രൂപ കൂപ്പുകുത്തുന്നു; നിര്‍ണ്ണായക യോഗം വിളിച്ച് പ്രധാനമന്ത്രി

രൂപയുടെ മൂല്യത്തിലെ സര്‍വ്വകാല ഇടിവ് കേന്ദ്ര സര്‍ക്കാരിനെ ആശങ്കപ്പെടുത്തുന്നതായി സൂചന. ധനകാര്യ വകുപ്പ് ഉദ്യോഗസ്ഥരുമായുള്ള നിര്‍ണ്ണായക യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.  

Updated: Sep 14, 2018, 05:30 PM IST
രൂപ കൂപ്പുകുത്തുന്നു; നിര്‍ണ്ണായക യോഗം വിളിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രൂപയുടെ മൂല്യത്തിലെ സര്‍വ്വകാല ഇടിവ് കേന്ദ്ര സര്‍ക്കാരിനെ ആശങ്കപ്പെടുത്തുന്നതായി സൂചന. ധനകാര്യ വകുപ്പ് ഉദ്യോഗസ്ഥരുമായുള്ള നിര്‍ണ്ണായക യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.  

രൂപയുടെ മൂല്യ൦ സര്‍വ്വകാല ഇടിവ് നേരിടുന്ന വേളയിലാണ് പ്രധാനമന്ത്രി യോഗം വിളിച്ചിരിക്കുന്നത്. വെള്ളിയാഴ്ച വൈകുന്നേരമാണ് യോഗം നടക്കുക. രൂപയുടെ വിലയിടിവും മറ്റ് ധനകാര്യ വിഷയങ്ങളും ചര്‍ച്ചയായേക്കുമെന്നാണ് സൂചന.

എന്നാല്‍, വികസന ചെലവുകൾ വെട്ടിക്കുറയ്ക്കാതെ, ഉപഭോക്താക്കള്‍ക്ക് നികുതിയിളവുകള്‍ നല്‍കാന്‍ സാധിക്കില്ല എന്ന് ധനകാര്യ മന്ത്രാലയം ഇതിനോടകം അറിയിച്ചു കഴിഞ്ഞു. കൂടാതെ, ഈ അവസ്ഥ അടുത്ത തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് തിരിച്ചടിയാവുമെന്ന സൂചനയാണ് അടിയന്തിര യോഗം വിളിച്ചുചേര്‍ക്കാന്‍ പ്രധാനമന്ത്രിയെ പ്രേരിപ്പിച്ചതെന്നും പറയപ്പെടുന്നു. 

അതേസമയം, ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ സര്‍വ്വകാല ഇടിവാണ് ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. ചരിത്രത്തില്‍ ആദ്യമായി ഇന്ന് അമേരിക്കന്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപ 72.91ലെത്തി. 

ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാരയുദ്ധം മൂര്‍ച്ഛിച്ചതുമൂലം ചൈനയുടെ യുവാന്‍ ഉള്‍പ്പടെയുള്ള ഏഷ്യന്‍ കറന്‍സികളുടെ മൂല്യത്തിലും ഇടിവുണ്ടായിട്ടുണ്ട്. രൂപയുടെ മൂല്യം കുറയുന്നത് രാജ്യത്തെ ഐടി, ഫാര്‍മ കമ്പനികള്‍ക്ക് ഗുണകരമാണ്. എന്നാല്‍ രൂപയുടെ മൂല്യമിടിയുന്നത് വിദേശ വായ്പയെടുത്തിട്ടുള്ള കമ്പനികള്‍ക്ക് ദോഷം ചെയ്യും. കൂടാതെ ഇറക്കുമതിചെലവ് കൂടുകയും ചെയ്യും.

അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില വര്‍ധിച്ചതോടെ ഡോളറിന്‍റെ ആവശ്യം കൂടിയതാണ് രൂപയ്ക്ക് തിരിച്ചടിയായത്. രൂപയുടെ മൂല്യം കൂടുതല്‍ ഇടിയാനാണ് സാധ്യതയെന്ന് ധനകാര്യ വിദഗ്ധര്‍ വിലയിരുത്തുന്നു.  

 

 

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close