നിർഭയ കേസ്: പുന:പരിശോധന ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവച്ചു

നിര്‍ഭയ കൂട്ടബലാത്സംഗ കേസില്‍ പ്രതികള്‍ നല്‍കിയ പുന:പരിശോധന ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി ഡിസംബര്‍ 12 ലേയ്ക്ക് മാറ്റിവച്ചു. 

Updated: Nov 13, 2017, 05:14 PM IST
നിർഭയ കേസ്: പുന:പരിശോധന ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവച്ചു

ന്യൂഡൽഹി: നിര്‍ഭയ കൂട്ടബലാത്സംഗ കേസില്‍ പ്രതികള്‍ നല്‍കിയ പുന:പരിശോധന ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി ഡിസംബര്‍ 12 ലേയ്ക്ക് മാറ്റിവച്ചു. 

ഈ കേസിലെ പ്രതികളായ മുകേഷ് സിംഗ്, അക്ഷയ് ഠാക്കൂര്‍, വിനയ് ശര്‍മ്മ, പവന്‍ ഗുപ്ത എന്നിവരാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. വിചാരണക്കോടതി വിധിച്ച വധശിക്ഷ ശരിവെച്ച സുപ്രീം കോടതി വിധിക്കെതിരെയാണ് ഇവര്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്.

ചീഫ് ജസ്റ്റിസ് ദിപക് മിശ്ര, ജസ്റ്റിസുമാരായ ആര്‍ ഭാനുമതി, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ഇതേ ബെഞ്ച് തന്നെയായിരുന്നു വധശിക്ഷ ശരിവയ്ക്കുന്ന വിധി പുറപ്പെടുവിച്ചതും. 

2012 ഡിസംബര്‍ 16 ന് രാത്രിയിലാണ് ഡല്‍ഹിയില്‍ ബസിനുളളില്‍ 6 പുരുഷന്മാര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ക്രൂരപീഡനത്തിനിരയാക്കിയത്. 13 ദിവസം ഇന്ത്യയിലും തുടർന്ന് സിംഗപ്പൂരിലും ചികിത്സയിൽ കഴിഞ്ഞ യുവതി ഡിസംബർ 29ന് മരണത്തിന് കീഴടങ്ങി.

2013 സെപ്റ്റംബര്‍ 11നാണ് ആറു പ്രതികളില്‍ നാലുപേർക്കു വധശിക്ഷ വിധിച്ചത്. മുഖ്യപ്രതി രാം സിംഗ് തിഹാര്‍ ജയിലില്‍ ആത്മഹത്യ ചെയ്തു. കുറ്റകൃത്യം നടന്ന സമയത്ത് പ്രായപൂര്‍ത്തിയാവാതിരുന്ന മറ്റൊരു പ്രതി തടവുശിക്ഷയ്ക്കു ശേഷം പിന്നീടു പുറത്തിറങ്ങി.