close
This ad will auto close in 10 seconds

ഹിന്ദു വിവാഹ മോചനം: ആറു മാസത്തെ ‘പുനര്‍വിചിന്തന സമയം’ നിര്‍ബന്ധമല്ലെന്ന് സുപ്രീം കോടതി

ഹിന്ദു വിവാഹ മോചനത്തില്‍ സുപ്രധാന വിധിയുമായി സുപ്രീം കോടതി. ഹിന്ദു വിവാഹ നിയമപ്രകാരം വിവാഹ മോചനത്തിനായി ദമ്പതികള്‍ ആറുമാസം കാത്തിരിക്കണം. ഇത് നിര്‍ബന്ധമല്ലെന്നും അതിനാല്‍ ഉപേക്ഷിക്കുകയാണെന്നും കോടതി വ്യക്തമാക്കി. 

Updated: Sep 13, 2017, 12:50 PM IST
ഹിന്ദു വിവാഹ മോചനം: ആറു മാസത്തെ ‘പുനര്‍വിചിന്തന സമയം’ നിര്‍ബന്ധമല്ലെന്ന്    സുപ്രീം കോടതി

ന്യൂഡല്‍ഹി: ഹിന്ദു വിവാഹ മോചനത്തില്‍ സുപ്രധാന വിധിയുമായി സുപ്രീം കോടതി. ഹിന്ദു വിവാഹ നിയമപ്രകാരം വിവാഹ മോചനത്തിനായി ദമ്പതികള്‍ ആറുമാസം കാത്തിരിക്കണം. ഇത് നിര്‍ബന്ധമല്ലെന്നും അതിനാല്‍ ഉപേക്ഷിക്കുകയാണെന്നും കോടതി വ്യക്തമാക്കി. 

വിവാഹ മോചനത്തിന്‍റെ സാഹചര്യം വിലയിരുത്തി കാത്തിരിപ്പ് സമയം എത്ര വേണമെന്ന് കോടതിക്ക് തീരുമാനിക്കാം. എന്നാല്‍ ആറ് മാസം തന്നെ വേണമെന്ന നിബന്ധന ഒഴിവാക്കുകയാണ്. അഥവാ ദമ്പതികള്‍ തയാറാണെങ്കില്‍ എത്രയുംവേഗം വിവാഹമോചന നടപടികള്‍ ചെയ്തു തീര്‍ക്കണം. സാധ്യമായ മാര്‍ഗങ്ങളെല്ലാം ചെയ്തിട്ടും വേര്‍പിരിയാനാണു ദമ്പതികളുടെ തീരുമാനമെങ്കില്‍ അതിനെ അംഗീകരിക്കണം. ഉഭയ സമ്മതപ്രകാരമാണ് വിവാഹമോചനമെങ്കില്‍ നടപടി വേഗത്തിലാക്കുന്നത് ദമ്പതികള്‍ക്ക് ആശ്വാസം നല്‍കുമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

എട്ടു വര്‍ഷമായി പിരിഞ്ഞു കഴിയുകയാണെന്നും പുനര്‍ വിചിന്തനസമയം ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ദല്‍ഹി സ്വദേശികളായ ദമ്പതികള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ ഈ നിരീക്ഷണം.

എന്നാല്‍ ആറ് മാസത്തെ ‘പുനര്‍വിചിന്തന സമയം’ നിര്‍ബന്ധമല്ലെന്ന്  കണ്ടെത്തിയ സുപ്രീം കോടതി, കേസിന്‍റെ സാഹചര്യം നോക്കി എത്ര കാലം‘പുനര്‍വിചിന്തന സമയം’ കൊടുക്കണമെന്ന് കോടതിക്ക് തീരുമാനിക്കാമെന്നും പറഞ്ഞു. കുട്ടികളുടെ സംരക്ഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനത്തിലെത്തിയ ശേഷമായിരിക്കണം പുനര്‍വിചിന്തന സമയം അനുവദിക്കണോ വേണ്ടയോ എന്നു തീരുമാനിക്കാന്‍.

‘വകുപ്പ് 13 ബി(2) ല്‍ പറഞ്ഞപ്രകാരം 6 മാസത്തെ കാലയളവ് നിര്‍ബന്ധമല്ല. ഓരോ കേസിന്‍റെയും വസ്തുതകളും സാഹചര്യവും പരിശോധിച്ച് കോടതിയുടെ വിവേചനാധികാരമുപയോഗിച്ച് ഇത് തീരുമാനിക്കാം.’ജസ്റ്റിസ് എ.കെ ഗോയല്‍, യു.യു ലളിത് എന്നിവരുടേതാണ് ഉത്തരവ്.

1955 ലെ ഹിന്ദു വിവാഹ നിയമപ്രകാരം ഈ ആറുമാസത്തെ കാലാവധിക്കുള്ളില്‍ ദമ്പതികള്‍ തമ്മില്‍ യോജിപ്പിലെത്തിയില്ലെന്ന് ഉറപ്പാക്കിയതിന് ശേഷം മാത്രമേ വിവാഹമോചനം സാധ്യമായിരുന്നുള്ളൂ.