രഥയാത്രയ്‌ക്കെതിരെ വന്‍ പ്രതിഷേധം; തിരുനെല്‍വേലിയില്‍ നിരോധനാജ്ഞ

വിശ്വഹിന്ദു പരിഷത്തിന്‍റെ രാമരാജ്യ രഥയാത്രയ്ക്കെതിരെ തമിഴ്നാട്ടില്‍ വന്‍ പ്രതിഷേധവും സംഘര്‍ഷവും. അയോധ്യയില്‍ നിന്ന് ആരംഭിച്ച രഥയാത്ര തിരുനെല്‍വേലിയില്‍ പ്രവേശിച്ചപ്പോള്‍ത്തന്നെ വിവിധ പാര്‍ട്ടികള്‍ പ്രതിഷേധവുമായി എത്തി. 

Last Updated : Mar 20, 2018, 05:30 PM IST
രഥയാത്രയ്‌ക്കെതിരെ വന്‍ പ്രതിഷേധം; തിരുനെല്‍വേലിയില്‍ നിരോധനാജ്ഞ

തിരുനെല്‍വേലി: വിശ്വഹിന്ദു പരിഷത്തിന്‍റെ രാമരാജ്യ രഥയാത്രയ്ക്കെതിരെ തമിഴ്നാട്ടില്‍ വന്‍ പ്രതിഷേധവും സംഘര്‍ഷവും. അയോധ്യയില്‍ നിന്ന് ആരംഭിച്ച രഥയാത്ര തിരുനെല്‍വേലിയില്‍ പ്രവേശിച്ചപ്പോള്‍ത്തന്നെ വിവിധ പാര്‍ട്ടികള്‍ പ്രതിഷേധവുമായി എത്തി. 

സംഘര്‍ഷം രൂക്ഷമായതോടെ തിരുനെല്‍വേലിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. നിരോധനാജ്ഞ മാര്‍ച്ച്‌ 23 വരെ ഇതു തുടരും. വിടുതലെ ചിരുതൈഗള്‍ കക്ഷി (വിസികെ) അംഗങ്ങളാണ് ഇവിടെ പ്രതിഷേധവുമായി എത്തിയത്. ആയിരത്തിലേറെ പൊലീസുകാരെയാണു തമിഴ്നാട്ടില്‍ രഥയാത്രയ്ക്കു സുരക്ഷയൊരുക്കാന്‍ വിന്യസിച്ചിരിക്കുന്നത്.

അതേസമയം, രഥം സംസ്ഥാനത്തേക്കു പ്രവേശിക്കുന്നതു ക്രമസമാധാന ലംഘനത്തിനിടയാക്കുമെന്ന് ആരോപിച്ച്‌ എം.കെ. സ്റ്റാലിന്‍റെ നേതൃത്വത്തില്‍ ഡിഎംകെ എംഎല്‍എമാര്‍ നിയമസഭയില്‍നിന്ന് ഇന്ന് ഇറങ്ങിപ്പോയി. ഇവരെക്കൂടാതെ നാലു സ്വതന്ത്ര എംഎല്‍എമാരും ഇവരോടൊപ്പമുണ്ടായിരുന്നു. തുടര്‍ന്നു റോഡില്‍ കുത്തിയിരിപ്പു സമരം നടത്തിയ സ്റ്റാലിനെയും പാര്‍ട്ടി നേതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

അതുകൂടാതെ, സംസ്ഥാനത്തെ മതസൗഹാര്‍ദം തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണു രഥയാത്ര വരുന്നതെന്നു കഴിഞ്ഞ ദിവസം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ സ്റ്റാലിന്‍ ആരോപിച്ചിരുന്നു. സ്വന്തം സ്ഥാനവും സര്‍ക്കാരിനെയും സംരക്ഷിക്കാന്‍ വേണ്ടിയാണ് മുഖ്യമന്ത്രി പളനിസാമി രഥയാത്രയ്ക്ക് അനുമതി നല്‍കിയതെന്നായിരുന്നു വിമര്‍ശനം.

എന്നാല്‍, സാമൂഹിക സൗഹാര്‍ദത്തിനു വേണ്ടിയുള്ള ശബ്ദങ്ങളെ അടിച്ചമര്‍ത്തുകയാണു നിരോധനാജ്ഞയിലൂടെ സര്‍ക്കാര്‍ ചെയ്തതെന്നു നടന്‍ കമല്‍ഹാസന്‍ ട്വീറ്റ് ചെയ്തു. വിഭജന രാഷ്ട്രീയ ലക്ഷ്യങ്ങളുമായി മുന്നോട്ടു പോകുന്ന ഒരു യാത്രയ്ക്കാണു സര്‍ക്കാര്‍ പിന്തുണ അറിയിച്ചിരിക്കുന്നത്. ആരൊക്കെയോ പറയുന്നതു കേട്ടു താളം തുള്ളുകയാണു തമിഴ്‌നാട് സര്‍ക്കാര്‍. രഥയാത്രയ്‌ക്കെതിരെ ജനങ്ങളുടെ അഭിപ്രായം കേള്‍ക്കാനോ ബോര്‍ഡ് പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ കണക്കിലെടുക്കാനോ സര്‍ക്കാരിനു കഴിഞ്ഞില്ലെന്നും കമല്‍ഹാസന്‍ ആരോപിച്ചു.

മാര്‍ച്ച് 25ന് രാമേശ്വരത്താണ് യാത്ര അവസാനിക്കുന്നത്. അയോധ്യയില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഫ്‌ലാഗ് ഓഫ് ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും ത്രിപുരയിലെ പ്രചാരണത്തിരക്കിനിടെ അതു നടന്നില്ല. വിഎച്ച്പി ജനറല്‍ സെക്രട്ടറി ചംപത്ത് റായ് ആണു പിന്നീടു രഥയാത്രയ്ക്കു തുടക്കം കുറിച്ചത്. അയോധ്യയില്‍ രാമക്ഷേത്രം പണിയണമെന്ന ആഹ്വാനവുമായാണു യാത്ര.

25 ലക്ഷം രൂപ ചെലവിട്ടു നിര്‍മിച്ച രഥം അയോധ്യയില്‍ നിര്‍മിക്കണമെന്നാവശ്യപ്പെടുന്ന ക്ഷേത്രത്തിന്‍റെമാതൃകയിലാണ്. ബിജെപി നേതാക്കള്‍ യാത്രയില്‍നിന്നു വിട്ടുനില്‍ക്കുകയാണ്. ആറു സംസ്ഥാനങ്ങള്‍ കടന്നാണു രഥയാത്ര രാമേശ്വരത്ത് അവസാനിക്കുന്നത്. 

 

 

Trending News