിരഞ്ഞെടുപ്പുകളില്‍ നേരിട്ട പരാജയവും പാര്‍ട്ടിയില്‍ ഭീതി വളര്‍ത്തുന്നുണ്ട്.

230 അംഗ നിയമസഭയിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് നവംബര്‍ 28നാണ് നടക്കുക. ഡിസംബര്‍ 11ന് വോട്ടെണ്ണും. 

 

 

 

Trending News