മുത്തലാഖിന് ആറു മാസത്തേക്ക് സ്റ്റേ; നിയമനിർമാണം നടത്താൻ കേന്ദ്രത്തോട് കോടതി

ആറു മാസത്തേക്ക് മുത്തലാഖിന് സ്റ്റേ നൽകി സുപ്രീം കോടതി. ഈ കാലയളവിനുള്ളിൽ കേന്ദ്ര സർക്കാർ നിയമനിർമാണം നടത്തണമെന്ന് കോടതി നിർദേശിച്ചു. അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഇത് സംബന്ധിച്ച വിധി പ്രഖ്യാപിച്ചത്. 

Last Updated : Aug 22, 2017, 11:22 AM IST
മുത്തലാഖിന് ആറു മാസത്തേക്ക് സ്റ്റേ; നിയമനിർമാണം നടത്താൻ കേന്ദ്രത്തോട് കോടതി

ന്യൂ ഡൽഹി: ആറു മാസത്തേക്ക് മുത്തലാഖിന് സ്റ്റേ നൽകി സുപ്രീം കോടതി. ഈ കാലയളവിനുള്ളിൽ കേന്ദ്ര സർക്കാർ നിയമനിർമാണം നടത്തണമെന്ന് കോടതി നിർദേശിച്ചു. മുത്തലാഖ് ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നും സുപ്രീം കോടതി വിധിയിൽ പറയുന്നു. 

അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഇത് സംബന്ധിച്ച വിധി പ്രഖ്യാപിച്ചത്. ചീഫ് ജസ്റ്റിസ് അടക്കമുള്ള മൂന്ന് ജഡ്ജിമാർ മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് അഭിപ്രായപ്പെട്ടു. എന്നാൽ  ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് കേന്ദ്രമാണെന്നായിരുന്നു മറ്റു രണ്ടു ജഡ്ജിമാരുടെ അഭിപ്രായം. 

മുത്തലാഖ് സ്ത്രീകളുടെ അവകാശം ലംഘിക്കുന്നതാണെന്ന വിഷയത്തിൽ ബെഞ്ച് ഒരേ അഭിപ്രായം രേഖപ്പെടുത്തി. സമാനമായ മറ്റു തലാഖ് നിയമങ്ങളും പരിശോധിക്കേണ്ടതുണ്ടെന്ന് കോടതി നിരീക്ഷിച്ചു. 

മുത്തലാഖിനെക്കുറിച്ചു സ്ത്രീയുടെ അഭിപ്രായം കൂടി വിവാഹ ഉടമ്പടിയിൽ ഉൾപ്പെടുത്താമെന്ന് അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോർഡ് സുപ്രീംകോടതിയെ അറിയിച്ചിരുന്നു. 

ഒഴിച്ചുകൂടാനാകാത്ത സാഹചര്യത്തിൽ മാത്രമേ മുത്തലാഖ് ചൊല്ലി വിവാഹമോചനം നടത്താവൂ എന്ന്‍ വിവാഹ ഉടമ്പടി സമയത്ത് പുരുഷൻമാരെ ഉപദേശിക്കാൻ പണ്ഡിതർക്ക് കർശന നിർദേശം നൽകുമെന്നും ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്.

ഭരണഘടനയുടെ പതിമൂന്നാം അനുച്ഛേദത്തിൽ വരുന്നതാണോ വ്യക്തി നിയമങ്ങൾ, മുത്തലാഖ്, നിക്കാഹ് ഹലാല എന്നിവയ്ക്കു ഭരണഘടനയുടെ അനുച്ഛേദം 25 (1) പ്രകാരം സാധുതയുണ്ടോ, അനുച്ഛേദം 25 (1) അനുച്ഛേദം 14, 21 എന്നിവയുടെ അനുബന്ധമായി കണക്കാക്കാവുന്നതാണോ, രാജ്യാന്തര കരാറുകൾ, നിബന്ധനകൾ, കീഴ്‌വഴക്കങ്ങൾ എന്നിവയുമായി ഒത്തുപോകുന്നതാണോ മുത്തലാഖ് സമ്പ്രദായം, ഇവയാണ് മുത്തലാഖുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ മുൻപാകെ തീർപ്പിനെത്തിയ പ്രധാന വിഷയങ്ങൾ.

Trending News