ബീഹാറില്‍ വിവരാവകാശ പ്രവര്‍ത്തകനെ അജ്ഞാതര്‍ വെടിവെച്ചുകൊന്നു

തനിക്ക് വധ ഭീഷണി ഉണ്ടെന്നും സുരക്ഷ ഒരുക്കണമെന്നും ആവശ്യപ്പെട്ട് നിരവധി തവണ അധികാരികളെ രാജേന്ദ്ര സിങ് സമീപിച്ചിരുന്നു

Last Updated : Jun 20, 2018, 02:34 PM IST
ബീഹാറില്‍ വിവരാവകാശ പ്രവര്‍ത്തകനെ അജ്ഞാതര്‍ വെടിവെച്ചുകൊന്നു

മോറ്റിഹാരി: ബീഹാറിലെ കിഴക്കന്‍ ചമ്പാരന്‍ ജില്ലയില്‍ മോറ്റിഹാരി പ്രവിശ്യയില്‍ വിവരാവകാശ പ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചു. സംസ്ഥാനത്തെ വിവിധ വകുപ്പുകളിലെ ക്രമക്കേടുകള്‍ പുറത്തു കൊണ്ടുവന്ന രാജേന്ദ്ര സിങ് ആണ് പട്ടാപ്പകല്‍ അജ്ഞാതരുടെ വെടിയേറ്റു മരിച്ചത്.

എല്‍ഐസി ഓഫീസ് ക്രമക്കേട്, അദ്ധ്യാപകര്‍- പൊലീസ് റിക്രൂട്ട്‌മെന്റ് ക്രമക്കേട്, ഇന്ദിരാ ആവാസ് യോജന പ്രകാരം വിവിധ ആനുകൂല്യങ്ങള്‍ അനുവദിച്ചതിലെ ക്രമക്കേടുകള്‍ തുടങ്ങി നിരവധി അഴിമതികള്‍ രാജേന്ദ്ര സിങ് വെളിച്ചത്തുകൊണ്ടുവന്നിരുന്നു.

തനിക്ക് വധ ഭീഷണി ഉണ്ടെന്നും സുരക്ഷ ഒരുക്കണമെന്നും ആവശ്യപ്പെട്ട് നിരവധി തവണ അധികാരികളെ രാജേന്ദ്ര സിങ് സമീപിച്ചിരുന്നു. ബൈക്കില്‍ പോവുകയായിരുന്ന അദ്ദേഹത്തിനുനേരെ പിപരാകോത്തിക്ക് സമീപത്തെ മത്ത്വാന്‍വാരി ചൗക്കില്‍ വച്ച് അജ്ഞാതര്‍ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ രാജേന്ദ്ര സിങ്ങ് സംഭവ സ്ഥലത്തു തന്നെ മരിച്ചു. 

രാജേന്ദ്ര സിങ് പുറത്തുകൊണ്ടുവന്ന അഴിമതിക്കേസുകളില്‍ പലതിലും വിചാരണ ആരംഭിക്കാനിരിക്കേയാണ് കൊലപാതകമെന്നതും ശ്രദ്ധേയമാണ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

അതേസമയം, സംസ്ഥാനത്തെ നിയമ വാഴ്ചയിലെ തകര്‍ച്ചയാണ് കൊലപാതകം വ്യക്തമാക്കുന്നതെന്ന് ബീഹാറിലെ പ്രതിപക്ഷ കക്ഷിയായ ആര്‍ജെഡി ആരോപിച്ചു. സംഭവത്തില്‍ ഉന്നതതല ആന്വേഷണം നടത്തണമെന്നും ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് ആവശ്യപ്പെട്ടു.

Trending News