ആക്രമിക്കപ്പെട്ട ഒന്നാം ക്ലാസ്സ്‌ വിദ്യാര്‍ഥിയെ മുഖ്യമന്ത്രി യോഗി സന്ദര്‍ശിച്ചു

ഉത്തര്‍പ്രദേശിലെ അലിഗന്‍ജിലുള്ള ബ്രൈറ്റ്ലാന്‍ഡ്‌ സ്ക്കൂളില്‍ ചൊവ്വാഴ്ച നടന്ന സംഭവം ഡല്‍ഹിയിലെ റയാന്‍ ഇന്റര്‍നാഷണല്‍ സ്കൂളിലെ കൊലപാതകത്തെ അനുസ്മരിപ്പിക്കും വിധം സമാനമായിരുന്നു.

Last Updated : Jan 18, 2018, 05:04 PM IST
ആക്രമിക്കപ്പെട്ട ഒന്നാം ക്ലാസ്സ്‌ വിദ്യാര്‍ഥിയെ മുഖ്യമന്ത്രി യോഗി സന്ദര്‍ശിച്ചു

ലഖ്നൗ: ഉത്തര്‍പ്രദേശിലെ അലിഗന്‍ജിലുള്ള ബ്രൈറ്റ്ലാന്‍ഡ്‌ സ്ക്കൂളില്‍ ചൊവ്വാഴ്ച നടന്ന സംഭവം ഡല്‍ഹിയിലെ റയാന്‍ ഇന്റര്‍നാഷണല്‍ സ്കൂളിലെ കൊലപാതകത്തെ അനുസ്മരിപ്പിക്കും വിധം സമാനമായിരുന്നു.

ചൊവ്വാഴ്ച രാവിലെ അസംബ്‌ളി കഴിഞ്ഞതിനു ശേഷമാണ് സ്‌കൂള്‍ ഇന്‍ ചാര്‍ജ് ശുചിമുറിയില്‍ രക്തം വാര്‍ന്ന നിലയില്‍ ഹൃതികിനെ കാണുന്നത്. ശുചിമുറിയില്‍ നിന്നും ആരോ മുട്ടുന്നത് കേട്ട് ഇദ്ദേഹം വാതില്‍ തുറന്നപ്പോഴാണ് കുത്തേറ്റ് കിടക്കുന്ന ഹൃത്വികിനെ കാണാനിടയായത്. ഉടന്‍ തന്നെ സ്ക്കൂള്‍ അധികൃതര്‍ കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ട്രോമ കെയര്‍ യൂണിറ്റില്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ് വിദ്യാര്‍ഥി.

ആണ്‍കുട്ടികളെ പോലെ മുടി മുറിച്ച ഒരു ചേച്ചിയാണ്, ടീച്ചര്‍ വിളിക്കുന്നുണ്ടെന്ന് പറഞ്ഞ് തന്നെ ബാത്ത്‌റൂമിലേക്ക് കൂട്ടിക്കൊണ്ടുപോയതെന്ന് ഹൃതിക് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ശുചിമുറിയില്‍ കയറി വാ പൊത്തിപ്പിടിച്ച് നെറ്റിയിലും വയറ്റത്തും കുത്തുകയായിരുന്നു എന്നാണ് കുട്ടി നല്‍കിയിരിക്കുന്ന മൊഴി. പെണ്‍കുട്ടിയെ കണ്ടാല്‍ തിരിച്ചറിയുമെന്നും ഹൃത്വിക് രക്ഷിതാക്കളോടും പൊലീസിനോടും പറഞ്ഞു. ബാത്ത്‌റൂമിന് സമീപത്തായി ഒരു സിസിടിവിയും ഇല്ലാത്തത് അന്വേഷണത്തില്‍ തിരിച്ചടിയായിട്ടുണ്ട്.

ആക്രമിക്കപ്പെട്ട ഒന്നാം ക്ലാസ്സ്‌ വിദ്യാര്‍ഥിയുടെ ശരീരത്തില്‍ നിന്നും ലഭിച്ച മുടി ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. പെണ്‍കുട്ടി അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ചാണ് ആക്രമിച്ചത്. പെണ്‍കുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്‍പില്‍ ഹാജരാക്കുമെന്നും സ്ക്കൂള്‍ പ്രിന്‍സിപ്പലിനെ അറസ്റ്റ് ചെയ്തതായും ലഖ്നൗ എസ് എസ് പി ദീപക് കുമാര്‍ പറഞ്ഞു.

അതേസമയം, ആക്രമിക്കപ്പെട്ട ഒന്നാം ക്ലാസ്സ്‌ വിദ്യാര്‍ഥിയെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആശുപത്രിയിലെത്തി സന്ദര്‍ശിക്കുകയും എല്ലാ സഹായവും വാഗ്ദാനം ചെയ്യുകയും ചെയ്തു.
 
എന്നാല്‍ സ്‌കൂള്‍ അധികൃതര്‍ സംഭവം മൂടിവെക്കാന്‍ ശ്രമിച്ചുവെന്നും ആശുപത്രി അധികൃതരാണ് പൊലീസിനെ അറിയിച്ചതെന്നും ആരോപണമുണ്ട്. വിദ്യാര്‍ഥിയുടെ ജീവന്‍ രക്ഷിക്കുന്നതിനാണ് തങ്ങള്‍ പ്രഥമ പരിഗണന നല്‍കിയതെന്നാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം.

 

 

 

 

 

Trending News