കത്വ ബലാത്സംഗക്കൊല, തരംതാഴ്ത്തല്‍: സഖ്യം പൊളിയാനുള്ള കാരണങ്ങള്‍ ഇവയാണ്

കത്വ ബലാത്സംഗം ബിജെപി-പിഡിപി ബന്ധത്തെ ഉലച്ച പ്രധാന സംഭവങ്ങളിലൊന്നായിരുന്നു

Last Updated : Jun 19, 2018, 07:45 PM IST
    • അവസാനിച്ചത് മൂന്നര വര്‍ഷത്തെ സഖ്യം
    • മുഫ്തിയുടേത് ഏകപക്ഷീയ തീരുമാനങ്ങള്‍
    • അവഗണിക്കപ്പെട്ട ബിജെപി കേന്ദ്രങ്ങള്‍
കത്വ ബലാത്സംഗക്കൊല, തരംതാഴ്ത്തല്‍: സഖ്യം പൊളിയാനുള്ള കാരണങ്ങള്‍ ഇവയാണ്

ശ്രീനഗര്‍: മെഹബൂബ മുഫ്തിയുടെ നേതൃത്വത്തിലുള്ള ഭരണ സഖ്യത്തില്‍ നിന്ന്‍ ബിജെപി പിന്മാറിയതോടെ ജമ്മു കാശ്മീര്‍ രാഷ്‌ട്രപതി ഭരണത്തിലേക്ക് നീങ്ങുകയാണ്. പിഡിപിയുമായുള്ള മൂന്നര വര്‍ഷത്തെ സഖ്യമാണ് ബിജെപി അവസാനിപ്പിച്ചത്. 

പിഡിപിയുമായുള്ള സഖ്യം തുടരുകയെന്നത് നേതൃത്വത്തെ സംബന്ധിച്ച് അസാധ്യമായിരിക്കുകയാണെന്ന് സൂചിപ്പിച്ച് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവാണ് സഖ്യം പിന്‍വലിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്.

കാശ്മീരില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ദിക്കുന്നുവെന്ന് ആരോപിച്ചാണ് ബിജെപി പിന്തുണ പിന്‍വലിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല ഏകപക്ഷീയമായ തീരുമാനങ്ങള്‍ എടുക്കുന്ന മുഫ്തിയോട് ബിജെപിയിലെ പല നേതാക്കള്‍ക്കും താല്‍പര്യവുമില്ലായിരുന്നു. എന്നാല്‍ ബിജെപി-പിഡിപി നേതൃത്വത്തിലുണ്ടായ വിള്ളലിന്‍റെ അഞ്ച് പ്രധാന കാരണങ്ങള്‍ ഇവയാണ്.

കത്വ ബലാത്സംഗക്കൊല

കത്വയില്‍ എട്ടുവയസ്സുകാരി പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവം ബിജെപി-പിഡിപി ബന്ധത്തെ ഉലച്ച പ്രധാന സംഭവങ്ങളിലൊന്നായിരുന്നു. സംഭവത്തെ ന്യായീകരിച്ച് ബിജെപി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പരസ്യമായി രംഗത്തെത്തിയതും പ്രതികളെ പിന്തുണച്ച് റാലി സംഘടിപ്പിച്ചതും സഖ്യത്തെ ഉലച്ചു.

ബിജെപി കേന്ദ്രങ്ങള്‍ അവഗണിക്കപ്പെട്ടു

2014ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 28 സീറ്റുകള്‍ നേടി പിഡിപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. തുടര്‍ന്ന്‍ 25 സീറ്റുകള്‍ നേടിയ ബിജെപിയുമായി പിഡിപി സഖ്യത്തിലാവുകയായിരുന്നു. മുഫ്തി മുഹമ്മദ്‌ സയീദിന്‍റെ മരണത്തെത്തുടര്‍ന്ന്‍ അധികാരത്തിലെത്തിയ മെഹബൂബയുടെ ഭരണത്തില്‍ ബിജെപി അധീന കേന്ദ്രങ്ങള്‍ അവഗണിക്കപ്പെട്ടു.

വര്‍ദ്ധിച്ച ഭീകരവാദം

അടിക്കടിയുണ്ടായ ഭീകരാക്രമണങ്ങളും യുവാക്കളുടെ പരിഷ്കാരവാദവും വര്‍ദ്ദിച്ചതായി ബിജെപി ആരോപിച്ചു. എന്നാല്‍ മോദി നടപ്പിലാക്കിയ നോട്ട്നിരോധനം കാശ്മീരില്‍ ഭീകരവാദവും കല്ലേറും കുറച്ചിട്ടുണ്ടെന്ന ബിജെപിയുടെ മുന്‍ പ്രസ്താവനകളെ നിരാകരിക്കുന്നതാണ് പുതിയ നടപടി.

തരംതാഴ്ത്തല്‍

ഒരു സഖ്യകക്ഷിയോട് കാട്ടുന്ന യാതൊരു പരിഗണനയും പ്രാധാന്യവും ബിജെപിയ്ക്ക് ലഭിച്ചിരുന്നില്ല എന്നാണ് നേതൃത്വം പറയുന്നത്. ബാക്കര്‍വാല സമുദായക്കാരെ സര്‍ക്കാര്‍ ഭൂമിയില്‍ നിന്ന് കുടിയിറക്കാതിരുന്നതും, കല്ലേറ് നടത്തുന്നവരെ മോചിപ്പിക്കുക തുടങ്ങിയ മുഫ്തിയുടെ തീരുമാനങ്ങളില്‍ ബിജെപിയ്ക്ക് കടുത്ത അതൃപ്തിയായിരുന്നു.

ആസന്നമായ തിരഞ്ഞെടുപ്പ്

2014ലെ തിരഞ്ഞെടുപ്പില്‍ കാശ്മീരിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം നല്‍കുമെന്നായിരുന്നു മോദി സര്‍ക്കാരിന്റെ വാഗ്ദാനം. എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കി നില്‍ക്കേ കേന്ദ്ര സര്‍ക്കാരിനെക്കൊണ്ട് ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്ന് മനസ്സിലാക്കിയ ബിജെപി നേതൃത്വം, രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി സൈന്യത്തിന് കൂടുതല്‍ അധികാരം നല്‍കാനുള്ള ശ്രമത്തിലുമായിരിക്കണം. 

Trending News