മെഡിക്കൽ കോഴ വിവാദം: അന്വേഷണ രേഖകൾ ചോർത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്ന് ഐ. എം. ഖുദൂസി

മെഡിക്കൽ കോഴ വിവാദവുമായി ബന്ധപ്പെട്ട അന്വേഷണ രേഖകൾ ചോർത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്ന് ആരോപണ വിധേയനായ മുൻ ഹൈക്കോടതി ജഡ്ജി. ഇക്കാര്യം ആവശ്യപ്പെട്ട് ജഡ്ജി ഐ. എം ഖുദൂസി സിബിഐ കോടതിയിൽ ഹർജി നൽകി.

Last Updated : Jan 17, 2018, 02:59 PM IST
മെഡിക്കൽ കോഴ വിവാദം: അന്വേഷണ രേഖകൾ ചോർത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്ന് ഐ. എം. ഖുദൂസി

ന്യൂഡല്‍ഹി: മെഡിക്കൽ കോഴ വിവാദവുമായി ബന്ധപ്പെട്ട അന്വേഷണ രേഖകൾ ചോർത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്ന് ആരോപണ വിധേയനായ മുൻ ഹൈക്കോടതി ജഡ്ജി. ഇക്കാര്യം ആവശ്യപ്പെട്ട് ജഡ്ജി ഐ. എം ഖുദൂസി സിബിഐ കോടതിയിൽ ഹർജി നൽകി.

സിബിഐ തന്‍റെ ഫോണ്‍ സംഭാഷണം ചോര്‍ത്തിയിട്ടുണ്ടോ എന്നും അന്വേഷിക്കണം. സിബിഐ അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഐ. എം ഖുദൂസി ഹര്‍ജി നല്‍കിയിരിക്കുന്നത്. ഈ മാസം 22ന് സിബിഐ കോടതി ഹര്‍ജി പരിഗണിക്കും.

ജഡ്ജിമാര്‍ ഉള്‍പ്പെട്ട മെഡിക്കല്‍ കോഴ കേസില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് എതിരെ ആഭ്യന്തര അന്വേഷണം ആവശ്യപ്പെട്ട് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത്‌ ഭൂഷണ്‍ ഇന്നലെ ജഡ്ജിമാര്‍ക്ക് കത്ത് നല്കിയിരുന്നു.

ജഡ്ജിമാരായ ജസ്തി ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി. ലൊക്കൂര്‍, കുര്യന്‍ ജോസഫ്, എ. കെ സിക്രി എന്നിവര്‍ക്കാണ് പ്രശാന്ത്‌ ഭൂഷണ്‍ കത്ത് നല്‍കിയത്. ചീഫ് ജസ്റ്റിസിന്‍റെ ദുര്‍ഭരണത്തിനെതിരെ മൂന്നോ അഞ്ചോ ജഡ്ജിമാര്‍ ഉള്‍പ്പെടുന്ന കോടതി അന്വേഷണം നടത്തണമെന്നാണ് പ്രശാന്ത്‌ ഭൂഷണ്‍ ആവശ്യപ്പെട്ടിരുന്നു. 

കത്തിനോടൊപ്പം നൂറോളം വരുന്ന അനുബന്ധ രേഖകളും പ്രശാന്ത് ഭൂഷണ്‍ ജഡ്ജിമാര്‍ക്ക് നല്‍കിയിട്ടുണ്ട്. നൂറ് പേജ് അനുബന്ധത്തോടുകൂടി ഇരുപത്തിനാല് പേജുള്ള കത്താണ് നല്‍കിയിരിക്കുന്നത്.

കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത ഒറീസ ഹൈക്കോടതി മുന്‍ ജഡ്ജി ഐ. എം ഖുദുസി, ഇടനിലക്കാരന്‍ വിശ്വനാഥ് അഗര്‍വാള്‍, പ്രസാദ് എജ്യൂക്കേഷണല്‍ ട്രസ്റ്റിലെ ബി. പി യാദവ് എന്നിവര്‍ തമ്മില്‍ നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിന്‍റെ വിശദാംശങ്ങളും അനുകൂല ഉത്തരവ് ലഭിക്കണമെങ്കില്‍ ഡല്‍ഹിയിലേയും അഹമ്മദാബാദിലേയും ക്ഷേത്രങ്ങളില്‍ പ്രസാദം നല്‍കണമെന്ന് പറയുന്ന സംഭാഷണങ്ങളും പ്രശാന്ത് ഭൂഷണ്‍ ജഡ്ജിമാര്‍ക്ക് അയച്ച രേഖയോടൊപ്പം ഉണ്ട്. ഈ രേഖകള്‍ സുപ്രിം കോടതിയിലെ മുതിര്‍ന്ന ജഡ്ജിമാര്‍ പരിശോധിക്കണം എന്നാണ് പ്രശാന്ത് ഭൂഷണ്‍ ആവശ്യപ്പെടുന്നത്.

Trending News