ജിഎസ്ടി നടപ്പാക്കുന്നതില്‍ സംസ്ഥാനങ്ങള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചെന്ന് പ്രധാനമന്ത്രി

അടുത്ത പൊതു പൊതുതിരഞ്ഞെടുപ്പിനു മുന്‍പുള്ള നീതി ആയോഗിന്‍റെ അവസാനത്തെ ജനറല്‍ കൗണ്‍സില്‍ യോഗമായിരിക്കുമിത്.

Last Updated : Jun 17, 2018, 11:17 AM IST
ജിഎസ്ടി നടപ്പാക്കുന്നതില്‍ സംസ്ഥാനങ്ങള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ജിഎസ്ടി നടപ്പാക്കാന്‍ എല്ലാ സംസ്ഥാനങ്ങളും മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയില്‍ ചേര്‍ന്ന നീതി ആയോഗിന്‍റെ നാലാമത് ഗവേണിംഗ് കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ രാഷ്ട്രപതിഭവനിലാണ് യോഗം ചേരുന്നത്. കേന്ദ്രമന്ത്രിമാരും സെക്രട്ടറിമാരും മുഖ്യമന്ത്രിമാരും ചീഫ്സെക്രട്ടറിമാരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. കേരളത്തില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയനും ചീഫ് സെക്രട്ടറി പോള്‍ ആന്റണിയും എത്തിച്ചേര്‍ന്നിട്ടുണ്ട്.

അടുത്ത പൊതു പൊതുതിരഞ്ഞെടുപ്പിനു മുന്‍പുള്ള നീതി ആയോഗിന്‍റെ അവസാനത്തെ ജനറല്‍ കൗണ്‍സില്‍ യോഗമായിരിക്കുമിത്. വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ നടപ്പാക്കുന്നത് സംബന്ധിച്ച് സംസ്ഥാനങ്ങളുടെ അഭിപ്രായം അറിയാനും വിലയിരുത്താനും കൂടിയാണ് യോഗം. ഗാന്ധിജിയുടെ 150–ാം ജന്മവാര്‍ഷികാഘോഷ പരിപാടികളെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്യും.

ആഞ്ഞടിക്കാന്‍ എൻഡിഎ ഇതര കക്ഷികള്‍

ഡല്‍ഹിയില്‍ ഇന്നു ചേരുന്ന നീതി ആയോഗ് യോഗം കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിക്കാനുള്ള അവസരമായിട്ടായിരിക്കും എൻഡിഎ അംഗങ്ങളല്ലാത്ത പാർട്ടികൾ സ്വീകരിക്കുക. ഇതു സംബന്ധിച്ച് പിണറായി വിജയനും മമത ബാനര്‍ജിയും ചന്ദ്രബാബു നായിഡുവും കുമാരസ്വാമിയും ശനിയാഴ്ച രാത്രി ആന്ധ്ര ഭവനിൽ ചർച്ച നടത്തിയിരുന്നു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായും നീതി ആയോഗ് യോഗം സംബന്ധിച്ച ചർച്ചകൾക്കായാണ് ലഫ്റ്റനന്റ് ഗവർണറോട് കൂടിക്കാഴ്ചയ്ക്ക് അനുമതി ചോദിച്ചത്. ഡൽഹി മുഖ്യമന്ത്രിയുടെ ആവശ്യം തങ്ങൾ യോഗത്തിൽ ഉന്നയിക്കുമെന്നും ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതിനിടെ, ഡൽഹി സർക്കാരിനെ അട്ടിമറിക്കാനായി കേന്ദ്രം അധികാരം ദുർവിനിയോഗം ചെയ്യുകയാണെന്നാരോപിച്ച് ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ ഇന്ന്‍ വൈകിട്ട് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് പ്രതിഷേധ പ്രകടനം നടത്തും. കെജ്‌രിവാളിനൊപ്പം സമരം നടത്തുന്ന മൂന്ന് മന്ത്രിമാർക്കും പിന്തുണ പ്രഖ്യാപിച്ചുള്ള പ്രകടനം വൈകിട്ട് നാലിന് ആരംഭിക്കും.

Trending News