രാജ്യം ഭരിക്കാന്‍ അവിവാഹിതര്‍ മതി: പരാസ് ചന്ദ്ര ജെയ്ന്‍

  അവിവാഹിതര്‍ക്ക് രാഷ്ട്രീയത്തില്‍ വിജയിക്കാന്‍ കഴിയുന്നതിന്‍റെയും രാജ്യത്തെ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധയിലെത്തിക്കാന്‍ കഴിയുന്നതിന്‍റെ മികച്ച ഉദാഹരണമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും അദ്ദേഹം പറഞ്ഞു.

Last Updated : May 20, 2018, 02:59 PM IST
രാജ്യം ഭരിക്കാന്‍ അവിവാഹിതര്‍ മതി: പരാസ് ചന്ദ്ര ജെയ്ന്‍

ന്യൂഡല്‍ഹി: രാഷ്ട്രീയത്തില്‍ ഇറങ്ങി രാജ്യ സേവനം ചെയ്യണമെങ്കില്‍ അവിവാഹിതര്‍ ആവണമെന്ന് മധ്യപ്രദേശ് മന്ത്രി. ശിവരാജ് സിങ് ചൗഹാന്‍റെ നേതൃത്വത്തിലുള്ള ബിജെപി മന്ത്രി സഭയിലെ ഊര്‍ജ്ജ മന്ത്രിയുടേതാണ് കണ്ടെത്തല്‍.

വിവാഹിതരായവര്‍ക്ക് രാഷ്ട്രത്തിന് വേണ്ടി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും സമയം കാണില്ലെന്നും കുടുംബം അവരുടെ സമയം അപഹരിക്കുമെന്നും പരാസ് ചന്ദ്ര ജെയ്ന്‍ പറയുന്നു.  അവിവാഹിതര്‍ മാത്രമായിരിക്കണം രാഷ്ട്രീയത്തിലേക്കും അധികാരത്തിലേക്കും എത്തേണ്ടതെന്നുമാണ് പരാസ് ചന്ദ്ര പറയുന്നത്.

വിവാഹിതനായ പരാസ് ചന്ദ്ര ജെയ്ന്‍ സ്വന്തം കുടുംബത്തിന്‍റെ സ്ഥാപനങ്ങള്‍ക്ക് വഴിവിട്ട് സഹായം നല്‍കിയെന്ന് ആരോപണം നേരിടുന്ന വ്യക്തി കൂടിയാണ്.  മധ്യപ്രദേശിലെ ഖാണ്ഡ്വയില്‍ നടന്ന പരിപാടിയിലാണ് അവിവാഹിതര്‍ രാഷ്ട്രീയത്തിലേക്ക് കടന്ന് വരുന്നതിന്‍റെ ഗുണങ്ങള്‍ അദ്ദേഹം വിവരിച്ചത്.

അവിവാഹിതര്‍ക്ക് രാഷ്ട്രീയത്തില്‍ വിജയിക്കാന്‍ കഴിയുന്നതിന്‍റെയും രാജ്യത്തെ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധയിലെത്തിക്കാന്‍ കഴിയുന്നതിന്‍റെ മികച്ച ഉദാഹരണമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും അദ്ദേഹം പറഞ്ഞു.

വിവാഹിതര്‍ക്ക് കുടുംബത്തിനെ ചുറ്റിപ്പറ്റിയുള്ള പ്രാരാബ്ധങ്ങളെ തുടര്‍ന്ന് രാജ്യ സേവനത്തിനല്ല കുടുംബ സേവനത്തിനേ സമയം കാണു. എന്നാല്‍ ഇത്തരം കെട്ടുപാടുകള്‍ ഇല്ലാത്ത അവിവാഹിതര്‍ രാജ്യ സേവനത്തിലക്ക് കടന്നു വരുന്നത് രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുമെന്നും അദ്ദേഹം അവകാശപ്പെടുന്നു.

മാത്രമല്ല, കുടുംബം വലുതായാല്‍ അടുത്ത തലമുറയുടെ വിവാഹത്തെ കുറിച്ചാകും പിന്നീടുള്ള ആശങ്ക. എന്നാല്‍ ഇത്തരം ആശങ്കകള്‍ ഒന്നുമില്ലാത്തവര്‍ക്ക് രാജ്യത്തെ കുറിച്ച് മാത്രം ചിന്തിച്ചാല്‍ മതിയെന്നും അദ്ദേഹം ചൂണ്ടികാട്ടി. തനിക്കെതിരെയുള്ള അഴിമതി ആരോപണങ്ങള്‍ വീണ്ടും നിഷേധിച്ച പരാസ് ചന്ദ്ര ജെയ്ന്‍ ഒരു ബിസിനസ് സ്ഥാപനം നടത്തുന്നത് കുറ്റകരമല്ലെന്നും കൂട്ടിച്ചേര്‍ത്തു.

Trending News