ന്യൂനപക്ഷങ്ങള്‍ക്കിടയിലേക്ക് പ്രധാനമന്ത്രി; ലക്ഷ്യം തെരഞ്ഞെടുപ്പ്

2019ല്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുകൊണ്ട് ന്യൂനപക്ഷങ്ങളെ തൃപ്തിപ്പെടുത്താനുറച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്‍ഡോറില്‍ ദാവൂദി ബോഹ്റകള്‍ സംഘടിപ്പിച്ച പ്രത്യേക പരിപാടിയില്‍ പ്രധാനമന്ത്രി പങ്കെടുത്തിരുന്നു.

Updated: Sep 14, 2018, 07:02 PM IST
ന്യൂനപക്ഷങ്ങള്‍ക്കിടയിലേക്ക് പ്രധാനമന്ത്രി; ലക്ഷ്യം തെരഞ്ഞെടുപ്പ്

ന്യൂഡല്‍ഹി: 2019ല്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുകൊണ്ട് ന്യൂനപക്ഷങ്ങളെ തൃപ്തിപ്പെടുത്താനുറച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്‍ഡോറില്‍ ദാവൂദി ബോഹ്റകള്‍ സംഘടിപ്പിച്ച പ്രത്യേക പരിപാടിയില്‍ പ്രധാനമന്ത്രി പങ്കെടുത്തിരുന്നു.

2014ല്‍ അധികാരത്തിലെത്തിയ ശേഷം പ്രധാനമന്ത്രി പങ്കെടുക്കുന്ന രണ്ടാമത്തെ മുസ്ലിം ചടങ്ങായിരുന്നു ഇത്. ഇതാണ് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് പ്രധാനമന്ത്രി ചടങ്ങില്‍ സംബന്ധിച്ചത് എന്ന ധാരണ ഉളവാകാന്‍ കാരണവും. 

ഇന്‍ഡോറിലെ ഷിയാ വിഭാഗമാണ് ദാവൂദി ബോഹ്റകള്‍. ഇമാം ഹുസൈന്‍റെ രക്തസാക്ഷിത്വത്തോട് അനുബന്ധിച്ച് ദാവൂദി ബോഹ്റകള്‍ സംഘടിപ്പിച്ച ചടങ്ങിലാണ് പ്രധാനമന്ത്രി പങ്കെടുത്തത്. ഇതിന് മുമ്പ് മോദി ഒരു മുസ്‌ലീം സമൂഹത്തെ അഭിമുഖീകരിച്ചത് 2016ല്‍ വിഗ്യാന്‍ ഭവനില്‍ നടന്ന വേള്‍ഡ് ഇസ്ലാമിക് സൂഫി കോണ്‍ഫറന്‍സിലാണ്. 

അതേസമയം, ചടങ്ങിലുടനീളം കേന്ദ്ര സര്‍ക്കാരിനെയും ദാവൂദി ബോഹ്റകളേയും പ്രകീര്‍ത്തിക്കാന്‍ മോദി മറന്നില്ല. തനിക്ക് ബോഹ്‌റാ സമൂഹവുമായി നല്ല ബന്ധമാണുള്ളത്. താന്‍ ഗുജാറാത്ത് മുഖ്യമന്ത്രി ആയിരിക്കുമ്പോള്‍ ബോഹ്‌റ സമൂഹം തന്നെ പിന്തുണച്ചു. രാജ്യവികസനത്തില്‍ വലിയ പങ്കാണ് അവര്‍ക്കുള്ളത് എന്നും പ്രധാനമന്ത്രി ചടങ്ങില്‍ അഭിപ്രായപ്പെട്ടു. കൂടാതെ, പ്രധാനമന്ത്രിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി ചടങ്ങിന്‍റെ തത്സമയ ദൃശ്യങ്ങളും നല്‍കിയിരുന്നു.

കേന്ദ്ര സര്‍ക്കാരിന്‍റെ വിവിധ പദ്ധതികളെ വാനോളം പ്രകീര്‍ത്തിച്ച നരേന്ദ്രമോദി 'സരിതയും, സബീനയും, സോഫിയയും തന്‍റെ സഹോദരിമാരാണെന്നും, എല്ലാവരും ഉജ്ജ്വല സ്‌കീമില്‍ നിന്നും ആനുകൂല്യങ്ങള്‍ നേടിയവരാണെന്നും പറഞ്ഞു. കൂടാതെ, റഹ്മാനും, റതീന്ദറും, റോബര്‍ട്ടും സൗഭാഗ്യ സ്‌കീമില്‍ നിന്ന് ആനുകൂല്യങ്ങള്‍ നേടിയെന്നും മോദി കൂട്ടിച്ചേര്‍ത്തു. 

അതേസമയം, റാഫേല്‍ അഴിമതി, വിജയ് മല്യയും അരുണ്‍ ജയ്റ്റ്‌ലിയും തമ്മിലുള്ള കൂടിക്കാഴ്ച ഇവയൊന്നും നരേന്ദ്രമോദിയുടെ പ്രസംഗത്തില്‍ ഇടം നേടിയില്ല എന്നതും ശ്രദ്ധേയം.