സീ ന്യൂസിനെതിരെ എം.ബി രാജേഷും മലയാള മാദ്ധ്യമങ്ങളും ഉന്നയിച്ച ആരോപണം അടിസ്ഥാനരഹിതം; പ്രചരിക്കുന്നത് വ്യാജ വെബ്സൈറ്റിലെ വീഡിയോ

Updated: Sep 13, 2017, 06:36 PM IST
സീ ന്യൂസിനെതിരെ എം.ബി രാജേഷും മലയാള മാദ്ധ്യമങ്ങളും   ഉന്നയിച്ച ആരോപണം അടിസ്ഥാനരഹിതം; പ്രചരിക്കുന്നത് വ്യാജ   വെബ്സൈറ്റിലെ വീഡിയോ

തെരുവ് നാടകത്തിന്‍റെ വീഡിയോ എടുത്ത് കൊലപാതകമാക്കി വാര്‍ത്ത കൊടുത്തു എന്ന പേരില്‍ സീ ന്യൂസിനെതിരെയുള്ള ആരോപണം അടിസ്ഥാനരഹിതം. സീ ന്യൂസിന്‍റെ പേരില്‍ പ്രചരിക്കുന്നത് "രാഷ്ട്രവാദി സീ ന്യൂസ്" എന്ന വ്യാജ പേജില്‍ നിന്നുള്ള വീഡിയോയും വാര്‍ത്തയുമാണ്‌. ഈ പേജിന് സീ ന്യൂസുമായോ അനുബന്ധ സ്ഥാപനങ്ങളുമായോ യാതൊരു ബന്ധവുമില്ല.


'രാഷ്ട്രവാദി സീ ന്യൂസ് ഫേസ്ബുക്ക്‌' പേജിന്‍റെ സ്ക്രീന്‍ഷോട്ട്

തിങ്കളാഴ്ചയാണ് എം.ബി രാജേഷ്‌ എംപി ഫേസ്ബുക്കിലെ തന്‍റെ ഔദ്യോഗിക പേജില്‍ സീ ന്യൂസിനെതിരെ കടുത്ത 

ആരോപണവുമായി രംഗത്ത്‌ വന്നത്. 'കേരളത്തിനെതിരെ കൊടും നുണ സീ ന്യൂസ് പ്രചരിപ്പിക്കുന്നു' എന്നാക്ഷേപിച്ചു കൊണ്ടായിരുന്നു പോസ്റ്റ്‌. "നടുറോഡില്‍ കേരളത്തിലെ 'ഇടതുപക്ഷ മുസ്ലിങ്ങള്‍' ആര്‍.എസ്.എസ്.അനുഭാവിയായ ഹിന്ദുസ്ത്രീയെ കൊല്ലുന്നു" എന്ന തലക്കെട്ടോടെ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോയുടെ ലിങ്ക് സഹിതമാണ് അദ്ദേഹം തന്‍റെ ഔദ്യോഗിക പേജില്‍ പോസ്റ്റ്‌ ചെയ്തത്. എംപി യുടെ പോസ്റ്റ്‌ അടിസ്ഥാനമാക്കി മലയാളത്തിലെ ചില ഓണ്‍ലൈന്‍ മാദ്ധ്യമങ്ങള്‍ വസ്തുതാ വിരുദ്ധമായ വാര്‍ത്ത‍കളും നല്‍കി. ഇടതുപക്ഷ സംഘടനകളും സീ ന്യൂസിനെ വിമര്‍ശിച്ച് രംഗത്ത് വന്നു.


ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളില്‍ സീ ന്യൂസിനെതിരെ വന്ന വാര്‍ത്തകള്‍

പ്രചരിക്കുന്നത് വ്യാജ ഫേസ്ബുക്ക് പേജിലെ വീഡിയോയും വാര്‍ത്ത‍യും ആണെന്നും സീ ന്യൂസിനെതിരെ അപവാദം പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സീ ന്യൂസ് ഡിജിറ്റല്‍ അധികൃതര്‍ അറിയിച്ചു.  സീ ന്യൂസിന്റെ ലോഗോ ഉപയോഗിച്ച് വ്യാജപേജ് നിർമ്മിച്ചവർക്കെതിരെയും നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.