മേഘാലയ ഖനി ദുരന്തം: സംസ്കരിക്കാന്‍ മൃതദേഹമെങ്കിലും കിട്ടണമെന്ന് ബന്ധുക്കള്‍...

കണ്ണീരില്‍ കുതിര്‍ന്ന ആവശ്യവുമായി മേഘാലയയില്‍ കൽക്കരി ഖനിയിൽ കുടുങ്ങിയ തൊഴിലാളികളുടെ ബന്ധുക്കള്‍...

Last Updated : Jan 18, 2019, 12:28 PM IST
മേഘാലയ ഖനി ദുരന്തം: സംസ്കരിക്കാന്‍ മൃതദേഹമെങ്കിലും കിട്ടണമെന്ന് ബന്ധുക്കള്‍...

മേഘാലയ: കണ്ണീരില്‍ കുതിര്‍ന്ന ആവശ്യവുമായി മേഘാലയയില്‍ കൽക്കരി ഖനിയിൽ കുടുങ്ങിയ തൊഴിലാളികളുടെ ബന്ധുക്കള്‍...

തങ്ങളുടെ പ്രിയപ്പെട്ടവരുടെ മൃതദേഹമെങ്കിലും സംസ്കരിക്കാനായി കണ്ടെത്തിത്തരണമെന്നാണ് ഇപ്പോള്‍ ബന്ധുക്കള്‍ ആവശ്യപ്പെടുന്നത്. കൽക്കരി ഖനിക്കുള്ളിൽനിന്നും ലഭിച്ച മൃതദേഹത്തിന്‍റെ ചിത്രങ്ങൾ നാവികസേനാം​ഗങ്ങൾ പുറത്തുവിട്ടതിനെ തുടർന്നായിരുന്നു കുടുംബാം​ഗങ്ങളുടെ ഈ അഭ്യർത്ഥന. 

'ഞങ്ങൾക്ക് അവന്‍റെ മൃതദേഹമെങ്കിലും ഉചിതമായ രീതിയിൽ സംസ്കരിക്കണം', ഖനിക്കുള്ളിൽ കുടുങ്ങിയവരിലൊരാളായ മുനീറുൾ ഇസ്ലാമിന്‍റെ സഹോദരൻ മാലിക് അലി പറയുന്നു. മറ്റ് തൊഴിലാളികളുടെ കുടുംബങ്ങളും ഇതേ ആവശ്യം തന്നെയാണ് പറയുന്നത്.

മുപ്പത്തഞ്ച് ദിവസ൦ നീണ്ട ശ്രമങ്ങള്‍ക്കൊടുവില്‍ ഓരാളുടെ മൃതശരീരം മാത്രമേ രക്ഷാപ്രവർത്തകർക്ക് കണ്ടെടുക്കാൻ സാധിച്ചിട്ടുള്ളൂ. കൂടാതെ,കല്‍ക്കരി ഖനിയില്‍ അസ്ഥികൂടങ്ങള്‍ കണ്ടെത്തിയതായി നാവിക സേനയുടെ മുങ്ങല്‍ വിദഗ്ധര്‍ പറഞ്ഞിരുന്നു. 

വെള്ളത്തിനടിയിലുള്ള വസ്തുക്കള്‍ കണ്ടെത്താന്‍ നാവികസേനയിലെ ഡൈവര്‍മാര്‍ ഉപയോഗിക്കുന്ന അണ്ടര്‍ വാട്ടര്‍ റിമോട്ട്ലി ഓപറേറ്റഡ് വെഹിക്കിള്‍ ഉപയോഗിച്ചു നടത്തിയ തിരച്ചിലിലാണ് ഖനിയുടെ ആഴമേറിയ ഭാഗത്ത് അസ്ഥികൂടങ്ങള്‍ കണ്ടെത്തിയത്. ഖനിയിലെ ജലത്തില്‍ സള്‍ഫറിന്‍റെ അംശം കൂടുതലുള്ളതിനാല്‍ മൃതദേഹം വേഗത്തില്‍ അഴുകാനുള്ള സാധ്യത കൂടുതലാണെന്ന് പറയപ്പെടുന്നു.

അതേസമയം, കണ്ടെടുത്ത മൃതശരീര ഭാഗങ്ങള്‍ ഡോക്ടേഴ്സിന്‍റെ നിരീക്ഷണത്തിലാണെന്ന് നാവിക സേന വക്താവ് വെളിപ്പെടുത്തി. എന്നാൽ മൃതശരീരം പതിനഞ്ച് പേരിൽ ആരുടെയാണെന്ന് ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. 

.പതിനഞ്ച് തൊഴിലാളികളാണ് കല്‍ക്കരി ഖനിയില്‍ കുടുങ്ങിയിരിക്കുന്നത്. കഴിഞ്ഞ ഡിസംബര്‍ 13നാണ് തൊഴിലാളികള്‍ ഖനിയില്‍ കുടുങ്ങിയത്. ഖനിയുടെ സമീപത്തെ ലിറ്റീന്‍ നദിയിലുണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഖനിയിടിഞ്ഞതിനാലാണ് തൊഴിലാളികള്‍ കുടുങ്ങിയത്. 

കോള്‍ ഇന്ത്യ ലിമിറ്റഡ്, ഒഡീഷ ഫയർ ഫൈറ്റേഴ്സ്, കിർലോസ്കർ കമ്പനി ലിമിറ്റഡ്, എന്‍ഡിആര്‍എഫ്, എന്നിവരും നാവിക സേന ഉൾപ്പെടെയുള്ള സേനാം​ഗങ്ങളും ദുരന്തമുഖത്ത് സജീവരക്ഷാപ്രവർത്തകരായി പ്രവർത്തിക്കുന്നുണ്ട്. അതേസമയം, ശക്തിയേറിയ പമ്പുസെറ്റുകള്‍ ഉപയോഗിച്ച് ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളം പമ്പ് ചെയ്തു കളഞ്ഞെങ്കിലും ഖനിക്കുള്ളിലെ ജലനിരപ്പ് ഇപ്പോഴും 350 അടിയായി തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.

ദുരന്തം നടന്ന കിഴക്കന്‍ ജയന്തിയ ഹില്‍സിലുള്ള ഈ കല്‍ക്കരി ഖനി അനധികൃതമാണ്. 2004-ല്‍ ഈ ഖനിയ്ക്ക് അനുമതി നിഷേധിച്ചിരുന്നു. തുടര്‍ന്ന് ഇത് നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.

 

Trending News