ലാലുവിന്‍റെ ശിക്ഷാവിധി നാളേക്ക് മാറ്റി

കാലിത്തീറ്റ കുംഭകോണകേസില്‍ ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന്‍റെ ശിക്ഷാവിധി പ്രഖ്യാപിക്കുന്നത് റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതി നാളെക്ക് മാറ്റി. അഭിഭാഷകനായ വിന്ദേശ്വരി പ്രസാദിന്‍റെ മരണത്തെ തുടര്‍ന്ന് അനുശോചനയോഗം നടക്കുന്നതിനാല്‍ അഭിഭാഷകര്‍ ഹാജരായിരുന്നില്ല. 

Updated: Jan 3, 2018, 12:32 PM IST
ലാലുവിന്‍റെ ശിക്ഷാവിധി നാളേക്ക് മാറ്റി

റാഞ്ചി: കാലിത്തീറ്റ കുംഭകോണകേസില്‍ ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന്‍റെ ശിക്ഷാവിധി പ്രഖ്യാപിക്കുന്നത് റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതി നാളെക്ക് മാറ്റി. അഭിഭാഷകനായ വിന്ദേശ്വരി പ്രസാദിന്‍റെ മരണത്തെ തുടര്‍ന്ന് അനുശോചനയോഗം നടക്കുന്നതിനാല്‍ അഭിഭാഷകര്‍ ഹാജരായിരുന്നില്ല. 

അതേസമയം, ലാലുവിന്‍റെ മകന്‍ തേജസ്വി യാദവ്, മുതിര്‍ന്ന ആര്‍.ജെ.ഡി നേതാക്കളായ രഘുവംശ് പ്രസാദ് സിംഗ്, മനോജ് ഝാ എന്നിവര്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് നോട്ടീസ് അയച്ചു. കോടതി നടപടികള്‍ക്കെതിരെ പരസ്യപ്രസ്താവന നടത്തിയത് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. 

കുംഭകോണവുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസിലാണ് ലാലു ഉൾപ്പെടെ പതിനാറ് പേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരിക്കുന്നത്. 2013ല്‍ ആദ്യകേസിന്‍റെ ശിക്ഷയായി അഞ്ചുവര്‍ഷം തടവും 25 ലക്ഷം പിഴയും വിധിച്ചിരുന്നെങ്കിലും രണ്ടരമാസം ജയിലില്‍ കിടന്ന ലാലുപ്രസാദ്, സുപ്രീംകോടതി ജാമ്യം നല്‍കിയതിനെ തുടര്‍ന്ന് പുറത്തിറങ്ങുകയായിരുന്നു. 

ലാലുവിന്‍റെ പ്രായവും ആരോഗ്യസ്ഥിതിയും കണക്കിലെടുത്ത് പരമാവധി കുറഞ്ഞ ശിക്ഷയ്ക്കായി വാദിക്കുമെന്ന് ലാലുവിന്‍റെ അഭിഭാഷകന്‍ വ്യക്തമാക്കി. നിലവില്‍ റാഞ്ചിയിലെ ബിര്‍സ മുണ്ട ജയിലിലാണ് ലാലുപ്രസാദ് യാദവ്. 

1991–94 കാലയളവില്‍ ദേവ്ഗഡ് ട്രഷറിയില്‍ നിന്ന് വ്യാജ ബില്ലുകള്‍ നല്‍കി 89 ലക്ഷം രൂപ വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്തുവെന്നാണ് ലാലുവിനും കൂട്ടുപ്രതികള്‍ക്കും എതിരെയുളള സിബിഐ കേസ്. ലാലുപ്രസാദ്, ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്ര എന്നിവര്‍ ഉള്‍പ്പെടെ 22 പേരാണ് കേസില്‍ പ്രതികളായുണ്ടായിരുന്നത്. 

ജഗന്നാഥ് മിശ്രയെ അടക്കം 6 പേരെ കോടതി കുറ്റവിമുക്തരാക്കുകയും ലാലു അടക്കം പതിനാറ് പേര്‍ക്കെതിരെ അഴിമതി നിരോധനനിയമം, ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ഗൂഢാലോചന, തട്ടിപ്പ് തുടങ്ങിയ കുറ്റങ്ങള്‍ തെളിഞ്ഞതായി റാഞ്ചി സിബിഐ പ്രത്യേക കോടതി ജഡ്ജി ശിവ്പാല്‍ സിങ് കണ്ടെത്തിയിരുന്നു.

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close