റായ്ബറേലിയില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

കോണ്‍ഗ്രസിലെ ചിലര്‍ സര്‍ജ്ജിക്കല്‍ സ്‌ട്രൈക്കിനെ കുറിച്ച് നിരന്തരമായി ചോദ്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്.   

Last Updated : Dec 16, 2018, 03:21 PM IST
റായ്ബറേലിയില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

റായ്ബറേലി: പ്രധാനമന്ത്രി ആയതിനുശേഷം ആദ്യമായി റായ് ബറേലിയില്‍ എത്തിയ നരേന്ദ്ര മോദി കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചു. റായ് ബറേലിയില്‍ 1000 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.   

നമ്മുടെ രാജ്യത്തിന് ഇന്ന് രണ്ട് വശങ്ങളുണ്ട്, ഒരു വശത്ത് സര്‍ക്കാര്‍ സേനയെ ശക്തിപ്പെടുത്താന്‍ ശ്രമിച്ച് കൊണ്ടിരിക്കുമ്പോള്‍ മറുവശത്ത് ഏത് വിധേനയും സേനയെ ദുര്‍ബലമാക്കാനുള്ള ശ്രമങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. നമ്മുടെ സേനയെ ശക്തിപ്പെടുന്നതിനെ എതിര്‍ത്ത് കൊണ്ട് കോണ്‍ഗ്രസ് നില്‍ക്കുന്നത് ഇന്ന് നമ്മുടെ രാജ്യം കണ്ടുകൊണ്ടിരിക്കുകയാണെന്നും ആദേഹം ആരോപിച്ചു.

പ്രതിരോധത്തില്‍ കോണ്‍ഗ്രസിന്‍റെ ചരിത്രം ബന്ധപ്പെട്ട് കിടക്കുന്നത് ക്വത്‌റോച്ചിയുമായി ബന്ധപ്പെട്ടാണ്. ഹെലികോപ്റ്റര്‍ അഴിമതിയില്‍ കുറ്റാരോപിതനായ ക്രിസ്ത്യന്‍ മിഷേലിനെ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇന്ത്യയിലെത്തിച്ചത്. അയാളെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് അവരുടെ വക്കീലിനെ അയച്ചതും എല്ലാവരും കണ്ടതാണ്.

നമുക്കെല്ലാവര്‍ക്കും നമ്മുടെ പാര്‍ട്ടിയേക്കാള്‍ വലുതാണ് രാജ്യം. രാജ്യസുരക്ഷയുടെ കാര്യത്തിലേക്ക് വരുമ്പോള്‍ സൈനികരുടെ സുരക്ഷയെക്കുറിച്ചും സംസാരിക്കണം. എന്‍ഡിഎ സര്‍ക്കാര്‍ സംരക്ഷിച്ചത് രാജ്യത്തിന്‍റെ താത്പര്യമാണ്. കോണ്‍ഗ്രസിലെ ചിലര്‍ സര്‍ജ്ജിക്കല്‍ സ്‌ട്രൈക്കിനെ കുറിച്ച് നിരന്തരമായി ചോദ്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്. സൈന്യത്തിന്‍റെ വാക്കുകളെക്കാള്‍ അവര്‍ വിലവയ്ക്കുന്നത് ശത്രുക്കളുടെ വാക്കുകളാണെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

മോഡേണ്‍ കോച്ച് ഫാക്ടറിയിലെ 900ാമത് കോച്ചും പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു. വരും വര്‍ഷങ്ങളില്‍ ലോകത്തെ ഏറ്റവും വലിയ കോച്ച് ഫാക്ടറിയായി ഇവിടം മാറുമെന്ന് അദ്ദേഹം പറഞ്ഞു.  2010ല്‍ ആണ് കോച്ച് ഫാക്ടറി നിലവില്‍ വന്നത്. അയ്യായിരം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് വാഗ്ദാനം ചെയ്‌തെങ്കിലും ഒന്നും നടന്നില്ലെന്നും മോദി കുറ്റപ്പെടുത്തി.

2014 ല്‍ ഒരാള്‍ക്ക് പോലും അന്നത്തെ യു.പി.എ സര്‍ക്കാര്‍ തൊഴില്‍ നല്‍കിയിട്ടില്ല. എന്നാല്‍ നാലുവര്‍ഷം പിന്നിടുമ്പോള്‍ രണ്ടായിരത്തിലധികം യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാന്‍ എന്‍ഡിഎ സര്‍ക്കാരിന് കഴിഞ്ഞു. ഇതോടൊപ്പം അടുത്തവര്‍ഷം നടക്കാനിരിക്കുന്ന കുംഭമേളയുടെ ഒരുക്കങ്ങളും പ്രധാനമന്ത്രി പരിശോധിച്ചു.

Trending News