മോമോ ഗയിം: ജാഗ്രതയുമായി കേന്ദ്ര മന്ത്രാലയം

ബ്ലൂവെയിലിന് സമാനമായ വെല്ലുവിളികളാണ് മോമോയിലുമുള്ളത്. ഗെയിം കളിക്കാന്‍ ക്ഷണിച്ചുകൊണ്ടു വാട്സാപ്പ് അക്കൗണ്ടിലേക്ക് അപരിചിതമായ നമ്പറില്‍നിന്നു വിളിവരുന്നതാണു തുടക്കം.   

Updated: Sep 11, 2018, 01:53 PM IST
മോമോ ഗയിം: ജാഗ്രതയുമായി കേന്ദ്ര മന്ത്രാലയം

ന്യൂഡല്‍ഹി: മോമോ ചലഞ്ചിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം. കളിക്കുന്നവരെ മാനസികാഘാതത്തിലേക്കും ആത്മഹത്യയിലേക്കും നയിക്കുന്ന ഈ ഗെയിം കുട്ടികള്‍ക്കിടയില്‍ പ്രചരിക്കാതിരിക്കാന്‍ മുന്‍കരുതലെടുക്കണമെന്ന് മന്ത്രാലയം സംസ്ഥാന വിദ്യാഭ്യാസ വകുപ്പുകളോട് ആവശ്യപ്പെട്ടു.

സ്‌കൂളുകളിലും കോളേജുകളിലും ഇതുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നോട്ടീസ് ഇറക്കണം. യു.ജി.സി, സിബിഎസ്ഇ, എ.ഐ.സി.ടി.ഇ എന്നിവിടങ്ങളില്‍ നോട്ടീസ് പുറപ്പെടുവിക്കും. വാട്സാപ്പ് വഴിയാണ് ഗെയിം പ്രധാനമായും പ്രചരിക്കുന്നത്. എന്നിങ്ങനെ ഗെയിമിന്‍റെ അപകട സാധ്യത വ്യക്തമാക്കിക്കൊണ്ട് ഐ.ടി മന്ത്രാലയം നേരത്തെ മാനവശേഷി മന്ത്രാലയത്തിന് കത്തയച്ചിരുന്നു.

ബ്ലൂവെയിലിന് സമാനമായ വെല്ലുവിളികളാണ് മോമോയിലുമുള്ളത്. ഗെയിം കളിക്കാന്‍ ക്ഷണിച്ചുകൊണ്ടു വാട്സാപ്പ് അക്കൗണ്ടിലേക്ക് അപരിചിതമായ നമ്പറില്‍നിന്നു വിളിവരുന്നതാണു തുടക്കം. വിദേശരാജ്യങ്ങളിലെ നമ്പറുകളില്‍ നിന്നാണു വിളിയെത്തുന്നത്. 

വാട്‌സാപ്, ഫേസ്ബുക്ക്‌, യൂട്യുബ് എന്നിവ വഴി പ്രചരിക്കുന്ന ഒരു പേഴ്‌സണലൈസ്ഡ് ഗെയിമാണിത്. അതുകൊണ്ട് തന്നെ ഇതിന് സ്വാധീന ശക്തി വളരെ കൂടുതലാണ്.

തുടര്‍ന്ന് ഫോണ്‍ ഉടമയ്ക്ക് വെല്ലുവിളികള്‍ നല്‍കിത്തുടങ്ങും. വെല്ലുവിളി സ്വീകരിക്കാത്തവരെ ഭീഷണിപ്പെടുത്തിയാണ് ഇതിന് പ്രേരിപ്പിക്കുന്നത്. ജപ്പാനീസ് ആര്‍ട്ടിസ്റ്റ് ആയ മിഡോരി ഹയാഷിയുടെ പ്രശസ്തമായ ശില്‍പത്തിന്‍റെ മുഖമാണ് ഈ ഗെയിമിലെ മോമോയുടെ മുഖചിത്രമായി ഉപയോഗിച്ചിരിക്കുന്നത്. 

ഉണ്ടക്കണ്ണുകളും മെലിഞ്ഞ ശരീരവും വിളറിയ നിറവുമുള്ള കഥാപാത്രം ആദ്യ ഗെയിമില്‍ തന്നെ കുട്ടികളില്‍ ഭീതി ജനിപ്പിക്കുന്നു. മെക്‌സിക്കന്‍ കമ്പ്യൂട്ടര്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ടീം നടത്തിയ അന്വേഷണ പ്രകാരം ഫെയ്‌സ്ബുക്കിലാണ് ഇത് ആദ്യം ആരംഭിച്ചതെന്ന് പറയുന്നു.

ജീവന് തന്നെ ഭീക്ഷണിയാകുന്ന മോമോയ്‌ക്കെതിരെ മുന്നറിയിപ്പുമായി സ്‌പെയിന്‍, അര്‍ജന്റീന മെക്‌സിക്കോ എന്നിവിടങ്ങളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close