സ്വജനപക്ഷപാതം അനുവദിക്കില്ല; ബിജെപി മന്ത്രിമാര്‍ക്ക് പ്രധാനമന്ത്രിയുടെ താക്കീത്

രണ്ടു പതിറ്റാണ്ടുമുന്‍പ് മധ്യപ്രദേശ് തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്കുണ്ടായ പരാജയം അദ്ദേഹം ഓര്‍മ്മിപ്പിച്ചു.   

Updated: Sep 14, 2018, 01:22 PM IST
സ്വജനപക്ഷപാതം അനുവദിക്കില്ല; ബിജെപി മന്ത്രിമാര്‍ക്ക് പ്രധാനമന്ത്രിയുടെ താക്കീത്

ന്യൂഡല്‍ഹി: സ്വജനപക്ഷപാതത്തിനെതിരെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് താക്കീതുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണാധികാരികള്‍ക്ക് വേണ്ടപ്പട്ടവരെ ഭരണത്തിലും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും തിരുകികയറ്റുന്നതിനെതിരെയാണ് പ്രധാനമന്ത്രിയുടെ ഉപദേശം. 

മുഖ്യമന്ത്രിമാരുമായും ഉപമുഖ്യമന്ത്രിമാരുമായും നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. അധികാരത്തിലിരിക്കുമ്പോള്‍ ബന്ധുക്കളും കുടുംബാംഗങ്ങളും അവകാശവാദങ്ങളുന്നയിക്കുന്നത് പതിവാണ്.

എന്നാല്‍ അത്തരം കാര്യങ്ങള്‍ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണെന്നും അതല്ലെങ്കില്‍ കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്ന ബിജെപിയുടെ രാഷ്ട്രീയം ദുര്‍ബലമാകുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

അതിന് ഉദാഹരണമായി രണ്ടു പതിറ്റാണ്ടുമുന്‍പ് മധ്യപ്രദേശ് തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്കുണ്ടായ പരാജയം അദ്ദേഹം ഓര്‍മ്മിപ്പിച്ചു. വേണ്ടപ്പെട്ടവര്‍ക്ക് സീറ്റുകള്‍ വീതംവെച്ചു നല്‍കിയതാണ് മധ്യപ്രദേശ് തിരഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെടാന്‍ കാരണമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍, മിസോറം, തെലങ്കാന എന്നിവിടങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ ഈ നിര്‍ദേശം. ഈ തിരഞ്ഞെടുപ്പുകളില്‍ ബിജെപിയുടെ നിരവധി നേതാക്കള്‍ തങ്ങളുടെ ബന്ധുക്കള്‍ക്കായി സീറ്റുകള്‍ ആവശ്യപ്പെട്ട് പാര്‍ട്ടിയെ സമീപിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ ഇത് പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടാക്കുമെന്ന് ബിജെപി ഭയപ്പെടുന്നതായാണ് റിപ്പോര്‍ട്ട്.

കൂടാതെ, വിദേശയാത്ര നടത്തുന്ന സമയത്ത് മുന്‍ക്കൂട്ടി അറിയിപ്പ് നല്‍കണമെന്നും ബിജെപി മന്ത്രിമാര്‍ക്ക് പ്രധാനമന്ത്രി നിര്‍ദേശം നല്‍കി. ഔദ്യോഗിക, സ്വകാര്യ വിദേശയാത്രകള്‍ നടത്തുമ്പോള്‍ നടത്താനുദ്ദേശിക്കുന്ന യാത്രയുടെ വിശദാംശങ്ങള്‍, ആതിഥേയര്‍, പരിപാടികള്‍ തുടങ്ങിയ കാര്യങ്ങള്‍ തന്നെ അറിയിക്കണമെന്നാണ് നിര്‍ദേശത്തിലുള്ളത്.