പെട്രോള്‍, ഡീസല്‍ വില: ജിഎസ്ടി പരിധിയിലായാലും വിലകുറയില്ലെന്ന് റിപ്പോര്‍ട്ട്‌

ജിഎസ്ടിയിലെ പരമാവധി നിരക്കിനൊപ്പം സംസ്ഥാന നികുതികള്‍ കൂടി ഈടാക്കുകയെന്ന ഫോര്‍മുലയിലേക്ക് എത്തിയതെന്ന് പിടിഐ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

Last Updated : Jun 20, 2018, 06:23 PM IST
പെട്രോള്‍, ഡീസല്‍ വില: ജിഎസ്ടി പരിധിയിലായാലും വിലകുറയില്ലെന്ന് റിപ്പോര്‍ട്ട്‌

ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വിലകള്‍ ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്തിയാലും രാജ്യത്ത് ഇന്ധനവിലയില്‍ കാര്യമായ മാറ്റമുണ്ടാവില്ലെന്ന് റിപ്പോര്‍ട്ട്‌. ജിഎസ്ടിക്കൊപ്പം സംസ്ഥാന നികുതികള്‍ കൂടി ഈടാക്കുന്ന നികുതി ഘടനയെക്കുറിച്ചാണ് കേന്ദ്ര തലത്തില്‍ ആലോചനകള്‍ നടക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാരിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട്‌ ചെയ്തു.

ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുകയാണെങ്കില്‍ നിലവിലെ ഏറ്റവും ഉയര്‍ന്ന സ്ലാബായ 28 ശതമാനമായിരിക്കും ഇന്ധനവിലയുടെ നികുതി നിരക്ക്. ഇതിനൊപ്പം സംസ്ഥാന നികുതികള്‍ കൂടി ഈടാക്കുമ്പോള്‍ വിലയില്‍ കാര്യമായ മാറ്റമുണ്ടാകില്ല.

ലോകത്തൊരിടത്തും ശുദ്ധമായ ജിഎസ്ടിയല്ല പെട്രോളിനും ഡീസലിനും ഈടാക്കുന്നത്. ഇന്ത്യയിലും ഇതുതന്നെയായിരിക്കും നടപ്പാക്കുകയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ജിഎസ്ടി സ്ലാബുകള്‍ പ്രകാരം 12, 18, 28 എന്നിങ്ങനെയാണ് നിലവില്‍ വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് നിശ്ചയിച്ചിട്ടുള്ള നികുതി നിരക്ക്‍. ജിഎസ്ടിയിലെ പരമാവധി ഉയര്‍ന്ന സ്ലാബിലും മുകളിലുള്ള നികുതിയാണ് ഇന്ധനവിലയില്‍ ഇപ്പോള്‍ ചുമത്തുന്നത്.

ഇന്ധനവില ജിഎസ്ടി പരിധിയിലെ ഏറ്റവും ഉയര്‍ന്ന സ്ലാബായ 28 ശതമാനത്തില്‍ കൊണ്ടുവന്നാല്‍ പോലും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വരുമാനത്തില്‍ വലിയ ഇടിവ് ഉണ്ടാകും. ഈ സാഹചര്യത്തിലാണ് ജിഎസ്ടിയിലെ പരമാവധി നിരക്കിനൊപ്പം സംസ്ഥാന നികുതികള്‍ കൂടി ഈടാക്കുകയെന്ന ഫോര്‍മുലയിലേക്ക് എത്തിയതെന്ന് പിടിഐ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

നിലവില്‍ ഒരു ലിറ്റര്‍ പെട്രോളിന് 19.48 രൂപയും ഡീസലിന് 15.33 രൂപയുമാണ്‌ കേന്ദ്ര സര്‍ക്കാര്‍ ഈടാക്കുന്ന എക്സൈസ് തീരുവ. ഇതിനുപുറമേയാണ് സംസ്ഥാന നികുതികള്‍. 

രാജ്യാന്തര വിപണിയില്‍ വില കുറയുന്നതിനനുസരിച്ചുള്ള കുറവ് ഇന്ധനവിലയില്‍ പ്രതിഫലിക്കുമെങ്കിലും വര്‍ദ്ധന ഇപ്പോഴത്തേതിനേക്കാള്‍ ഭീമമായിരിക്കുമെന്നും റിപ്പോര്‍ട്ട്‌ സൂചിപ്പിക്കുന്നു.

Trending News