വോട്ടിംഗ് യന്ത്രത്തിന് പകരം ബാലറ്റ് പേപ്പര്‍: നിര്‍ണ്ണായക നീക്കവുമായി പാര്‍ട്ടികള്‍

 

Last Updated : Aug 3, 2018, 05:40 PM IST
വോട്ടിംഗ് യന്ത്രത്തിന് പകരം ബാലറ്റ് പേപ്പര്‍: നിര്‍ണ്ണായക നീക്കവുമായി പാര്‍ട്ടികള്‍

 

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പില്‍ വോട്ടിംഗ് യന്ത്രത്തിന് പകരം ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അടക്കമുള്ള 17 പ്രതിപക്ഷ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുന്നു. 

അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെന്നാണ് ആവശ്യവുമായാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുന്നത്. 

ഈ നീക്കത്തിന് ചുക്കാന്‍ പിടിക്കുന്നത്‌ പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷയുമായ മമത ബാനര്‍ജിയാണ്. തൃണമൂല്‍ കോണ്‍ഗ്രസിനെക്കൂടാതെ എസ്.പി, ബി.എസ്.പി, ഇടതു പാര്‍ട്ടികള്‍, ആര്‍.ജെ.ഡി, എന്‍.സി.പി, എ.എ.പി, ഡി.എം.കെ, ടി.ഡി.പി, വൈ.എസ്.ആര്‍ കോണ്‍ഗ്രസ് തുടങ്ങിയ കക്ഷികള്‍ ബാലറ്റ് പേപ്പര്‍ ആവശ്യത്തെ പിന്തുണയ്ക്കുന്നുവെന്നാണ് സൂചന. ഇക്കാര്യത്തില്‍ ശിവസേനയും പ്രതിപക്ഷത്തിനൊപ്പമാണ്.  

മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി തലസ്ഥാനത്ത് എത്തിയിരുന്ന മമത ബാനര്‍ജി പ്രതിപക്ഷ നേതാക്കളെ സന്ദര്‍ശിച്ചിരുന്നു. സോണിയാഗാന്ധിയും രാഹുല്‍ ഗാന്ധിയുമായും കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയില്‍  ബാലറ്റ് പേപ്പറിനായി ഒറ്റക്കെട്ടായി നീങ്ങണമെന്ന നിര്‍ദേശം മമത ബാനര്‍ജി മുന്നോട്ട് വച്ചിരുന്നു.

ഈ നിര്‍ദ്ദേശം, ശനിയാഴ്ച ചേരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ചര്‍ച്ച ചെയ്യും. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തീരുമാനം ശേഷമാണ് ഉണ്ടാവുക. 

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും വോട്ടിംഗ് യന്ത്രത്തില്‍ ക്രമക്കേട് നടന്നിരുന്നുവെന്ന് വ്യാപകമായ ആരോപണം ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്നാണ്  പ്രതിപക്ഷ പാര്‍ട്ടികള്‍ തിരഞ്ഞടുപ്പില്‍ ബാലറ്റ് പേപ്പര്‍ വേണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നിരിക്കുന്നത്.

ലോകരാഷ്ട്രങ്ങള്‍ പരിശോധിച്ചാല്‍ വളരെ കുറച്ച് രാജ്യങ്ങള്‍ സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ വോട്ടിംഗ് യന്ത്ര൦ ഉപയോഗിക്കുന്നതായി കാണുവാന്‍ കഴിയും. മിക്ക സമ്പന്ന രാജ്യങ്ങളും സമ്മതിദാനാവകാശം രേഖപ്പെടുത്താന്‍ ബാലറ്റ് പേപ്പറാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. വോട്ടിംഗിലെ സുതാര്യത നിലനിര്‍ത്താനാണ് ഇത്. 

 

 

Trending News