പ്രവാസി വോട്ട്: നിയമ ഭേദഗതി അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍

പ്രവാസി ഇന്ത്യക്കാര്‍ക്ക് വോട്ടവകാശം ഉറപ്പാക്കുന്ന നിയമഭേദഗതി ബില്‍ അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചു. പാര്‍ലമെന്റിന്‍റെ ശീതകാല സമ്മേളനത്തില്‍ ഇതുമായി ബന്ധപ്പെട്ട ബില്‍ അവതരിപ്പിക്കാനാണ് തീരുമാനം.

Updated: Nov 10, 2017, 06:07 PM IST
പ്രവാസി വോട്ട്: നിയമ ഭേദഗതി അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍

ന്യൂഡല്‍ഹി: പ്രവാസി ഇന്ത്യക്കാര്‍ക്ക് വോട്ടവകാശം ഉറപ്പാക്കുന്ന നിയമഭേദഗതി ബില്‍ അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചു. പാര്‍ലമെന്റിന്‍റെ ശീതകാല സമ്മേളനത്തില്‍ ഇതുമായി ബന്ധപ്പെട്ട ബില്‍ അവതരിപ്പിക്കാനാണ് തീരുമാനം.

പ്രവാസികള്‍ക്ക് ഇന്ത്യയിലെ തെരഞ്ഞെടുപ്പില്‍ പകരക്കാരെ ഉപയോഗിച്ച് വോട്ട് ചെയ്യാവുന്ന രീതിയിലാണ് ജനപ്രാതിനിധ്യ ഭേദഗതി ബില്‍ തയ്യാറാക്കിയതെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. പ്രവാസികള്‍ക്കു വിദേശത്തു വോട്ട് ചെയ്യാന്‍ സൗകര്യമാവശ്യപ്പെട്ട് ദുബൈയിലെ സംരംഭകന്‍ ഡോ. വി.പി. ഷംഷീര്‍ ആണ് ഹര്‍ജി നല്‍കിയത്. ബില്‍ പാസാകുന്നതോടെ ദീര്‍ഘകാലമായുള്ള പ്രവാസി വോട്ടവകാശം എന്ന ആവശ്യമാണ് നടപ്പിലാകുന്നത്.

പ്രവാസികള്‍ക്ക് വോട്ടവകാശം ഒരുക്കുന്നതില്‍ തടസമില്ലെന്ന് നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീംകോടതിയെ അറിയിച്ചിരുന്നു. 

വിദേശത്തുള്ള ഇന്ത്യക്കാര്‍ തിരഞ്ഞെടുപ്പില്‍ പ്രതിനിധികളെ ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്തുന്നതിനുള്ള നിയമനിര്‍മ്മാണം നടത്തുന്നതിനും നിയമഭേദഗതിക്കുമുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും ജൂലായില്‍ കേസ് പരിഗണിച്ചപ്പോള്‍ സുപ്രീം കോടതി രണ്ടാഴ്ചത്തെ സമയം അനുവദിച്ചിരുന്നു. ഇതിലാണ് സര്‍ക്കാര്‍ അനുകൂല തീരുമാനമെടുത്തിരിക്കുന്നത്. മലയാളികളടക്കമുള്ള ലക്ഷകണക്കിന് പ്രവാസി ഇന്ത്യക്കാര്‍ക്ക് വോട്ട് ചെയ്യാനുള്ള അവസരമൊരുക്കുന്നതാണ് ഇത്.