പേരറിവാളന്‍റെ ജയില്‍ മോചനം: കേന്ദ്ര സർക്കാരിന്‍റെ അഭിപ്രായം ആരാഞ്ഞ് സുപ്രീംകോടതി

രാജീവ് ഗാന്ധി വധക്കേസ് പ്രതിയായ എ ജി പേരറിവാളന്‍റെ ജയില്‍ മോചനം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിനോട് അഭിപ്രായം അറിയിക്കാന്‍ സുപ്രീംകോടതി  ആവശ്യപ്പെട്ടു.

Updated: Nov 14, 2017, 05:02 PM IST
പേരറിവാളന്‍റെ ജയില്‍ മോചനം: കേന്ദ്ര സർക്കാരിന്‍റെ അഭിപ്രായം ആരാഞ്ഞ് സുപ്രീംകോടതി

ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസ് പ്രതിയായ എ ജി പേരറിവാളന്‍റെ ജയില്‍ മോചനം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിനോട് അഭിപ്രായം അറിയിക്കാന്‍ സുപ്രീംകോടതി  ആവശ്യപ്പെട്ടു.

പേരറിവാളനെ മോചിപ്പിക്കുവാനുള്ള തമിഴ്നാട് സര്‍ക്കാരിന്‍റെ തീരുമാനത്തെ കേന്ദ്ര സര്‍ക്കാര്‍ ചോദ്യം ചെയ്തിരുന്നു. ശ്രീപെരുമ്പത്തൂരിൽ ഒരു ചാവേർ ബോംബ് സ്ഫോടനത്തിലൂടെ മുൻ പ്രധാനമന്ത്രി രാജിവ് ഗാന്ധിയെ വധിച്ച കേസില്‍ മുരുകനും ശാന്തനുമൊപ്പം പേരറിവാളനും ജീവപര്യന്തം തടവാണ് വിധിച്ചിരുന്നത്. 

2017 ഓഗസ്റ്റ്‌ 25 ന് ആദ്യമായി പേരറിവാളന് തമിഴ് നാട് സർക്കാർ പരോൾ അനുവദിച്ചിരുന്നു. പേരറിവാളന്‍റെ അമ്മ അർപുതമ്മാൾ നൽകിയ അപേക്ഷ പരിഗണിച്ചാണ് പരോൾ. ഒരു മാസത്തെ പരോളാണ് പേരറിവാളന് അനുവദിച്ചിരിക്കുന്നത്. 

1991 ൽ അറസ്റ്റിലായതിന് ശേഷം ആദ്യമായാണ് പേരറിവാളന് പരോള്‍ ലഭിച്ചത്. പിതാവിനെ കാണുന്നതിനായിട്ടാണ് പരോൾ അനുവദിച്ചത്.

നേരത്തെ, പേരറിവാളൻ ഉൾപ്പെടെയുള്ള പ്രതികളെ ജയിലിൽനിന്ന് ഉടൻ മോചിപ്പിക്കാനുള്ള തമിഴ്‌നാട് സർക്കാർ തീരുമാനം സുപ്രീംകോടതി ഇടപെട്ട് തടഞ്ഞിരുന്നു. ശാന്തൻ, മുരുകൻ, പേരറിവാളൻ എന്നിവരുടെ വധശിക്ഷ സുപ്രീം കോടതി ജീവപര്യന്തമായി ഇളവുചെയ്‌തതിനു പിന്നാലെയാണ് ഇവരെ മോചിപ്പിക്കാനുള്ള തീരുമാനം തമിഴ് നാട് സർക്കാർ എടുത്തത്. 

1991 മേയ് 21ന് ശ്രീപെരുമ്പത്തൂരിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെയാണ് മുൻ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി സ്ഫോടനത്തിൽ കൊല്ലപ്പെടുന്നത്.