'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’: എല്ലാ പാര്‍ട്ടികളുടെയും സമ്മതം ആവശ്യമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

 

Last Updated : Aug 14, 2018, 04:10 PM IST
'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’:  എല്ലാ പാര്‍ട്ടികളുടെയും സമ്മതം ആവശ്യമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

 

ന്യൂഡല്‍ഹി: ഒരേസമയം 7-8 സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടത്താനേ തിരഞ്ഞെടുപ്പ് കമ്മീഷന് സാധിക്കൂ എന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒ. പി. രാവത്. 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' എന്ന ബിജെപിയുടെ നിര്‍ദ്ദേശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' എന്ന ആശയം മുന്നില്‍ വച്ചുകൊണ്ട് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ നിയമ കമ്മീഷന്​ കത്തെഴുതിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിനോപ്പം 11 സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പുകൂടി നടത്താന്‍ ബിജെപി നീക്കം നടത്തുകയാണ്. ബിജെപിയുടെ ഈ ആശയത്തോട് പ്രതികരിക്കുകയായിരുന്ന് അദ്ദേഹം. 

നിലവില്‍ ഒരേസമയം 7-8 സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടത്താനുള്ള സൗകാര്യം മാത്രമേ തിരഞ്ഞെടുപ്പ് കമ്മീഷനുള്ളു എന്നറിയിച്ച അദ്ദേഹം, ബിജെപിയുടെ ഈ ആശയം പ്രാവര്‍ത്തികമാക്കാന്‍ എല്ലാ പാര്‍ട്ടികളുടെയും സമ്മതം ആവശ്യമാണെന്നും അറിയിച്ചു. കൂടാതെ പാര്‍ട്ടികളുടെ സമ്മതത്തിനൊപ്പം ഭരണഘടനാ ഭേദഗതി കൂടി ഇക്കാര്യത്തില്‍ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ന്യൂഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കവേ ആണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്.
 
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം 11 സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ കൂടി നടത്താന്‍ ബിജെപി ഒരുങ്ങുന്നതായി മുന്‍പ് റിപ്പോര്‍ട്ടുണ്ടായിരുന്നു. അതിന് മുന്നോടിയായി ഈ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ രാജിവയ്പ്പിക്കുകയും, തുടര്‍ന്ന് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുവാനായിരുന്നു ബിജെപിയുടെ പദ്ധതി. 

എന്നാല്‍, ഇതിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പ് ഒരുമിച്ചുനടത്തുന്നതിനുവേണ്ടി സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രതിപക്ഷം വ്യക്തമാക്കി. 
സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നത് ഭരണഘടനാ വിരുദ്ധമാണ്. ഭരണ സ്തംഭനം ഉണ്ടാകുന്ന ഘട്ടത്തില്‍ മാത്രമേ സംസ്ഥാനങ്ങളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ ഭരണഘടന അനുവാദം നല്‍കുന്നുള്ളൂ എന്നാണ് പ്രതിപക്ഷത്തിന്‍റെ വാദം.

അടുത്ത വര്‍ഷം കാലാവധി അവസാനിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഡ്, മിസോറാം, ഹരിയാന, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, ഒഡീഷ, തെലങ്കാന, ബിഹാര്‍ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു നടത്താനാണ് ബിജെപി പദ്ധതിയിടുന്നത്. മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ ബിജെപിയാണ് ഭരിക്കുന്നത്. ഇവിടെ തെരഞ്ഞെടുപ്പ് നടക്കേണ്ടത് അടുത്ത വര്‍ഷം ജനുവരിയിലാണ്.

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന പദ്ധതി നടപ്പിലാക്കാന്‍ തയ്യാറാണെന്ന് ചൂണ്ടികാട്ടി ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷാ കഴിഞ്ഞ ദിവസം നിയമ കമ്മീഷനെ സമീപിച്ചിരുന്നു.

ലോക്‌സഭാ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച്‌ നടത്തുമ്പോള്‍ ഉണ്ടാകുന്ന അനുകൂല തരംഗം വോട്ടാക്കി മാറ്റാനാകുമെന്നാണ് മോദിയുടെയും കൂട്ടരുടെയും പ്രതീക്ഷ.

 

Trending News